Kerala
തിരുവനന്തപുരം മെഡി. കോളജില്‍ ചികിത്സാ ഉപകരണ ക്ഷാമം; വെളിപ്പെടുത്തലുമായി വകുപ്പ് മേധാവി
അന്വേഷണം തുടങ്ങി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ ഉപകരണങ്ങളില്ലെന്നും അവ വാങ്ങി നല്‍കാന്‍ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പ് വിവാദമായതോടെ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപറേഷന്‍ അടക്കം മാറ്റിവെക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തുന്നു.
പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവുമില്ല. എന്നും ഹാരിസ് പറയുന്നുണ്ട്. ഉപകരണങ്ങളുടെ ക്ഷാമം, അവ പരിഹരിക്കാന്‍ താത്പര്യമിലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍ എന്നിവയെല്ലാം കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. പലരോടും അപേക്ഷിച്ചിട്ടും നടക്കാത്തതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളോട് പറയുന്നതെന്നും ജോലി രാജിവെച്ചുപോകാനാണ് തോന്നുന്നതെന്നും ഡോ. ഹാരിസ് കുറിച്ചു.