Connect with us

infant death in attappady

പാളിച്ചകൾ ഏറെയുണ്ട്

ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളം വർഷങ്ങളായി ശിശുമരണ നിരക്ക് കുറച്ചു വരുന്നു എന്ന ആശ്വാസത്തിലായിരുന്നു. എന്നാൽ ഈ വർഷം ഇതിനോടകം തന്നെ 12 മരണങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക് ഈ വർഷം ആകാൻ സാധ്യതയുണ്ട്. ഇനിയും മരണം ഉണ്ടായേക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.

Published

|

Last Updated

ട്ടപ്പാടിയിൽ വീണ്ടും ശിശുമരണം സംഭവിച്ചിരിക്കുന്നു. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു പ്രസവം. പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിൽ മരിച്ചിരുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വാർത്താ പ്രാധാന്യം പോലും നഷ്ടപ്പെടുന്ന വിധം സാധാരണമായിരിക്കുന്നു.
ഈ മാസത്തെ ആദ്യ ശിശുമരണമാണിത്. കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങൾ അവിടെ മരിച്ചിരുന്നു. ഇതോടെ ഈ വർഷം ഇതേ വരെ ശിശുമരണം 12 ആയി ഉയർന്നു. (ഈ വർഷം തീരാൻ ഇനിയും നാല് മാസം കുടെയുണ്ട്). 2020ൽ 10 മരണങ്ങളാണുണ്ടായത്. 2019ൽ ഏഴും 2018ൽ 13ഉം 2017ൽ 14ഉം മരണങ്ങളാണ് റിപോർട്ട് ചെയ്യപ്പെട്ടത്. 2016, 2015, 2014, 2013 വർഷങ്ങളിൽ യഥാക്രമം എട്ട്, 14, 15, 31ഉം നവജാത ശിശുമരണങ്ങൾ ആകെ സംഭവിച്ചിട്ടുണ്ട്. 2013ൽ നടത്തിയ യുനെസ്കോയുടെ സമഗ്ര പഠനറിപോർട്ടിനെ തുടർന്നുള്ള വർഷങ്ങളിലെ കണക്കാണിത്.

ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളം വർഷങ്ങളായി ശിശുമരണ നിരക്ക് കുറച്ചു വരുന്നു എന്ന ആശ്വാസത്തിലായിരുന്നു. എന്നാൽ ഈ വർഷം ഇതിനോടകം തന്നെ 12 മരണങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ എട്ട് വർഷത്തിലെ ഏറ്റവും ഉയർന്ന മരണ നിരക്ക് ഈ വർഷം ആകാൻ സാധ്യതയുണ്ട്. ഇനിയും മരണം ഉണ്ടായേക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി എട്ട് മരണങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടതോടെ ചർച്ചകൾ സജീവമായിരിക്കുകയാണ്.

എന്താണ് ശിശുമരണം ?
ആരോഗ്യ വകുപ്പ് പറയുന്ന മാനദണ്ഡപ്രകാരം 1,000 കുഞ്ഞ് ജനിച്ചാൽ ഒരു വയസ്സ് തികയുന്നതിന് മുമ്പ് എത്ര കുട്ടികൾ മരിക്കുന്നു എന്നതനുസരിച്ചാണ് ശിശുമരണം കണക്കാക്കുന്നത്. ഒരു പ്രദേശത്തിന്റെ ആരോഗ്യ അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം പറയുന്നത് പ്രകാരം നിലവിൽ യു എസിന് തുല്യമായ ശിശുമരണ നിരക്കാണ് കേരളത്തിൽ കാണിക്കുന്നത്. 2013ൽ യു എൻ സമർപ്പിച്ച സമഗ്ര പഠനറിപോർട്ടോടെ കേരളത്തിൽ ശിശു മരണ നിരക്ക് വൻതോതിൽ നിയന്ത്രിച്ചു വരുന്നുണ്ട് എന്നാണ് നിഗമനം.

കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2020ൽ ഏറ്റവും ഉയർന്ന ശിശുമരണനിരക്ക് ഐ എം ആർ (infant mortality rate) ഉള്ള സംസ്ഥാനം മധ്യപ്രദേശാണ് (43). രണ്ടാമത് ഉത്തർപ്രദേശ് (38). സാമാന്യം വലിയ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ കണക്കാണ് മെച്ചപ്പെട്ടത്(ആറ്). മിസോറാം(മൂന്ന്)ഉം ഗോവയും(അഞ്ച്) തൊട്ടുപിന്നിലുണ്ട്. ആഗോള ഐ എം ആർ 27 ആണെന്നിരിക്കെ ഇന്ത്യയുടെ ഐ എം ആർ 28 ആണ്. ഇന്ത്യയുടെ അയൽ സംസ്ഥാനങ്ങളായ ശ്രീലങ്ക (ആറ്) ഭൂട്ടാൻ(23) ബംഗ്ലാദേശ്(24) നേപ്പാൾ(24) ഇവയെല്ലാം ഇന്ത്യയെക്കാൾ മെച്ചപ്പെട്ട ശിശുമരണനിരക്ക് ആണ് കാണിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ ഒരു മലയോര പ്രദേശമാണ് അട്ടപ്പാടി. മണ്ണാർക്കാട് ടൗണിൽ നിന്ന് 25 കിലോമീറ്റർ ചുരം കയറി വേണം അട്ടപ്പാടിയിലെത്താൻ. അഗളി, ഷോളയൂർ, പൂത്തൂർ, പഞ്ചായത്തുകളിലായാണ് അട്ടപ്പാടി വിന്യസിച്ചിരിക്കുന്നത്. ഇരുളർ, കുറുമ്പർ, മുടുകർ എന്നീ പട്ടികവർഗ വിഭാഗങ്ങളാണ് അവിടെ കഴിയുന്നത്. നിലവിൽ 192 ആദിവാസി ഊരുകളാണവിടെയുള്ളത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ മാത്രമാണ് ആതുര സേവനങ്ങൾക്കായി അട്ടപ്പാടിയിലുള്ളത്. അട്ടപ്പാടിയെ കേരളവുമായി ബന്ധിപ്പിക്കുന്ന ഏക റോഡ് അട്ടപ്പാടി മണ്ണാർക്കാട് റോഡ് ആണ്. 24 കിലോമീറ്റർ മാത്രമുള്ള ഈറോഡ് പൂർത്തിയാക്കാൻ രണ്ടര മണിക്കൂറിന്റെ സമയദൈർഘ്യമാണ് വേണ്ടത്.

ശിശുമരണത്തിന്റെ കാരണങ്ങൾ
2013ൽ യുനിസെഫ് നടത്തിയ പഠന റിപോർട്ടിൽ ശിശുമരണത്തിന്റെ പ്രധാനകാരണമായി ഉന്നയിക്കുന്നത് ഗർഭിണികളിലെ വിളർച്ചയും പോഷകാഹാരക്കുറവുമാണ്. നേരത്തേയുള്ള വിവാഹവും ഒരുപാട് ഗർഭധാരണവും വീട്ടിലെ പ്രസവവും കുട്ടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഗർഭിണിയായിരിക്കുമ്പോൾ മാത്രമല്ല, സ്ത്രീകളുടെ വളർച്ചയിൽ ഉടനീളം ലഭിക്കേണ്ട പോഷകാഹാര കുറവിന്റെ കാരണമായാണ് വിളർച്ച ഉണ്ടാകുന്നത്. മാതാവിന് പോഷകാഹാരക്കുറവ് ഉണ്ടെങ്കിൽ അത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ മായാ സുധാകരൻ പറയുന്നു. ഹീമോഗ്ലോബിൻ എട്ടൊക്കെ ആവുന്നത് വളരെ കുറവാണ്. ആഹാരം നന്നായി കിട്ടുന്നില്ലെന്ന് ഇതിൽ വ്യക്തമാണ്. കുഞ്ഞുങ്ങളുടെ തൂക്കം പ്രസവസമയത്ത് രണ്ടര മുതൽ മൂന്ന് കിലോ ഗ്രാം വരെയെങ്കിലും ഉണ്ടാകണമെന്നും ഡോക്ടർ മായാ സുധാകരൻ പറയുന്നു. ഗർഭാശയാന്തര വളർച്ച പ്രതിബന്ധം (IUGR) ആദിവാസി സ്ത്രീകളിൽ ധാരാളമായി കണ്ടുവരുന്നു. ഇതും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.

ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ തീവ്ര വളർച്ചക്കുറവ്, ഭാരക്കുറവ്, ജന്മനാ ഹൃദ്രോഗം, ഡൗൺസിൻഡ്രോമ, മെക്കോണിയം ആസ്പിരേഷൻ സിൻഡ്രം (പ്രസവസമയത്ത് കുഞ്ഞിന്റെ കരളിലേക്ക് ഒരു ശ്രവം ഒലിക്കുന്ന അവസ്ഥ) എന്നിവ കാണപ്പെടുന്നു.
സിക്കിൾസെൽ അനീമിയ അഥവാ അരിവാൾ രോഗമാണ് ഇപ്പോൾ അട്ടപ്പാടിയിൽ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഭീഷണി. 200 അരിവാൾ രോഗികളാണ് ഇപ്പോൾ അട്ടപ്പാടിയിലുള്ളത്. അതിൽ എട്ട് പേർ ഗർഭിണികളാണ്. 40 കുട്ടികളുമുണ്ട്. ആറ് മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. രോഗം അടുത്ത തലമുറയിലേക്ക് പടർത്താൻ സാധ്യതയുള്ളവരായി 2,000 പേർ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ജനിതക രോഗമാണ് സിക്കിൾസെൽ അനീമിയ. ചുവന്ന രക്താണുക്കൾക്ക് രൂപമാറ്റം സംഭവിച്ച് അരിവാൾ രൂപത്തിലാവുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഈ രോഗാവസ്ഥ. രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. ജീനിലൂടെ അടുത്ത തലമുറയിലേക്കും രോഗം പടരും. രോഗമുള്ള മതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് രോഗം വരാനുള്ള സാധ്യത 25 ശതമാനം ആണ്. സിക്കിൾസെൽ ട്രെയ്റ്റ് ഉള്ള രണ്ട് പേർ വിവാഹിതരായാൽ അവരുടെ കുട്ടികളിലേക്കും രോഗം പടരാൻ സാധ്യതയുണ്ട്. അരിവാൾ കോശ രോഗമുള്ള വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

ശിശു സംരക്ഷണതിനായുള്ള സർക്കാർ പദ്ധതികൾ
ശിശുമരണം ഒഴിവാക്കി സമഗ്രമായ ആരോഗ്യസംരക്ഷണത്തിനായി സർക്കാർ നിരവധി പദ്ധതികൾ രൂപവത്കരിച്ചിട്ടുണ്ട്.
1. കമ്മ്യൂണിറ്റി കിച്ചൺ: ഭക്ഷണം പാചകം ചെയ്തു വീടുകളിലേക്ക് എത്തിക്കുന്ന പദ്ധതിയാണിത്. എന്നാൽ ഇതിൽ മിക്കതും പ്രവർത്തനക്ഷമമല്ല. ഊരുകളിലെ ആരോഗ്യപ്രവർത്തകർ തന്നെ ആവശ്യപ്പെട്ടത് പ്രകാരമാണ് അവ നിർത്തിയതെന്നാണ് സർക്കാർ വിശദീകരണം.
2. പോഷകാഹാര വിതരണം: വനിതാ ശിശു വികസന വകുപ്പിനു കീഴിൽ കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും പോഷകാഹാരം എത്തിക്കുന്ന പദ്ധതിയാണിത്.
3. മില്ലറ്റ് വില്ലേജ്: പരമ്പരാഗത കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കൃഷിവകുപ്പിന് കീഴിലുള്ള പദ്ധതി.
4. സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി: സൗജന്യ ചികിത്സ നൽകുന്നതിനു വേണ്ടി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഊർജിതമാക്കുന്നു പദ്ധതി.
5. അലോപ്പതി ഒ പി ക്ലിനിക്, മൊബൈൽ മെഡിക്കൽ യൂനിറ്റ്, ന്യൂട്രീഷൻ റിഹാബിലിറ്റേഷൻ സെന്റർ.
6. ജനനി ജന്മരക്ഷ പദ്ധതി: ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണിത്. സ്വന്തമായി പോഷകാഹാരം വാങ്ങാൻ ഇതിലൂടെ 2,000 രൂപ പ്രതിമാസം നൽകുന്നു. എന്നാൽ മാസങ്ങളായി ഇവ കിട്ടുന്നില്ലെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്.
7. സിക്കിൾസെൽ അനീമിയ രോഗികൾക്ക് സമാശ്വാസ ധനസഹായ പദ്ധതി.
8. വർഷക്കാലത്തും പഞ്ഞ മാസങ്ങളിലും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി.
9. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ.
ഇത്രയും ആളുകൾക്ക് ആശ്രയിക്കാനുള്ള ഏക ആശുപത്രി ഇതാണ്. എന്നാൽ ഇവിടെയുള്ള 18 ഡോക്ടർ തസ്തികകളിൽ എല്ലാവരും ജൂനിയർ കൺസൾട്ടൻസ് മാത്രമാണ്. 10 വർഷമെങ്കിലും പരിചയമുള്ള ഡോക്ടറെ ഇവിടെ നിയമിക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്. ശിശു രോഗം, ഗൈനക്ക്, മെഡിസിൻ, ഇതിനൊന്നും ഇവിടെ തസ്തികകളില്ല. നിയോനേറ്റൽ വെന്റിലേറ്ററും നിയോനാറ്റോളജിസ്റ്റും ശിശു മരണ നിയന്ത്രണത്തിന് ഇവിടെ അത്യാവശ്യമാണ്.

റഫറൽ സംവിധാനം ആണ് ഇവിടുത്തെ മെയിൻ. 50 കിലോമീറ്റർ അപ്പുറത്തുള്ള ഇ എം എസ് ആശുപത്രിയിലേക്കാണ് ഇപ്പോൾ റഫർ ചെയ്യാറുള്ളത്. കോട്ടത്തറ ആശുപത്രിയിലേക്ക് അനുവദിച്ച ലക്ഷങ്ങൾ ഈ പേരിൽ ഇ എം എസിലേക്ക് വകമാറ്റി എന്ന ആരോപണവും നിലവിലുണ്ട്. റഫറൽ സംവിധാനം അവസാനിക്കണമെങ്കിൽ മതിയായ സൗകര്യങ്ങൾ ട്രൈബൽ ആശുപത്രിയിൽ ഏർപ്പെടുത്തേണ്ടതുണ്ട്.

എവിടെയാണ് പാളിച്ച
ഇറച്ചി, മീൻ, മുട്ട, പാല്, തൈര് പോലുള്ള പോഷകാഹാരങ്ങൾ ഗർഭിണികൾക്ക് കിട്ടുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകർ വരെ പറയുന്നത്. പലപ്പോഴും അരി മാത്രമാണ് ലഭിക്കുന്നത്. കൗമാരക്കാരായ കുട്ടികൾ കൃത്യമായ ഭക്ഷണം പോലും ലഭിക്കാതെ അമ്മയാകുന്നു. അത് നവജാതശിശുവിന്റെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ധാന്യങ്ങളും പയറുവർഗങ്ങളും അവർക്ക് ലഭിക്കുന്നില്ലത്രെ.

സ്വന്തമായി ഭക്ഷണം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് പലപ്പോഴും. തുച്ഛമായ കൂലി മാത്രമാണ് ലഭിക്കുന്നത്. കൂലി ലഭിച്ചാൽ തന്നെ അവശ്യസാധനങ്ങളുടെ ലഭ്യത കുറവും പ്രശ്‌നമാണ്. കാട്ടിനുള്ളിൽ നിന്ന് തന്നെ ലഭിക്കുമായിരുന്ന പല പോഷകാഹാരങ്ങളും വന സംരക്ഷണമെന്ന പേരിൽ വന്ന പല നിയമങ്ങളും അവർക്ക് അന്യമാക്കി. പകരം വസ്തുക്കളുടെ ലഭ്യത ഇല്ലാതെയുമായി.

സമഗ്രമായ പദ്ധതികൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ആവിഷ്‌കരിച്ചിട്ടും നടപ്പാക്കുന്നതിലെ പാളിച്ചകൊണ്ടോ അവലോകനം ഇല്ലായ്മകൊണ്ടോ പ്രായോഗികമാകാത്തതിന്റെ കാരണങ്ങൾ കൃത്യമായി സർക്കാർതലത്തിൽ വിലയിരുത്തേണ്ടതുണ്ട്. നിലവിൽ 140 ആശാവർക്കർമാർ, 160 പ്രെമോട്ടർമാർ, 175 അങ്കൺവാടികൾ, 150 കുടുംബശ്രീ ഹെൽത്ത് ആനിമേറ്റർമാർ എന്നിവർ ഫീൽഡിലുണ്ട്. അവരെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർ ജാഗ്രത കാണിക്കണം. സ്വാതന്ത്ര്യം ലഭിച്ച് കാലമിത്രയായിട്ടും സർക്കാറുകളുടെ മുഖ്യ പരിഗണനാ വിഷയം ആദിവാസി ഊരുകളാകുന്നില്ല എന്നത് വേദനാജനകമാണ്.

Latest