International
ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കുകിഴക്കായി രത്‌നങ്ങളാല്‍ സമ്പന്നമായ രത്‌നപുര പ്രദേശത്തെ ഒരു രത്‌നവ്യാപാരിയുടെ വീട്ടില്‍ കിണര്‍ കുഴിക്കുന്ന തൊഴിലാളികളാണ് ഈ ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്.

കൊളംബോ| ശ്രീലങ്കയില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലത്തിന്റെ ക്ലസ്റ്റര്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടി. ‘സെറന്‍ഡിപിറ്റി സഫയര്‍’ എന്നാണ് ഇന്ദ്രനീലക്കല്ലിന് പേരിട്ടിരിക്കുന്നത്. ഇതിന് 300 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ട്. 2021 ജൂലൈയിലാണ് ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ഗുബെലിന്‍ ജെം ലാബ് ഇതിനെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ക്ലസ്റ്ററായി സാക്ഷ്യപ്പെടുത്തി. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കുകിഴക്കായി രത്‌നങ്ങളാല്‍ സമ്പന്നമായ രത്‌നപുര പ്രദേശത്തെ ഒരു രത്‌നവ്യാപാരിയുടെ വീട്ടില്‍ കിണര്‍ കുഴിക്കുന്ന തൊഴിലാളികളാണ് ഈ ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്.
രത്‌നങ്ങളാല്‍ സമ്പന്നമായ പ്രദേശമാണ് രത്‌നപുര, അവിടെ താമസക്കാര്‍ മുമ്പ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചില രത്‌നങ്ങള്‍ ആകസ്മികമായി കണ്ടെത്തിയിരുന്നു. ഈ പ്രദേശം ശ്രീലങ്കയുടെ രത്‌നതലസ്ഥാനം എന്നും അറിയപ്പെടുന്നു. ഇന്ദ്രനീലക്കല്ലിന്റെയും മറ്റു വിലയേറിയ രത്‌നങ്ങളുടെയും കയറ്റുമതിയും ഇവിടെ നടക്കുന്നുണ്ട്.
അഞ്ച് മാസം മുമ്പ് ഇത് കണ്ടെത്തിയതുമുതല്‍, പല അന്താരാഷ്ട്ര ഏജന്‍സികളും ഇത് സര്‍ക്കാരില്‍ നിന്ന് വാങ്ങാന്‍ താല്‍പര്യം കാണിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബ്ലൂ സഫയര്‍ ക്ലസ്റ്ററിനായി 100 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത ദുബായ് ആസ്ഥാനമായുള്ള കമ്പനിയുമായി ചര്‍ച്ച നടത്തുകയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. ഉയര്‍ന്ന വിലയ്ക്ക് ലേലം ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചതിനാല്‍ അവര്‍ ധാരണയിലെത്തിയില്ല. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലുള്ള ക്ലസ്റ്റര്‍ ലേലത്തിനായി ഇത് ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.