Connect with us

articles

മാനവികം ഈ വിധി

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഡിസംബര്‍ 20ലെ വിധി റദ്ദ് ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ ഒരു വിധി പലവിധത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഒപ്പം നീതിയുടെ നേരിയ പ്രതീക്ഷ നല്‍കുന്നതുമാണ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും എ എസ് ഓകയും അടങ്ങുന്ന ബഞ്ചാണ് ഈ വിധി പറഞ്ഞത്.

Published

|

Last Updated

മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തന്റെ കുടിയിറക്കല്‍ എന്ന ഒരു കവിത ആരംഭിക്കുന്നത് തന്നെ “പ്രിയതരമാം ഞങ്ങള്‍ക്കാ പുരയിടം സ്വര്‍ഗവും പകരം കൊടുക്കാം അതിനു വേണ്ടി’ എന്നാണ്. അതിനര്‍ഥം ഈ ലോകത്തെ പുരയിടം നമുക്ക് പ്രധാനമാണ് എന്നാണ്. ഈ നിലക്ക് നോക്കിയാല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഡിസംബര്‍ 20ലെ വിധി റദ്ദ് ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ ഒരു വിധി പലവിധത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഒപ്പം നീതിയുടെ നേരിയ പ്രതീക്ഷ നല്‍കുന്നതുമാണ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും എ എസ് ഓകയും അടങ്ങുന്ന ബഞ്ചാണ് ഈ വിധി പറഞ്ഞത്. ഹല്‍ദ്വാനി ജില്ലയിലെ റെയില്‍വേ ഭൂമിയില്‍ അനേക പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന അയ്യായിരത്തോളം കുടുംബങ്ങളെ അര്‍ധ സൈനികവ്യൂഹങ്ങളെ ഉപയോഗിച്ച് കുടിയിറക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സംഗതി ശരിയാണ്, അവര്‍ ഇക്കാലമത്രയും ജീവിച്ചത് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്. അതുകൊണ്ട് തന്നെ ആ ഭൂമിയില്‍ എക്കാലത്തും അവര്‍ക്ക് ജീവിക്കാന്‍ കഴിയുകയുമില്ല.

പക്ഷേ, കോടതി തന്നെ പറയുന്നു, എല്ലാറ്റിനും നിയമക്കണ്ണിനൊപ്പം മാനവികതയുടെ ഒരു കണ്ണും ഉണ്ടല്ലോ എന്ന്. കൊവിഡ് മഹാമാരി രാജ്യമാകെ സ്തംഭിപ്പിച്ച കാലത്തായിരുന്നു പൊതുസ്ഥല സംരക്ഷണ നിയമം അനുസരിച്ച് എതിര്‍പക്ഷത്തെ ഒന്ന് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ, എക്‌സ് പാര്‍ട്ടിയായി, ഹൈക്കോടതി ഇത്തരത്തില്‍ ഒരു വിധി കൊടുത്തത്. റെയില്‍വേയുടെ വികസനാവശ്യങ്ങള്‍ എന്നതിനൊപ്പം തന്നെ അഭിമാനത്തോടെ ജീവിക്കാനുള്ള കുടുംബങ്ങളുടെ അവകാശവും പ്രധാനമാകുന്നു. ആ മനുഷ്യര്‍ക്ക് പ്രസ്തുത ഭൂമിയിലുള്ള അവകാശങ്ങള്‍ സംബന്ധിച്ച പരിശോധന അനിവാര്യമാണ്. അവരില്‍ പലര്‍ക്കും ആ ഭൂമിയില്‍ ഒരവകാശവും ഇല്ല എന്ന് വന്നാല്‍ പോലും അവരെ ന്യായമായ രീതിയില്‍ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിക്കുന്നു. “ഒരൊറ്റ രാത്രി കൊണ്ട് ഇത്രയധികം കുടുംബങ്ങളെ അടിവേരറുത്ത് പുറത്തുവിടാന്‍ കഴിയില്ല. അവരെ പുനരധിവസിപ്പിക്കാന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യുക തന്നെ വേണം. ഇത്തരം കാര്യങ്ങളില്‍ അര്‍ധ സൈനിക വിഭാഗങ്ങളെ വിനിയോഗിക്കാനുള്ള തീരുമാനവും അംഗീകരിക്കാന്‍ കഴിയില്ല’- കോടതി വ്യക്തമാക്കി. കാത്ത്‌ഗോദം റെയില്‍വേ സ്റ്റേഷന്‍ വികസനം ഇനി സാധ്യമല്ലാത്ത വിധം പ്രതിസന്ധിയിലായിരുന്നു എന്നും കൂടുതല്‍ വണ്ടികള്‍ അവിടേക്കു വരാന്‍ വേണ്ടി തൊട്ടടുത്ത സ്ഥലമായ ഹല്‍ദ്വാനിയിലെ ഭൂമി അനിവാര്യമാണെന്നുമാണ് റെയില്‍വേക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചത്. ആ ഭൂമി റെയില്‍വേയുടേതാണ്. അവിടെ കൈയേറിയിരിക്കുന്നവര്‍ ചോദിക്കുന്നത് പുനരധിവാസമല്ല, മറിച്ച് ആ ഭൂമിയിലുള്ള അവകാശമാണ് എന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

അയ്യായിരത്തോളം കുടുംബങ്ങള്‍ക്കു വേണ്ടി കോളിന്‍ ഗോണ്‍സാല്‍വസ്, പ്രശാന്ത് ഭൂഷണ്‍, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ പ്രമുഖ അഭിഭാഷകരാണ് ഹാജരായത്. പൊതുസ്ഥലങ്ങള്‍ സംരക്ഷിക്കുന്ന നിയമം അനുസരിച്ചുള്ള നടപടികള്‍ ഇപ്പോഴും അവര്‍ക്കെതിരെ തുടരുന്നു എന്നും ഇവര്‍ കോടതിയെ അറിയിച്ചു. ഈ കടുത്ത തണുപ്പുകാലത്ത് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ആയിരക്കണക്കിന് മനുഷ്യര്‍ തെരുവിലേക്കിറക്കപ്പെടുന്നു. ഇവരെ ഒന്ന് കേള്‍ക്കാന്‍ പോലും ഹൈക്കോടതിയോ അധികൃതരോ തയ്യാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു. “നമ്മുടേത് ഒരു ക്ഷേമ രാഷ്ട്രമാണ്. പൗരന്മാരുടെ ക്ഷേമത്തിനും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ ഇവിടെ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത്? നിയമത്തിന്റെ ശരിയായ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ, മറുപക്ഷത്തെ ഒന്ന് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ, ജനങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുന്നു. ഭൂമിയുടെ അതിരുകള്‍ തോന്നിയത് പോലെ അടയാളപ്പെടുത്തുന്നു. നിയമ പ്രക്രിയക്ക് സര്‍ക്കാര്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. മൗലിക മാനവിക അവകാശങ്ങളുടെ നഗ്നമായ ലംഘനമാണിത്’ എന്നാണ് ജനങ്ങളുടെ പരാതിയില്‍ പറയുന്നത്. ഒരാഴ്ചക്കകം ഈ മനുഷ്യരെ കുടിയിറക്കണം എന്ന ആവശ്യമാണ് അധികൃതര്‍ ഉന്നയിച്ചത്. ഇത് വളരെ സങ്കീര്‍ണമായ ഒന്നാണ് എന്നും അത്ര വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയില്ലെന്നും ഇടക്കാല വിധിയില്‍ കോടതി പറഞ്ഞു. ഫെബ്രുവരി ഏഴിന് ഈ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ഒരാളെയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. പല വിധത്തില്‍ ഈ വിധി നിര്‍ണായകമാകുകയാണ്.

പൊതുവെ വികസനം എന്ന ഒരു വാക്ക് പറഞ്ഞാല്‍ പിന്നെ എത്ര മനുഷ്യരെ വേണമെങ്കിലും കുടിയിറക്കാം എന്നതാണ് മിക്ക ഭരണകൂടങ്ങളുടെയും ഭരണത്തില്‍ ഇരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെയും പൊതു നിലപാട്. കോടതികളും ഇതിനെ മിക്കപ്പോഴും അനുകൂലിക്കുന്നു. 2008ല്‍ വല്ലാര്‍പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ട കുടുംബങ്ങളില്‍ മഹാ ഭൂരിപക്ഷവും ഇന്നും സ്വന്തം വീട്ടില്‍ ജീവിതം ആരംഭിച്ചിട്ടില്ല. സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്ന മനുഷ്യരുടെ ദുരിതങ്ങള്‍ മനസ്സില്‍ കാണാന്‍ കോടതികള്‍ പോലും പലപ്പോഴും പരാജയപ്പെടുന്നു. ഇത് ഭൂമി ഏറ്റെടുക്കലിന്റെ പോലും വിഷയമല്ല. ഭൂമിയുടെ ഉടമസ്ഥാവകാശം ഇന്ത്യന്‍ റെയില്‍വേക്കു തന്നെയാണ്. എന്നിട്ടും അവിടെ ജീവിക്കുന്ന മനുഷ്യരെ കുടിയിറക്കുന്നതിനു മുമ്പ് അവരുടെ പുനരധിവാസം ഒരുക്കണം എന്നാണ് ഇതിലൂടെ കോടതി പറയുന്നത്.

ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സ് പോലുള്ള പ്രതിപക്ഷ കക്ഷികള്‍ സമരത്തിനൊപ്പമാണ്. എന്നാല്‍ ഒരു കക്ഷിയും ഭരണത്തില്‍ വരുമ്പോള്‍ ഇതാകില്ല സമീപനം. 2013ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നിയമത്തെ പോലും ജനപക്ഷത്ത് നിന്ന് കാണാന്‍ മിക്ക സംസ്ഥാന സര്‍ക്കാറുകളും തയ്യാറാകുന്നില്ല. നാളിതു വരെ സ്വന്തം ഭൂമിയില്‍ ജീവിച്ചിരുന്നവര്‍ ഒരു വികസനത്തിന്റെ പേരില്‍ ഇറക്കിവിടപ്പെടുമ്പോള്‍ പോലും അതൊന്നും ആവശ്യമില്ലെന്നും കുറച്ച് നല്ല വില കൊടുത്താല്‍ മതിയെന്നുമാണ് കേരളത്തിലെ ഭരണകൂടം പോലും പറയുന്നത്. പുനരധിവാസം എന്നാല്‍ കേവലം ഭൂമിക്കും മറ്റും നല്ല വില നല്‍കലല്ല എന്ന സത്യം ഇവര്‍ക്കൊന്നും അറിയാത്തതാണോ? അങ്ങനെയാകാന്‍ വഴിയില്ല. ദേശീയപാത അടക്കമുള്ള പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ ഒരിടത്തു പോലും പുനരധിവാസം എന്ന വാക്ക് വരാതിരിക്കാന്‍ ഇവരെല്ലാം ഏറെ ശ്രദ്ധിച്ചു. ധനം കൊണ്ടുള്ള നഷ്ടപരിഹാരം മാത്രം പോരാ എന്ന് ആ നിയമം വ്യക്തമായി പറയുന്നു. ഭൂമിക്കു പകരം ഭൂമി, കൃഷിഭൂമിക്കു പകരം കൃഷിയോഗ്യമായ ഭൂമി എന്നതൊക്കെ തത്വത്തില്‍ പറയാമെങ്കിലും പ്രയോഗത്തില്‍ നടക്കാറില്ല. വികസനത്തിന് നമ്മള്‍ പാശ്ചാത്യ രാജ്യങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അവിടെ ഒരിക്കലും ജനങ്ങളെ കുറച്ചു പണം നല്‍കി തെരുവില്‍ ഇറക്കിവിടാന്‍ നിയമം അനുവദിക്കുന്നില്ല. മറിച്ച് സമ്പൂര്‍ണ പുനരധിവാസം പൂര്‍ത്തിയായ ശേഷം മാത്രം വീട്ടില്‍ നിന്ന് ഇറങ്ങുക എന്നതാണ് രീതി. ഇവിടത്തെ അവസ്ഥ എന്താണ് എന്ന് വിഴിഞ്ഞം സമരത്തില്‍ നമ്മള്‍ കണ്ടതാണ്. ആ സമരം വരുന്നത് വരെ അഞ്ചും ആറും വര്‍ഷങ്ങളായി സിമന്റ് ഗോഡൗണില്‍ നരകിച്ചു ജീവിക്കുന്ന മനുഷ്യരെ കുറിച്ച് ഓര്‍ക്കാന്‍ പോലും ഭരണകര്‍ത്താക്കള്‍ക്ക് സമയം കിട്ടാറില്ല. ഇത് ശരിയല്ലെന്നാണ് കോടതി പറയുന്നത്.

Latest