Kozhikode
ജാമിഉല്‍ ഫുതൂഹിലെ ബുര്‍ദ മജ്‌ലിസ് മൂന്നാം വാര്‍ഷികം വെള്ളിയാഴ്ച
പ്രാര്‍ഥനക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കും.
കോഴിക്കോട് | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലെ ആത്മീയ ചൈതന്യവും പ്രവാചകാനുരാഗവും നിറഞ്ഞ ഖസീദതുല്‍ ബുര്‍ദ മജ്‌ലിസിന്റെ മൂന്നാം വാര്‍ഷിക സംഗമം വെള്ളിയാഴ്ച (ജനുവരി, 23) നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന വാര്‍ഷിക സംഗമത്തില്‍ ലോകപ്രശസ്ത പണ്ഡിതന്മാര്‍ അതിഥികളാകും.
രോഗശമനവും മാനസിക ശാന്തിയും ലക്ഷ്യംവെച്ച് എല്ലാ ഞായറാഴ്ചകളിലും ജാമിഉല്‍ ഫുതൂഹില്‍ നടന്നു വരാറുള്ള ബുര്‍ദ മജ്‌ലിസില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ പ്രവാചകാനുരാഗികളാണ് ആഴ്ചതോറും എത്താറുള്ളത്.
മജ്ലിസിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ ഒരുക്കിയിട്ടുള്ളത്. മനുഷ്യശരീരത്തെയും ആത്മാവിനെയും ഒരുപോലെ ശുദ്ധീകരിക്കുന്ന പ്രവാചകപ്രകീര്‍ത്തന കാവ്യമായ ഖസീദതുല്‍ ബുര്‍ദയുടെ ആത്മീയ പ്രഭാവം അനുഭവിക്കാനും വാര്‍ഷിക സദസ്സില്‍ പങ്കുചേരാനും മുഴുവന്‍ വിശ്വാസികളെയും ക്ഷണിക്കുന്നതായി ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ സദസ്സ് സമാപിക്കും. സംഗമത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം സജ്ജമാക്കിയതായും സംഘാടകര്‍ അറിയിച്ചു.



