Connect with us

National

'ഇന്ത്യ'യില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല; കോണ്‍ഗ്രസിന്റെ ശ്രദ്ധ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊതുങ്ങി: നിതീഷ് കുമാര്‍

കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം പോരാടുക എന്നതായിരുന്നു സഖ്യതീരുമാനം.

Published

|

Last Updated

പാറ്റ്‌ന  | കോണ്‍ഗ്രസിനെതിരെ വിമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ‘ഇന്ത്യ’ സഖ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ശ്രദ്ധ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒതുങ്ങിപ്പോയെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടന്നു എന്നതലിപ്പുറം ‘ഇന്ത്യ’ സഖ്യവുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഏറ്റവും അവസാനമായി സഖ്യം യോഗം ചേര്‍ന്നത് ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ അന്ന് ഭോപ്പാലില്‍ ഒരു പ്രതിപക്ഷ റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് കമല്‍നാഥ് അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് റാലി ഒഴിവാക്കുകയായിരുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം പോരാടുക എന്നതായിരുന്നു സഖ്യതീരുമാനം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ശ്രദ്ധ അതിലേക്ക് മാത്രമായിപ്പോയി. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തന്നെ സഖ്യത്തിന് മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു.