Connect with us

National

തരൂരിന്റെ രാഷ്ട്രീയ ഭാവിക്കുമുമ്പില്‍ ചോദ്യങ്ങള്‍ ഏറെ

സ്വന്തം തട്ടകത്തിലെ നേതാക്കളുടെ പിന്തുണപോലുമില്ലാതെ ദേശീയ അധ്യക്ഷനായി മത്സരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹം കേരളത്തിലെ പാര്‍ട്ടിക്കകത്ത് നേരത്തെ തന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഖാര്‍ഗെ ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെന്നു വ്യക്തമായിട്ടും മത്സരിച്ച് പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ നീക്കം നടത്തി എന്നതിന്റെ പേരില്‍ തരൂര്‍ ഹൈക്കമാന്റിന്റെ കണ്ണിലെ കരടാവുമെന്നുറപ്പാണ്.

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ശശി തരൂരിന്റെ ഭാവി എന്ത് എന്ന ചോദ്യം ഉയരുന്നു. പുതിയ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കുന്ന ഏതെങ്കിലും സഹ പദവികള്‍ സ്വീകരിച്ചു ഒതുങ്ങി മുന്നോട്ടു പോവാന്‍ തരൂരിനു സാധിക്കുമോ എന്നതാണു ചോദ്യം. തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിയില്‍ നേതൃമാറ്റവും രീതികളും മാറേണ്ടതിനെക്കുറിച്ചു നടത്തിയ പ്രസ്താവനകള്‍ അത്രയും തരൂരിനു തിരിച്ചടിയാവുമെന്നാണു സൂചന.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ശശിതരൂരിന് കോണ്‍ഗ്രസ്സില്‍ തുടര്‍ന്നു പോവല്‍ പ്രയാസകരമാവുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. സ്വന്തം തട്ടകത്തിലെ നേതാക്കളുടെ പിന്തുണപോലുമില്ലാതെ ദേശീയ അധ്യക്ഷനായി മത്സരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹം കേരളത്തിലെ പാര്‍ട്ടിക്കകത്ത് നേരത്തെ തന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഖാര്‍ഗെ ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെന്നു വ്യക്തമായിട്ടും മത്സരിച്ച് പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ നീക്കം നടത്തി എന്നതിന്റെ പേരില്‍ തരൂര്‍ ഹൈക്കമാന്റിന്റെ കണ്ണിലെ കരടാവുമെന്നുറപ്പാണ്.

വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനുള്ള സാധ്യതകൂടി കേരളത്തിലെ നേതാക്കള്‍ ചോദ്യം ചെയ്യുമെന്ന നിലവന്നാല്‍ അതു തരൂരിന്റെ രാഷ്ട്രീയ ഭാവിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ വൈസ് പ്രസിഡന്റായി നിലനിര്‍ത്താമെന്ന ഫോര്‍മുല കൊണ്ടുവന്നാല്‍ പോലും അത് തരൂരിന് അംഗീകരിക്കാന്‍ കഴിഞ്ഞേക്കില്ല. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് താന്‍ നിരന്തരം അവഗണന നേരിടുകയാണെന്ന വികാരം തരൂര്‍ നേരത്തെ പങ്കു വച്ചിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ലെന്ന നൈരാശ്യം അദ്ദേഹത്തിനുണ്ട്.

യുവാക്കള്‍ തന്നോടൊപ്പമുണ്ട് എന്ന പ്രതീക്ഷയിലാണു തരൂര്‍ മുന്നോട്ടു പോയത്. ഈ പ്രഖ്യാപനത്തെ വിഭാഗീയതയായി ഭാവിയില്‍ വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം വേണമെന്ന ആവശ്യമാണു തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ഡല്‍ഹിയില്‍ നിന്നാണ്, സോണിയ ഗാന്ധിയുടെ ഒപ്പില്ലെങ്കില്‍ ഒരു ജില്ലാ അധ്യക്ഷനെ പോലും മാറ്റാന്‍ സാധിക്കില്ല, സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാര്‍ക്ക് ഒരു റോളുമില്ല, തുടങ്ങിയ തിരഞ്ഞെടുപ്പിലെ ചര്‍ച്ചകളെല്ലാം അദ്ദേഹത്തെ തിരിഞ്ഞു കൊത്തുമെന്നുറപ്പാണ്.

ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷമുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെയാണു മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തിറങ്ങിയത്. ഖാര്‍ഗെയുടെ പത്രികയില്‍ എ കെ ആന്റണി ആദ്യം ഒപ്പു ചാര്‍ത്തിയതുതന്നെ സ്ഥാനാര്‍ഥിക്ക് ഔദ്യോഗിക പരിവേഷം ലഭിക്കാന്‍ വേണ്ടിയായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താന്‍ മത്സരത്തിനിറങ്ങിയതെന്നും പാര്‍ട്ടിയുടെ ഭാവി വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കയ്യിലാണെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാന്‍ പുതിയൊരു ഊര്‍ജം ആവശ്യമാണെന്നും വോട്ടെടുപ്പു ദിവസവും തരൂര്‍ പറഞ്ഞിരുന്നു. ഖാര്‍ഗെ ജയിച്ചാല്‍ പാര്‍ട്ടിക്കു ഭാവിയില്ലെന്ന അര്‍ഥം അതിനുണ്ട് എന്നും വ്യാഖ്യാനിക്കപ്പെട്ടു.

നെഹ്റു കുടുംബം പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെങ്കിലും എല്ലാ തീരുമാനവും ഒരേ കേന്ദ്രത്തില്‍നിന്നല്ല എടുക്കേണ്ടതെന്ന തരൂരിന്റെ പ്രധാന പ്രചാരണ വാക്യത്തിനു പാര്‍ട്ടിയില്‍ അംഗീകാരം ലഭിച്ചില്ല എന്നതു പ്രധാനമാണ്. താന്‍ മാറ്റത്തിന്റെ സ്ഥാനാര്‍ത്ഥിയാണെന്നും പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞതും വോട്ടര്‍ മാര്‍ തള്ളി. ഇതെല്ലാം തരൂരിന്റെ കോണ്‍ഗ്രസ്സിലെ ഭാവിക്കു നേര കൂരമ്പുകളായി തിരിച്ചുവരുമെന്നാണു വിലയിരുത്തപ്പെടുന്നത്.

അധ്യക്ഷ പദവിയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി തരൂര്‍ ആശംസകള്‍ അര്‍പ്പിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനൊപ്പം പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടുമെന്ന് തരൂര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം പിടിച്ച വിഭാഗം ഇനി തരൂരിനെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ സുപ്രധാനമാണ്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest