Connect with us

Articles

യോഗി കേരളത്തിലേക്ക് ചൂണ്ടുന്നതിന് കാരണങ്ങളുണ്ട്

ജാതി സമവാക്യങ്ങള്‍ കൃത്യമായി പ്രയോഗിച്ചുവേണം ഉത്തര്‍ പ്രദേശില്‍ ഓരോ തിരഞ്ഞെടുപ്പിനെയും നേരിടാന്‍. ഇതിനെ മറികടക്കാന്‍ ബി ജെ പി പ്രയോഗിക്കുന്ന തന്ത്രമാണ് വര്‍ഗീയത. 80:20 പോരാട്ടം യോഗി അതിനുവേണ്ടി പ്രായോഗിച്ചതായിരുന്നു. എന്നാല്‍, ജാട്ട് കര്‍ഷക വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള പശ്ചിമ ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഗീയ രാഷ്ട്രീയം ഇക്കുറി അത്ര വിലപ്പോയിട്ടില്ല. അതുകൊണ്ടാണ് ഈ മേഖലയിലെ വോട്ടെടുപ്പിന് തൊട്ടു മുമ്പ് കേരളം, കശ്മീര്‍, ബംഗാള്‍ എന്നിവ പോലെയാകാതിരിക്കണമെങ്കില്‍ നിങ്ങള്‍ ബി ജെ പിക്ക് വോട്ടു ചെയ്യണമെന്ന അറ്റകൈ പ്രയോഗം യോഗി നടത്തിയിരിക്കുന്നത്.

Published

|

Last Updated

ഗംഗയുടെ കൈവഴികളെ പോലെയാണ് ഉത്തര്‍ പ്രദേശിലെ ജാതി വേര്‍തിരിവുകള്‍. ആയിരം ജാതികളും ഉപജാതികളുമുണ്ട്. ജാതി സമവാക്യങ്ങള്‍ കൃത്യമായി പ്രയോഗിച്ചുവേണം ഉത്തര്‍ പ്രദേശില്‍ ഓരോ തിരഞ്ഞെടുപ്പിനെയും നേരിടാന്‍. ഇതിനെ മറികടക്കാന്‍ ബി ജെ പി പ്രയോഗിക്കുന്ന തന്ത്രമാണ് വര്‍ഗീയത. 80:20 പോരാട്ടം യോഗി അതിനുവേണ്ടി പ്രായോഗിച്ചതായിരുന്നു. എന്നാല്‍, ജാട്ട് കര്‍ഷക വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള പശ്ചിമ ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഗീയ രാഷ്ട്രീയം ഇക്കുറി അത്ര വിലപ്പോയിട്ടില്ല. അതുകൊണ്ടാണ് ഈ മേഖലയിലെ വോട്ടെടുപ്പിന് തൊട്ടു മുമ്പ് കേരളം, കശ്മീര്‍, ബംഗാള്‍ എന്നിവ പോലെയാകാതിരിക്കണമെങ്കില്‍ നിങ്ങള്‍ ബി ജെ പിക്ക് വോട്ടു ചെയ്യണമെന്ന അറ്റകൈ പ്രയോഗം യോഗി നടത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ കേരളവും കശ്മീരും ഉള്‍പ്പെട്ടതിനാല്‍ വികസനമോ അടിസ്ഥാന സൗകര്യങ്ങളോ അല്ല യോഗി മുന്നോട്ടു വെക്കുന്ന പ്രശ്നമെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. ഏത് നിലവാര സൂചിക എടുത്തുവെച്ചാലും കേരളം ഉത്തര്‍ പ്രദേശ് സംസ്ഥാനത്തിന്റെ എത്രയോ മടങ്ങ് മുകളിലായിരിക്കും. ഒരു തവണയെങ്കിലും ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് കൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ ഇത് കൂടുതല്‍ ബോധ്യമാകും. അതുകൊണ്ട്, കേരളത്തിന്റെ കണക്കുകള്‍ വെച്ച് ഉത്തര്‍ പ്രദേശിനോട് സംവദിക്കുന്നത് വലിയ അശ്ലീലമാണെന്ന് വിശ്വസിക്കുന്നു.

പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയിച്ച് കയറുക ബി ജെ പിയെ സംബന്ധിച്ച് അനിവാര്യതയാണ്. യു പിയില്‍ ബി ജെ പി പരാജയപ്പെട്ടാല്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസം നല്‍കും. അത് ഇല്ലാതാക്കാന്‍ ബി ജെ പിക്ക് യു പി പിടിച്ചേ മതിയാകൂ. നേരിയ മാര്‍ജിനില്‍ നിങ്ങള്‍ തന്നെ അധികാരത്തിലെത്തുമെന്ന് പ്രീപോള്‍ സര്‍വേകള്‍ പലതും ബി ജെ പിയോട് പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ യോഗിക്കോ അമിത് ഷാക്കോ ആയിട്ടില്ലെന്നാണ് ഇവര്‍ രണ്ട് പേരുടെയും പ്രസ്താവനകളില്‍ നിന്ന് മനസ്സിലാകുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട രീതിയിലാണ് പ്രതികരിക്കുന്നത്. അധികാരം ലഭിച്ചാല്‍ ജയന്ത് ചൗധരിയുടെ ആര്‍ എല്‍ ഡിയെ അഖിലേഷ് പുറത്താക്കുമെന്ന് അമിത് ഷാക്ക് പറയേണ്ടി വന്നത് ഈ ഭയത്തില്‍ നിന്നാണ്. ജാട്ട് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണ് ആര്‍ എല്‍ ഡി. യോഗിയുടെ പ്രസ്താവനയും ഇതിന്റെ തുടര്‍ച്ചയാണ്. യോഗിയും സമാനമായ പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ നിന്നാണ് കേരളത്തെ ചൂണ്ടിയുള്ള പുതിയ പ്രസ്താവന വന്നത്.
ജാതി വോട്ടുകളിലെ അപ്രതീക്ഷിത മലക്കം മറിച്ചിലുകളാണ് ബി ജെ പിയെ അസ്വസ്ഥപ്പെടുത്തുന്നത്. കടുത്ത വര്‍ഗീയത പുറത്തെടുത്തും ഓരോ ജാതികളിലെയും പ്രധാന നേതാക്കളെ കളം മാറ്റിയുമാണ് 2017ല്‍ ബി ജെ പി എല്ലാ ജാതികളെയും ഒറ്റക്കോളത്തിലാക്കിയിരുന്നത്. ഇപ്പോള്‍ ജാതി രാഷ്ട്രീയം ഏറ്റവും നന്നായി പ്രയോഗിക്കുന്നത് അഖിലേഷ് യാദവാണ്. മുസ്‌ലിം, യാദവ് വോട്ടുകള്‍ ഉറപ്പാക്കിയതിന് പിന്നാലെ യാദവേതര പിന്നാക്ക, ദളിത് വോട്ടുകള്‍ കൂടി നേടിയെടുക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് അഖിലേഷ് യാദവ് പ്രയോഗിച്ചത്. ഇതിന്റെ ഭാഗമാണ് സ്വമി പ്രസാദ് മൗര്യ, ധാരാ സിംഗ് ചൗഹന്‍, ധരം സിംഗ് സൈനി എന്നീ മന്ത്രിമാരെയും നിരവധി എം എല്‍ എമാരെയും കളം മാറ്റാന്‍ അഖിലേഷ് യാദവിനായത്. യാദവേതര ഒ ബി സി, ജാദവേതര ദളിത്‌ വോട്ടുകളാണ് ബി ജെ പിക്ക് ഇതുവരെ വലിയ തുണയായിരുന്നത്. യാദവേതര ഒ ബി സി വോട്ടുകള്‍ എസ് പിയില്‍ നിന്നും ജാദവേതര ദളിത് വോട്ടുകള്‍ ബി എസ് പിയില്‍ നിന്നുമാണ് ബി ജെ പി അടിച്ചുമാറ്റിയിരുന്നത്. ഉത്തര്‍ പ്രദേശില്‍ ഏകദേശം 35 മുതല്‍ 37 ശതമാനം വേരെ വോട്ടുകള്‍ ഒ ബി സി വിഭാഗങ്ങളുടേതാണ്. ഇതില്‍ 12 ശതമാനത്തോളം വോട്ടുകള്‍ യാദവ് വിഭാഗക്കാരുടേതാണ്. 2014 മുതല്‍ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 25 ശതമാനം വോട്ടുകളിലാണ് ബി ജെ പി ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഗുര്‍മി, മൗര്യ, കായസ്ത്, വിശ്വകര്‍മ, ഗുപ്ത, സൈനി ഉള്‍പ്പെടെയുള്ളവരാണ് ഉത്തര്‍ പ്രദേശിലെ പ്രധാന യാദവേതര പിന്നാക്ക ജാതി വിഭാഗങ്ങള്‍. ഈ വോട്ടുകള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കമാണ് അഖിലേഷ് നടത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണ് ഈ തന്ത്രം അഖിലേഷ് പുറത്തെടുത്തതെന്നതും ബി ജെ പിയെ വെട്ടിലാക്കിയിരുന്നു. പെഗാസസ് തന്ത്രം പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തിരിച്ചറിഞ്ഞതോടെ ഇതുവഴിയുള്ള ചരട് വലികളും ബി ജെ പിക്ക് കഴിയാതെയായി.

2017ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി വമ്പിച്ച വിജയം നേടിയിരുന്നെങ്കിലും പല മണ്ഡലങ്ങളിലും താലനാരിഴക്കാണ് കടന്നുകൂടിയിരുന്നത്. ഇത്തരം ഭൂരിപക്ഷം കുറഞ്ഞ 47 മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. ഇതില്‍ 23 എണ്ണം ബി ജെ പിയാണ് സ്വന്തമാക്കിയത്. എസ് പി 13 സീറ്റുകളും ബി എസ് പി എട്ട് സീറ്റുകളും കോണ്‍ഗ്രസ്സ്, ആര്‍ എല്‍ ഡി, അപ്നാദള്‍ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റുകളും നേടിയിരുന്നു. മോദി തരംഗം അവസാനിക്കുകയും ബി ജെ പി വിരുദ്ധ വികാരം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഈ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പ്രതീക്ഷിക്കുന്നത്. ജാട്ട് വിഭാഗത്തിന് പ്രാധാന്യമുള്ള ഒന്നാം ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ ന്യൂനപക്ഷ വോട്ടുകളാണ് നിര്‍ണായകമാകുക. പശ്ചിമ യു പി മുതല്‍ മധ്യ യു പി വരെ നീണ്ടുകിടക്കുന്ന മുറാദാബാദ്, ഷാഹരന്‍പൂര്‍, ബിജ്നോര്‍, അംറോഹ ഉള്‍പ്പെടെയുള്ള ഒമ്പത് ജില്ലകളിലേക്ക് ഈ മാസം 14നാണ് വോട്ടെടുപ്പ്. 2017ലെ തിരഞ്ഞെടുപ്പില്‍ 55 സീറ്റില്‍ 38 സീറ്റുകള്‍ ബി ജെ പി നേടിയിരുന്നു. 15 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടിയും (എസ് പി) രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ്സും നേടി. മോദി തരംഗവും ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് പോയതുമായിരുന്നു ബി ജെ പിയുടെ വിജയത്തിന് കാരണമായത്. ഇക്കുറി ഈ മേഖല എസ് പി തൂത്തുവാരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20ന് നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് യാദവ സ്വാധീന മേഖലയാണ്. മൂന്നാം ഘട്ടത്തില്‍ 59 നിയമസഭാ മണ്ഡലങ്ങളില്‍ 22 എണ്ണം യാദവ് വിഭാഗങ്ങളുടെ സ്വാധീന മണ്ഡലങ്ങളാണ്. പടിഞ്ഞാറന്‍ യു പിയിലെ ഫിറോസാബാദ്, സിര്‍സഗഞ്ച്, മഹാരാജ്പൂര്‍, സദാബാദ്, ജസ്വന്ത് നഗര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഈ മേഖലയില്‍ എസ് പി 37 സീറ്റുകള്‍ നേടുകയും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ എറ്റാ, മെയിന്‍പുരി, കനൗജ്, ഇറ്റാവ ജില്ലകളില്‍ വമ്പിച്ച ഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു എസ് പിയെ അന്ന് അധികാരത്തിലെത്തിക്കാന്‍ പ്രധാനമായും സഹായിച്ചത്. എന്നാല്‍, യാദവ് കുടുംബത്തിലെ തര്‍ക്കത്തിന് പിന്നാലെ നടന്ന 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 59ല്‍ 49 സീറ്റുകള്‍ നേടി ബി ജെ പി ഈ മേഖല തൂത്തുവാരിയിരുന്നു. എസ് പിക്ക് എട്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്കു മേലുള്ള കനത്ത പ്രഹരമായിരുന്നു ഇത്. പ്രധാന ശക്തി കേന്ദ്രങ്ങളിലെ സീറ്റുകളിലടക്കം പരാജയപ്പെട്ടു. പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന ഇറ്റാവ, കനൗജ്, മയിന്‍പുരി, ഫിറോസാബാദ് തുടങ്ങിയ മേഖലകളിലാണ് സീറ്റുകള്‍ നഷ്ടമായത്. ഇറ്റാവ ജില്ലയില്‍ മൂന്ന് സീറ്റുകളും എസ് പി കുടുംബത്തിന്റെ തട്ടകമായ കനൗജില്‍ രണ്ട് സീറ്റും മെയിന്‍പുരി ജില്ലയില്‍ ഒരെണ്ണവും ബി ജെ പി അന്ന് നേടിയിരുന്നു. എന്നാല്‍ അഖിലേഷ് യാദവും അമ്മാവന്‍ ശിവപാല്‍ സിംഗും അഞ്ച് വര്‍ഷത്തിന് ശേഷം യോജിച്ചാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഇത് യാദവ വോട്ടുകളുടെ അടിത്തറ ഉപ്പാക്കുമെന്നും എസ് പിക്ക് വമ്പിച്ച വിജയം കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.

2017ലേതില്‍ നിന്ന് വ്യത്യസ്തമായി ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇക്കുറി ബി ജെ പി വിയര്‍ക്കുക തന്നെയാണ്. പ്രീപോള്‍ സര്‍വേ ഫലങ്ങള്‍ ബി ജെ പിക്ക് നേരിയ മാര്‍ജിനില്‍ ഭരണത്തുടര്‍ച്ച പറയുന്നുണ്ടെങ്കിലും ബി ജെ പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം തന്നെ കുറഞ്ഞിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ മുസ്‌ലിം വോട്ടുകളുടെ ഏകീകരണവും വിവിധ ജാതി വിഭാഗങ്ങള്‍ ബി ജെ പി രാഷ്ട്രീയത്തോട് നോ പറഞ്ഞതും കര്‍ഷക സമരവുമെല്ലാം ബി ജെ പിക്ക് എതിരാണ്. പഴയ പോലെ മോദി തരംഗം വോട്ടര്‍മാരില്‍ ഏശുന്നുമില്ല. അതുകൊണ്ടാണ് യോഗിയും ഷായുമെല്ലാം പ്രസ്താവനകള്‍ കൊണ്ട് കളിക്കുന്നത്. കേരളത്തെ പോലെയാകാതിരിക്കാന്‍ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത്. എന്നാല്‍ എന്താണ് കേരളത്തിന്റെ പ്രശ്നമെന്ന് യോഗി വിശദീകരിക്കുന്നുമില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം കൊണ്ടാണോ ബി ജെ പിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയുമായി യോഗി വന്നിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest