Connect with us

articles

വെട്ടിയാല്‍ മുറിയില്ല ചരിത്രം; പക്ഷേ, രാജ്യത്തിന് മുറിവേല്‍ക്കും

ബാബരി മസ്ജിദ് വിഷയവും അയോധ്യാ വിഷയവും ഉള്‍പ്പെടുന്ന പാഠഭാഗം തിരുത്തി എന്‍ സി ഇ ആര്‍ ടി വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നു. 12ാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സിലെ "സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം' എന്ന പുസ്തകത്തിലാണ് എന്‍ സി ഇ ആര്‍ ടി മാറ്റം വരുത്തിയത്. ബാബരി മസ്ജിദ് എന്നത് ഒഴിവാക്കി മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടമെന്നാണ് വിശേഷിപ്പിച്ചത്.

Published

|

Last Updated

മുതലാളിത്ത – സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ അതാത് രാഷ്ട്രങ്ങളിലെ
‍സ്‌കൂള്‍-കോളജ് സിലബസില്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വെട്ടിത്തിരുത്തലുകള്‍ നടത്തുക പതിവാണ്. വംശീയവും വര്‍ഗീയവുമായ താത്പര്യങ്ങള്‍ സംരക്ഷിക്കലാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. എന്നാല്‍ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ നമ്മുടെ രാജ്യത്ത് ഭരണകൂടത്തിന്റെ താത്പര്യാനുസരണമുള്ള സിലബസ് മാറ്റം കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി വിദ്യാര്‍ഥികളുടെ സിലബസില്‍ മോദി ഭരണകൂടം നിരന്തരമായി വെട്ടിത്തിരുത്തുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. യാതൊരു നീതീകരണവുമില്ലാത്ത ഈ സിലബസ് പരിഷ്‌കരണങ്ങളുടെ പ്രേരകം മതാധിഷ്ഠിതമാണെന്ന കാര്യം വ്യക്തമാണ്. രാജ്യം തന്നെ മതേതരത്വത്തില്‍ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. ഭൂരിപക്ഷ മതത്തിന്റെ താത്പര്യ സംരക്ഷണാര്‍ഥമാണ് ന്യൂനപക്ഷ സമുദായങ്ങളെയും സംസ്‌കാരങ്ങളെയും ഇകഴ്ത്തിക്കാട്ടുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ഭരണകൂടം നിര്‍വഹിക്കുന്നത്.

സിലബസിലെ വെട്ടിമാറ്റലെല്ലാം ഫലത്തില്‍ ന്യൂനപക്ഷ ധ്വംസനമായി മാറുന്ന സ്ഥിതിയും ഈ രാജ്യത്തുണ്ട്. “എല്ലാ മതങ്ങളെയും സംരക്ഷിക്കുകയും മറ്റൊരു മതത്തിന്റെ ചെലവില്‍ ഏതെങ്കിലും ഒരു മതത്തെ അനുകൂലിക്കാത്തതും രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി ഒരു മതത്തെയും സ്വീകരിക്കാത്തതുമായ രാഷ്ട്രമാണ് മതേതര രാഷ്ട്രം’- ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണിത്.

വിദ്യാഭ്യാസ മേഖലയിലും സാംസ്‌കാരിക രംഗത്തും ഭരണകൂടം ഗൂഢതാത്പര്യങ്ങളോടെ ഇടപെടുന്നത് രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്നില്ലേ എന്ന് പലരും നേരത്തേ തന്നെ ചോദിച്ചു തുടങ്ങിയിട്ടുള്ളതാണ്. ജനാധിപത്യ രാഷ്ട്രത്തിലെ ബഹുഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ ഇവിടെ വിസ്മരിക്കപ്പെടുകയാണ്.
വീണ്ടും കടും വെട്ട്

പാഠപുസ്തകങ്ങളില്‍ നിന്ന് വീണ്ടും ചരിത്രങ്ങള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നു. ബാബരി മസ്ജിദ് വിഷയവും അയോധ്യാ വിഷയവും ഉള്‍പ്പെടുന്ന പാഠഭാഗം തിരുത്തി എന്‍ സി ഇ ആര്‍ ടി വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നു. 12ാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സിലെ “സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം’ എന്ന പുസ്തകത്തിലാണ് എന്‍ സി ഇ ആര്‍ ടി മാറ്റം വരുത്തിയത്. ബാബരി മസ്ജിദ് എന്നത് ഒഴിവാക്കി മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടമെന്നാണ് വിശേഷിപ്പിച്ചത്.

സംഘ്പരിവാറിനെ പ്രതിരോധത്തിലാക്കുന്ന മറ്റ് വിവരങ്ങളും ഒഴിവാക്കി. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ കാലത്ത് നിര്‍മിച്ചതാണ് ബാബരി മസ്ജിദെന്നാണ് പഴയ പുസ്തകത്തിലുള്ളത്. എന്നാല്‍ പുതിയ പുസ്തകത്തില്‍, രാമന്റെ ജന്മസ്ഥലത്ത് 1528ല്‍ നിര്‍മിക്കപ്പെട്ട മൂന്ന് താഴികക്കുടങ്ങളുള്ള ഒരു കെട്ടിടം ഉണ്ടായിരുന്നുവെന്നാക്കി. കെട്ടിടത്തില്‍ ഹിന്ദു ആരാധനയുടെ ഭാഗമായുള്ള ദൈവങ്ങളുടെ പ്രതിമകളുണ്ടെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എല്‍കെ അഡ്വാനിയുടെ നേതൃത്വത്തില്‍ ബി ജെ പി സംഘടിപ്പിച്ച രഥയാത്രയെയും അതിന്റെ ഭാഗമായുണ്ടായ വര്‍ഗീയ കലാപങ്ങളെയും കുറിച്ച് പറയുന്ന ഭാഗങ്ങള്‍ പുസ്തകത്തില്‍ നിന്നൊഴിവാക്കി. ബാബരി മസ്ജിദ് പൊളിച്ചതാണെന്നുള്ള സൂചനയും പൂര്‍ണമായും വെട്ടിമാറ്റി. നാല് പേജുകളിലായി ഉണ്ടായിരുന്ന വിഷയം രണ്ട് പേജുകളിലൊതുക്കി.

“ബാബരി മസ്ജിദ് തകര്‍ത്തു, കല്യാണ്‍സിംഗ് സര്‍ക്കാറിനെ പിരിച്ചുവിട്ടു’ എന്ന തലക്കെട്ടോടെ 1992 ഡിസംബര്‍ ഏഴ് മുതലുള്ള പത്രലേഖനങ്ങളുടെ ചിത്രങ്ങള്‍ പഴയ പാഠപുസ്തകത്തിലുണ്ടായിരുന്നു. പുതിയ പുസ്തകത്തില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടില്ല. ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന എ ബി വാജ്പയിയുടെ പരാമര്‍ശമടക്കം പത്രവാര്‍ത്തകള്‍ പാഠപുസ്തകത്തില്‍ ഇടംപിടിച്ചിരുന്നു. ഇത് പൂര്‍ണമായും പുതിയ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളില്‍, യു പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെതിരെ 1994ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.

ഒരു ദിവസത്തേക്ക് തടവുശിക്ഷ വിധിച്ചുള്ള ഈ സംഭവം പഴയ പാഠപുസ്തകത്തില്‍ പഠിക്കാനുണ്ടായിരുന്നു. ഇതിന് പകരം 2019ലെ വിവാദമായ സുപ്രീം കോടതി വിധിയാണ് പുതിയ പാഠപുസ്തകത്തിലുള്ളത്. ടൈംലൈനില്‍ ബാബരി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ ആറിന് പകരം അയോധ്യാ കേസില്‍ സുപ്രീം കോടതി വിധി വന്ന 2019 നവംബര്‍ ഒമ്പതാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം നടന്ന വ്യാപകമായ വര്‍ഗീയ കലാപങ്ങള്‍, ബി ജെ പി ഭരിച്ച ചില സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യാ സംഭവത്തില്‍ ബി ജെ പിയുടെ ഖേദപ്രകടനം എന്നിവയെല്ലാം പുതിയ പാഠപുസ്തകത്തില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയിരിക്കുന്നു. ദേശീയ പാഠ്യപദ്ധതി കാവിവത്കരിക്കുന്നുവെന്ന വിമര്‍ശങ്ങളെ നിഷേധിച്ച് നാഷനല്‍ കരിക്കുലം ഫോര്‍ എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ൈട്രനിംഗ് (എന്‍ സി ഇ ആര്‍ ടി) ഡയറക്ടര്‍ ദിനേശ് പ്രസാദ് രംഗത്ത് വന്നിട്ടുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ന് ശേഷം അഞ്ച് തവണയാണ് എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിട്ടുള്ളത്. ഓരോ തവണയും ആര്‍ എസ് എസിനും ബി ജെ പിക്കും ഹിതകരമല്ലാത്ത ഭാഗങ്ങള്‍ നീക്കുകയും കാവിവത്കരണത്തിന് ആവശ്യമായവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. 12ാം ക്ലാസ്സിലെ രാഷ്ട്രമീമാംസ പുസ്തകത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഉള്‍പ്പെടുത്തി. മണിപ്പൂരിനെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ നീക്കി.
പാഠപുസ്തകത്തില്‍ “ഇടതുപക്ഷം’ എന്നതിനുള്ള നിര്‍വചനം ഏകപക്ഷീയമായി എന്‍ സി ഇ ആര്‍ ടി നേരത്തേ തന്നെ മാറ്റിയിരുന്നു. ഇടതുപക്ഷമെന്നാല്‍ പാവപ്പെട്ടവരുടെയും അവശ ജനവിഭാഗങ്ങളുടെയും പക്ഷം പിടിക്കുകയും ഈ വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ നയങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവരാണ് എന്നായിരുന്നു 12ാം ക്ലാസ്സ് രാഷ്ട്രമീമാംസ പാഠപുസ്തകത്തിലെ മൂന്നാം അധ്യായത്തിലെ നിര്‍വചനം. അതിനെ, “സമ്പദ് ഘടനയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് വാദിക്കുന്നവരാണ് ഇടതുപക്ഷം’ എന്നാക്കി മാറ്റി.

രാജ്യത്തിന്റെ സംസ്‌കാരവും യഥാര്‍ഥ ചരിത്രവുമെല്ലാം പുതുതലമുറയില്‍ നിന്ന് ബോധപൂര്‍വം മറച്ചുവെക്കേണ്ടത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ആവശ്യമാണ്. രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രവും രാഷ്ട്രീയ വസ്തുതകളുമെല്ലാം ഇവിടുത്തെ ഭരണകൂടം യുവതലമുറയില്‍ നിന്ന് മറച്ചുപിടിക്കുകയാണ്. രാജ്യത്തിന്റെ സത്യസന്ധമായ ചരിത്രം പുതുതലമുറ ഒരിക്കലും മനസ്സിലാക്കരുതെന്നാണ് മോദി സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ധൃതിപിടിച്ച് എന്‍ സി ഇ ആര്‍ ടിയെ ഉപയോഗിച്ച് പാഠപുസ്തക പരിഷ്‌കരണങ്ങള്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നതും.

പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയ തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഭരണകൂടം തയ്യാറല്ലെന്ന് വിളിച്ചറിയിക്കുന്നതാണ് പുതിയ സിലബസ് പരിഷ്‌കരണം. തങ്ങളുടെ തീവ്രഹിന്ദുത്വ നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ അവര്‍ താത്പര്യപ്പെടുന്നില്ല. സംഘ്പരിവാര്‍ അജന്‍ഡ രാജ്യത്തെ വിദ്യാര്‍ഥികളുടെ മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള, ഒരു നീതീകരണവുമില്ലാത്ത ഈ തീരുമാനത്തെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള കരുത്ത് പക്ഷേ ഇന്ന് ഇന്ത്യന്‍ ജനതക്കുണ്ട്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428