From the print
തിരുപ്പരങ്കുൺട്രം: കൽത്തൂണിൽ ദീപം തെളിച്ചില്ല
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമനുസരിച്ച് ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് ഇന്നലെ ദീപം തെളിച്ചത്
മധുര | സംഘർഷ സാധ്യത നിലനിൽക്കെ, തിരുപ്പരങ്കുൺട്രം മലമുകളിലെ ദർഗക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിച്ചില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമനുസരിച്ച് ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് ഇന്നലെ ദീപം തെളിച്ചത്.
സുപ്രീം കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഉത്തരവുകൾ ഉണ്ടായിട്ടും കൽത്തൂണിൽ ദീപം തെളിക്കാത്തതിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകളും ബി ജെ പി പ്രവർത്തകരും രംഗത്തെത്തി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംഭവം തമിഴ്നാട്ടിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
സുപ്രീം കോടതിയുടെ ഈ മാസം 20ലെ ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇന്നലെ നിർദേശിച്ചിരുന്നു. ദർഗക്ക് സമീപമുള്ള കൽത്തൂണിൽ ഒറ്റത്തവണ ദീപം തെളിക്കാനായിരുന്നു സുപ്രീം കോടതിയുടെ അനുമതി. ഈ ഉത്തരവ് നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതിനിടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് മധുര ജില്ലയിൽ കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് രാവിലെ പത്ത് വരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി എൻ എസ് എസ്)യിലെ 163ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ. ജില്ലയിലുടനീളം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഘോഷയാത്രകൾ എന്നിവ നിരോധിച്ചിട്ടുണ്ട്. തിരുപ്പരങ്കുൺട്രം മല കയറുന്നതിനും പൊതുജനങ്ങൾക്ക് വിലക്കുണ്ട്. തിരുപ്പരങ്കുൺട്രത്തിലേക്ക് പോകുകയായിരുന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെയും അമ്പതോളം പ്രവർത്തകരെയും തിരുനെൽവേലിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻ അധ്യക്ഷ തമിഴിസൈ സൗന്ദരരാജനെ മധുര വിമാനത്താവളത്തിലും പോലീസ് തടഞ്ഞു. തിരുപ്പരങ്കുൺട്രത്തിൽ 5,600 പോലീസുകാരെ വിന്യസിച്ചിരുന്നു.
Content Highlights: Karthigai Deepam was not lit on the stone pillar near the dargah atop Thiruparankundram hill despite Supreme Court and Madras High Court directives, with the lamp lit instead at the customary site near Uchi Pillayar temple. Prohibitory orders under Section 163 of BNSS were imposed across Madurai and 5,600 police personnel deployed amid protests and clashes. Police detained BJP state president Nainar Nagendran in Tirunelveli and stopped former president Tamilisai Soundararajan at Madurai airport.






