Connect with us

hate speech

ലോകം ഇന്ത്യയെ കാണുന്നുണ്ട്

ബി ജെ പി നേതാക്കളുടെ പ്രസംഗങ്ങളിൽ വിദ്വേഷമെവിടെ എന്നാണ് കോടതി ചോദിച്ചത്. ചിരിച്ചു കൊണ്ട് പ്രസംഗിക്കുന്നതിനെ വിദ്വേഷ പ്രസംഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന നിരീക്ഷണവും വന്നു.

Published

|

Last Updated

1893ലാണ്‌സ്വാമി വിവേകാനന്ദൻ അമേരിക്കയിലെ ചിക്കാഗോയിൽ സർവമത സമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യയുടെ പരസ്പര ബഹുമാനത്തെ ലോകത്തിന് മുമ്പിൽ പ്രഖ്യാപിക്കുന്ന പ്രഭാഷണം നടത്തിയത്. ആ സ്‌നേഹ പ്രഭാഷണം മതസൗഹാർദത്തിനും വിട്ടു വീഴ്ചക്കുമുള്ള സന്ദേശമായി ലോക രാജ്യങ്ങളിലൊക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ഭാരതീയ സംസ്‌കാരം എന്നത് സ്‌നേഹവും സഹോദര്യവുമാണെന്ന സന്ദേശമാണ് സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയത് എന്ന് കണക്കാക്കുമ്പോൾ സംഘ് പരിവാർ നയങ്ങൾ തീരെ ഭാരതീയമല്ലെന്ന തീർപ്പിൽ ആരെയും എത്തിക്കുന്നതാണ് നിലവിലെ വിവിധ സംഭവങ്ങൾ.

In India, calls for Muslim genocide grow louder. Modi’s silence is an endorsement. എന്നായിരുന്നു ഡിസംബർ 29ന് വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്. ലോകം ഇന്ത്യയെ എങ്ങനെ കാണുന്നുവെന്നതിന് ഇത്തരത്തിൽ എത്ര വേണമെങ്കിലും വിലയിരുത്തലുകൾ കാണാനാകും. ഏതാനും വർഷങ്ങളായി രാജ്യത്ത് ആവർത്തിക്കുന്ന അക്രമോത്സുക പ്രഭാഷണങ്ങളുടെ പൊതുസമ്മേളനമാണ് ഡിസംബറിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്നത്. ധർമ സൻസദ് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പ്രധാനമായും പങ്കെടുത്തത് വർഗീയ സ്വഭാവം വെച്ച് പുലർത്തുന്ന ചില സന്യാസി മഠങ്ങളിൽ നിന്നും സംഘ് പരിവാർ അനുകൂല അഖാരകളിൽ നിന്നുമുള്ള പ്രതിനിധികളായിരുന്നു. യതി നരസിംഗാനന്ദ് എന്ന ഗാസിയാബാദിലെ പുരോഹിതനായിരുന്നു ഹരിദ്വാർ വിദ്വേഷ സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ. “ഇസ്‌ലാമിക ഇന്ത്യയിൽ സനാതന ധർമത്തിന്റെ ഭാവി’ എന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടാണ് സംഘാടകർ പരിപാടിക്ക് നൽകിയത്.

മുസ്‌ലിംകൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനും മറ്റുമുള്ള രൂക്ഷമായ ആഹ്വാനങ്ങളാണ് യോഗത്തിലുടനീളം പ്രഭാഷകർ നടത്തിയത്. മ്യാന്മർ സൈന്യം ചെയ്ത രീതിയിൽ മുസ്‌ലിം ഹത്യ രാജ്യത്ത് നടത്തണമെന്ന പ്രഖ്യാപനം പോലുമുണ്ടായി. പ്രബോധാനന്ദ ഗിരി, സ്വാധി അന്നപൂർണ തുടങ്ങി നിരവധി നേതാക്കൾ ന്യൂനപക്ഷ ഉന്മൂലനം ലക്ഷ്യമാക്കി തന്നെ പ്രസംഗിച്ചു എന്ന് മാത്രമല്ല, നടത്തിയ പ്രസംഗത്തിൽ ഒട്ടും ഖേദമില്ലെന്നും പോലീസിനെ പേടിയില്ലെന്നും തൊട്ടടുത്ത ദിവസം തന്നെ ദേശീയ മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഇത്രെയും ഭീകരമായ ഒരു സാഹചര്യം ഉണ്ടായിട്ടും പ്രഥമഘട്ടത്തിൽ ഉത്തരാഖണ്ഡ് പോലീസ് ഒരു നടപടിക്കും തയ്യാറായിരുന്നില്ല. പക്ഷേ രാജ്യത്തും വിദേശത്തും ഈ വർഗീയ പ്രഭാഷണങ്ങൾക്കെതിരെ വലിയ പ്രതിഷേധം സഹൃദയരിൽ നിന്നും ജനാധിപത്യ മതേതര ചേരിയിൽ നിന്നും ഉയർന്നു വന്നു.
വംശഹത്യകളെക്കുറിച്ച് പഠിച്ച് വിശദമായ റിപോർട്ടുകളും നിഗമനങ്ങളും നടത്തുന്ന ഗ്രിഗറി സ്റ്റാന്റോൺ ഈ സംഭവ വികാസങ്ങളെ വംശഹത്യാ പ്രേരണയായാണ് വിലയിരുത്തിയത്. ഈ വിഷയത്തിൽ യു എസ് കോൺഗ്രസ്സ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഏകദേശം ഇതേ സമയത്ത് തന്നെ ഡൽഹിയിൽ ഹിന്ദു യുവ വാഹിനി സംഘടനയുടെ നേതൃത്വത്തിൽ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ പ്രതിജ്ഞകൾ നടന്നു. മുൻസൈനിക മേധാവി വേദ് പ്രകാശ് മാലിക്, ജസ്റ്റിസ് നരിമാൻ ഉൾപ്പെടെ പല പ്രമുഖരും ഹരിദ്വാർ വിദ്വേഷ പ്രഭാഷണങ്ങൾക്കെതിരെ രംഗത്ത് വന്നു.

പക്ഷേ, കേസും നിയമ നടപടികളും വർഗീയവാദികളെ ഒരിക്കലും തടയുന്നില്ല എന്നതിന്റ തെളിവാണ് യതി നരസിംഗാനന്ദ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ െവച്ച് നടത്തിയ പ്രസംഗങ്ങൾ. രാജ്യത്തെ വലിയ കലാപത്തിലേക്കും അസ്ഥിരതയിലേക്കും തള്ളി വിടാൻ ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ ഭരണകൂടം മൗനം അവലംബിക്കുന്നത് അപകടമാണ്. ഈ വിഷയം കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ്സ് നേതാവ് ജയറാം രമേശും തൃണമൂൽ കോൺഗ്രസ്സ് പ്രതിനിധിയും രാജ്യസഭയിൽ അവതരിപ്പിക്കുകയുണ്ടായി. പ്രത്യേകം ചർച്ച ആവശ്യപ്പെട്ടെങ്കിലും അനുമതി ഉണ്ടായില്ല. വിദ്വേഷ പ്രഭാഷണം നല്ലതല്ല എന്ന ഒഴിഞ്ഞുമാറൽ മറുപടി മാത്രമാണ് ചെയർമാൻ നൽകിയത്.

ശഹീൻ ബാഗിലെ സി എ എ വിരുദ്ധ പ്രക്ഷോഭ കാലത്ത് സമരക്കാർക്കെതിരെ രംഗത്ത് വന്ന കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, ബി ജെ പി. എം പി പർവേശ് വർമ എന്നിവർക്കതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം പോളിറ്റ് ബ്യുറോ അംഗം വൃന്ദാ കാരാട്ട് 2020 ജനുവരിയിൽ ഡൽഹിയിലെ കോടതിയെ സമീപിച്ചിരുന്നു. തുടക്കത്തതിൽ വൃന്ദയുടെ വാദങ്ങൾ കേട്ട കോടതി ഒമ്പത് മാസങ്ങൾക്ക് ശേഷം ഇതിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. തുടർന്ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. രാജ്യത്ത് നിരന്തരം നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കോടതികൾ ശക്തമായ നിലപാടെടുക്കുമെന്ന് അവർ പ്രതീക്ഷ പുലർത്തി.

പക്ഷേ കഴിഞ്ഞ മാർച്ചിൽ ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ നിരാശാജനകമായിരുന്നു. ബി ജെ പി നേതാക്കളുടെ പ്രസംഗങ്ങളിൽ വിദ്വേഷമെവിടെ എന്നാണ് കോടതി ചോദിച്ചത്. ചിരിച്ചു കൊണ്ട് പ്രസംഗിക്കുന്നതിനെ വിദ്വേഷ പ്രസംഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന നിരീക്ഷണവും വന്നു. ഡൽഹിയിൽ നടന്ന ധരം സൻസദ് വിഷയത്തിൽ ഡൽഹി പോലീസ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം കൂടി ചേർത്ത് വായിക്കണം. എത്ര ക്രൂരമായ വെള്ളപൂശലാണ് പോലീസ് നടത്തിയത്. സംഭവത്തിന്റെ വീഡിയോ പരിശോധിച്ചതായും അസ്തിത്വത്തിന് നേരേയുള്ള ഭീഷണികളെ നേരിടാൻ തയ്യാറാകണമെന്ന് മാത്രമാണ്് പ്രസംഗത്തിലുള്ളതെന്നും സത്യവാങ്മൂലം ന്യായീകരിക്കുന്നു. ധരംസൻസദിൽ ഒരു സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല. ഏതെങ്കിലും മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തുന്നതോ അത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചതായോ കാണാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്. മുസ്‌ലിംകളെ ഭൂമി കൊള്ളയടിക്കുന്നവരായും വേട്ടക്കാരായും പ്രത്യക്ഷമായോ പരോക്ഷമായോ പറഞ്ഞിട്ടില്ല. മുസ് ലിംകളെ വംശഹത്യ നടത്തണമെന്നും പ്രസംഗിച്ചിട്ടില്ല. സ്വന്തം സമുദായത്തിന്റെ ധാർമികത സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധരം സൻസദിൽ അവർ പങ്കെടുത്തത്. അഭിപ്രായ സ്വാതന്ത്രത്തിന്റെ പരിധി മറികടക്കുന്നതല്ല ഡൽഹിയിൽ നടന്ന ധരംസംസദിലെ പ്രസംഗങ്ങളെന്ന വിചിത്രവാദവും ഡൽഹി പോലീസിന്റെ സത്യവാങ്മൂലം മുന്നോട്ട് വെക്കുന്നു.

ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെ വലിയ തോതിലുള്ള പ്രചാരണങ്ങൾ അഴിച്ച് വിട്ട് രാജ്യത്തെ പൂർണമായും മതകീയമായി ഭിന്നിപ്പിച്ച് അധികാരം നില നിർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കർണാടകയിൽ ഉൾപ്പെടെ നടക്കുന്ന ശിരോ വസ്ത്ര പ്രശ്‌നവും, ഹലാൽ ഭക്ഷണ വിവാദവും, ബാങ്ക് വിളിയുടെ വിഷങ്ങളുമെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയും അങ്ങിങ്ങായി കൈയേറ്റ ശ്രമങ്ങൾ നടക്കുന്നു. ദലിതർക്കെതിരെ വ്യാപകമായി അക്രമങ്ങൾ അരങ്ങേറുന്നു.

ഈ ആക്രമണങ്ങൾക്കെല്ലാം വെടി മരുന്നിടുന്നത് വിദ്വേഷ പ്രസംഗങ്ങളാണ്. ഉത്തർ പ്രദശിലെ സീതാപ്പൂരിൽ ബജ്‌രംഗ് മുനി എന്ന സന്യാസി വസ്ത്രധാരി നടത്തിയ പ്രഭാഷണം വലിയ വാർത്തയായിരുന്നുവല്ലോ. മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നാണ് മുനി മൈക്കിലൂടെ ഒരു ജീപ്പിലിരുന്ന് പ്രസംഗിക്കുന്നത്. വലിയ പ്രതിഷേധമുയർന്നപ്പോൾ മാത്രമാണ് അയാളെ അറസ്റ്റ് ചെയ്തത്.

“പ്യുവർ വെജിറ്റേറിയൻ’ എന്ന ബോർഡ് വെച്ച് കച്ചവടം ചെയ്യാൻ അവകാശമുള്ളത് പോലെത്തന്നെ “ഹലാൽ’ ബോർഡ് വെച്ചും ഭക്ഷണം വിൽപ്പന നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. ഓരോ കച്ചവടത്തിലും ഭക്ഷണക്കാര്യത്തിലും വർഗീയ വാദികൾ നിരന്തരം കൈ കടത്തുന്നതും ഇടപെടുന്നതും രാജ്യത്തെ കമ്പോളത്തെ പ്രതികൂലമായി ബാധിക്കും. ഏറ്റവും കൂടുതൽ ബീഫ് വിദേശത്തേക്ക് കയറ്റിയയക്കുന്ന ആറ് ഇന്ത്യൻ കമ്പനികളിൽ മൂന്നും ഹിന്ദു മത വിശ്വാസികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. പക്ഷേ “ഹലാൽ’ സ്റ്റിക്കർ പതിക്കാതെ മധ്യ പൗരസ്ത്യ രാജ്യങ്ങളിലേക്ക് ഇവ കയറ്റി അയക്കാൻ ഈ കമ്പനികൾക്ക് ആകുമോ ? നിലവിൽ കർണാടകയിൽ സംജാതമായിക്കൊണ്ടിരിക്കുന്ന വർഗീയ വിഭജനത്തിന്റെയും പ്രശ്‌നങ്ങളുടെയും പേരിൽ പല കമ്പനികളും തങ്ങളുടെ കേന്ദ്രം ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതിനെ പറ്റിപ്പോലും ചിന്തിക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ.

മുസ്‌ലിംകൾ കൈ വെച്ചതെല്ലാം വർജിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന വർഗീയ പ്രചാരകർ ബനാറസ് സാരികളും ഫിറോസാബാദിൽ ഉത്പാദിപ്പിക്കുന്ന വളകളും മുറാദാബാദിലെ ഓട്ടുപകരണങ്ങളും എല്ലാം ഉപേക്ഷിക്കാൻ തയ്യാറാകുമോ എന്നാണ് പ്രശസ്ത കോളമിസ്റ്റ് സാഗരിക ഘോഷേ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നത്.
സ്വതന്ത്ര ഇന്ത്യ കണ്ട വലിയ ജനകീയ സമരമായിരുന്നുവല്ലോ കർഷക സമരം. കർഷകരുടെ സമര സന്നദ്ധതയും പോരാട്ട വീര്യവും മറികടക്കാനാകില്ലെന്ന് മനസ്സിലാക്കിയ ബി ജെ പി നേതാക്കൾ കർഷകർക്ക് നേരെ ഉപയോഗിച്ചതും വെറുപ്പിന്റെ പ്രചാരണങ്ങളായിരുന്നു. പാക്കിസ്ഥാൻ സ്‌പോൺസേർഡ് സമരം, നക്‌സൽ സമരം, രാജ്യ ദ്രോഹികളുടെ ലഹള തുടങ്ങി പല വിധത്തിലുള്ള തീവ്രമായ പ്രയോഗങ്ങളും ഉന്നതരായ ബി ജെ പി നേതാക്കൾ സാധാരണക്കാരായ കർഷകർക്ക് നേരെ പ്രയോഗിച്ചു.

2015ൽ ഓരോ വർഷവും ഡസൻ കണക്കിന് ആക്രമണമാണ് ബീഫിന്റെയും പശുവിനെയും പേരിൽ മാത്രം നടക്കുന്നത്. ദാദ്രിയിലെ ഒരു മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയിലോ, ഹരിയാനയിലെ അൽവാറിലെ പെഹ്‌ലു ഖാന്റെ കൊലപാതകത്തിലോ മാത്രം അക്രമികളുടെ അഴിഞ്ഞാട്ടം അവസാനിച്ചില്ല. അസമിലും, ബിഹാറിലും രാജസ്ഥാനിലും ഉത്തർ പ്രദേശിലും ഗുജറാത്തിലും എല്ലാമായി എത്രയാളുകൾ കൊല്ലപ്പെട്ടു, എത്രയെത്ര പേർ ആക്രമിക്കപ്പെട്ടു.
ജെ എൻ യുവിലെ ഹോസ്റ്റലുകളിൽ പോലും മാംസാഹാരത്തിന്റെ പേരിൽ കടന്നുകയറി അക്രമം സൃഷ്ടിക്കുകയാണ് വെറുപ്പിന്റെ ശക്തികൾ. ഹലാലും, ജട്ക്കയും, കോഷറും എല്ലാം വിവിധ മതക്കാർക്ക് അവരുടെ വിശ്വാസവും ജീവിത രീതിയുമായും ബന്ധപ്പെട്ടതാണ്. അതിനെതിരെ ബഹളം വെക്കുന്നത് എന്ത് അർഥത്തിലാണ്.

മുസ്‌ലിം ന്യൂനപക്ഷവുമായി ബന്ധപ്പെട്ടതെല്ലാം വർജിക്കപ്പെടണമെന്ന രീതിയിൽ നടക്കുന്ന പ്രചാര വേലകളെ മൗനാനുവാദം നൽകി പ്രോത്സാഹിപ്പിക്കാനല്ല ഭരണകൂടം ശ്രമിക്കേണ്ടത്. ഇനിയും അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ലോകത്തിന് മുന്നിൽ ഇന്ത്യ ഒറ്റപ്പെടുക തന്നെ ചെയ്യും.

ജനതാദൾ (സെക്കുലർ) ജില്ലാ കമ്മിറ്റിയംഗം

Latest