Connect with us

National

അസ്വസ്ഥതകൾക്കിടയിൽ വോട്ടെന്ന ആയുധം;കുന്നും താഴ്‌വരയും ചിന്തിക്കുന്നു

ജനസംഖ്യയുടെ 57.2 ശതമാനവും വസിക്കുന്നത് തലസ്ഥാനമായ ഇംഫാൽ അടക്കമുള്ള താഴ്‌വാരത്താണ്. ഇവിടെ കുക്കി സമൂഹമുണ്ടെങ്കിലും വിരളമാണ്.

Published

|

Last Updated

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലാപത്തിനൊടുവിലാണ് മണിപ്പൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായത്. ഭൂരിപക്ഷമായ മെയ്തേയിയും ന്യൂനപക്ഷമായ കുക്കികളും തമ്മിലുള്ള ആഭ്യന്തര യുദ്ധ സമാനമായ പ്രശ്‌നമാണ് മാസങ്ങളോളം വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലുണ്ടായത്. പ്രധാനമായും താഴ്‌വാരങ്ങളിൽ താമസിക്കുന്ന മധ്യവർഗ ജീവിതം നയിക്കുന്നവരാണ് മെയ്തേയികൾ. മലമ്പ്രദേശങ്ങളിലും വനത്തിലുമൊക്കെ കഴിയുന്ന ഗോത്രവിഭാഗക്കാരാണ് കുക്കികൾ. ജനസംഖ്യയുടെ 15.7 ശതമാനമാണ് ഇവരുള്ളത്. ജനസംഖ്യയുടെ 57.2 ശതമാനവും വസിക്കുന്നത് തലസ്ഥാനമായ ഇംഫാൽ അടക്കമുള്ള താഴ്‌വാരത്താണ്. ഇവിടെ കുക്കി സമൂഹമുണ്ടെങ്കിലും വിരളമാണ്. മലമ്പ്രദേശങ്ങളിൽ 20.9 ശതമാനം വരുന്ന നാഗകളും താമസിക്കുന്നു.
കോടതി വിധിയിൽ നിന്ന്
2023 ഏപ്രിൽ 14ലെ മണിപ്പൂർ ഹൈക്കോടതി വിധിയുടെ പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരു റിട്ട് ഹരജിയിൽ, മെയ്‌തേയ് സമുദായത്തിന് പട്ടിക വർഗ പദവി നൽകാൻ കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്യണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചതായിരുന്നു വിധി. ഈ നടപടി പിന്നീട് സുപ്രീം കോടതി വിമർശിച്ചു. ആൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂനിയൻ മണിപ്പൂർ (എ ടി എസ് യു എം) നടത്തിയ ഐക്യദാർഢ്യ മാർച്ചിനെ തുടർന്നാണ് വൻതോതിൽ അക്രമമുണ്ടായത്. താഴ്‌വരയിൽ നിന്ന് കുക്കികളെയും മലമ്പ്രദേശങ്ങളിൽ മെയ്തേയികളെയും ലക്ഷ്യമിട്ട് അക്രമ പരമ്പരകളുണ്ടായി.
വീടുകൾ ചുട്ടുചാമ്പലാക്കിയും ആരാധനാലയങ്ങൾ തകർത്തും ആളുകളെ കൊന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തും കടകളും വാഹനങ്ങളും കത്തിച്ചും കൊള്ളയടിച്ചും ഒരുപാട് ക്രൂരതകൾ മണിപ്പൂരിൽ അരങ്ങേറി. ഇന്റർനെറ്റ് വിച്ഛേദിച്ചതോടെ പല ക്രൂരതകളും പുറംലോകത്തെത്തിയില്ല. മെയ്തേയി ഭൂരിപക്ഷമുള്ള സർക്കാറായതിനാൽ പോലീസിന്റെയടക്കം സഹായം മെയ്തേയികൾക്കായിരുന്നു. കേന്ദ്ര സേനയടക്കം ഇറങ്ങിയിട്ടും കലാപം പൂർണമായും അടിച്ചമർത്താനായില്ല.

ഇംഫാൽ താഴ്‌വരയിൽ ഒരർഥത്തിൽ വംശശുദ്ധീകരണമാണ് നടന്നത്. കുക്കികളെ ആട്ടിപ്പായിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. മണിപ്പൂർ ജനസംഖ്യയുടെ 53 ശതമാനവും മെയ്തേയികളാണ്. 2011ലെ സെൻസസ് അനുസരിച്ച് അവരിൽ 83.38 ശതമാനവും ഹിന്ദുക്കളാണ്. കുക്കികളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. ഒരാഴ്ചക്കുള്ളിൽ 77 കുക്കികളും പത്ത് മെയ്‌തേയികളും കൊല്ലപ്പെട്ടു.

ഗോത്രവർഗ പദവി പ്രശ്‌നത്തിനു പുറമെ, ഭൂമി അവകാശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തങ്ങളെ ലക്ഷ്യമിടുന്നതായി കുക്കി വിഭാഗത്തിന് കാലങ്ങളായി പരാതിയുണ്ട്. വനം സർവേയെ തുടർന്ന് കുക്കികളെ കുടിയൊഴിപ്പിക്കുകയും ചെയ്തിരുന്നു. പോപി കൃഷിക്ക് തടയിടുക എന്ന പേരിലായിരുന്നു ഈ ഒഴിപ്പിക്കൽ. 2021ലെ സൈനിക അട്ടിമറിയെ തുടർന്ന് മ്യാന്മറിൽ നിന്ന് വൻതോതിൽ അഭയാർഥികൾ (റോഹിംഗ്യകൾ അല്ല) മണിപ്പൂരിലേക്ക് ഒഴുകുന്നതിൽ മെയ്‌തേയികൾക്ക് അതൃപ്തിയുണ്ടായിരുന്നു. കേന്ദ്ര സേനയായ അസം റൈഫിൾസിനെയാണ് ഇക്കാര്യത്തിൽ ഇവർ കുറ്റപ്പെടുത്തുന്നത്. അസം റൈഫിൾസ് കുക്കി വിഭാഗത്തിന് അനുകൂലവും മണിപ്പൂർ പോലീസ് മെയ്‌തേയികളുടെ പക്ഷത്താണെന്നുമുള്ള ആരോപണം ശക്തമായിരുന്നു.
കുക്കി വിഭാഗക്കാരനായ ബി ജെ പി. എം എൽ എ പോലും അക്രമത്തിന് ഇരയായി. തുടർന്ന്. അസം റൈഫിൾസിനെയും കരസേനയെയും കേന്ദ്രം വിന്യസിച്ചു. മെയ് 14 ആയപ്പോഴേക്കും 126 സൈനിക ദളങ്ങളും 62 കമ്പനി അർധ സൈനിക വിഭാഗങ്ങളും മണിപ്പൂരിലുണ്ടായിരുന്നു. ഇരു വിഭാഗങ്ങളും ആയുധമെടുത്ത് സംഘർഷത്തിലേർപ്പെട്ടു. തങ്ങളുടെ അധീന പ്രദേശങ്ങളിൽ ചെക്ക് പോസ്റ്റുകളും ട്രഞ്ചുകളും മണൽച്ചാക്കുകളുമൊക്കെ സംവിധാനിച്ചു. ആഭ്യന്തര യുദ്ധത്തിലേക്ക് കാര്യങ്ങൾ വഴുതിമാറി. ആയുധങ്ങളുമേന്തി സാധാരണക്കാർ റോന്തുചുറ്റുന്ന കാഴ്ച സാധാരണമായി.

വസ്ത്രമുരിഞ്ഞ്
ഇംഫാൽ ആർച്ച് ബിഷപിന്റെ പ്രസ്താവന പ്രകാരം ജൂൺ 17 വരെ 249 ചർച്ചുകളാണ് നശിപ്പിച്ചത്. കലാപത്തിൽ മരിച്ച 64 പേരുടെ മൃതദേഹം ഡിസംബർ 14നാണ് കുടുംബങ്ങൾക്ക് വിട്ടുകൊടുത്തത്. ക്രിസ്ത്യൻ വിഭാഗങ്ങളായ കുക്കികൾക്കായിരുന്നു കനത്ത നാശനഷ്ടം. കുക്കി വനിതയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു. ഗുജറാത്ത് വംശഹത്യക്ക് സമാനമായ സംഭവവികാസങ്ങളാണ് മണിപ്പൂരിലും അരങ്ങേറിയത്. ഈ സംഭവം വലിയ ചർച്ചകൾക്ക് വിധേയമായ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സംഭവത്തിൽ അഭിപ്രായം പറഞ്ഞത്. അപ്പോഴേക്കും 70 ദിവസങ്ങൾ പിന്നിട്ടിരുന്നു.
2017ൽ ഒന്നര പതിറ്റാണ്ട് നീണ്ട കോൺഗ്രസ്സ് ഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനം കൈയടക്കിയ ശേഷം വംശീയ രാഷ്ട്രീയം തരാതരം പുറത്തെടുക്കുകയാണ് ബി ജെ പി. മെയ്തേയി വിഭാഗത്തെ പ്രീണിപ്പിച്ച് മറ്റ് മത, വംശ ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കുന്ന തന്ത്രമാണ് അവർ പുറത്തെടുക്കുന്നത്. അതിനാൽ തന്നെ വംശീയ രാഷ്ട്രീയം ഏറെ ശക്തമാണിവിടെ.
സംസ്ഥാനത്തെ രണ്ട് പാർലിമെന്റ്സീറ്റുകൾ ഒന്ന് വീതം ബി ജെ പിക്കും നാഗാ പീപ്പിൾസ് ഫ്രണ്ടിനുമാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ 32 എണ്ണവും വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ബി ജെ പിക്ക് സാധിച്ചു. ഏഴ് സീറ്റുള്ള എൻ പി പിയുമായും അഞ്ച് സീറ്റുള്ള എൻ പി എഫുമായും ചേർന്നാണ് ഭരണം നടത്തുന്നത്. ബി ജെ പിയുടെ എൻ ബിരേൺ സിംഗാണ് മുഖ്യമന്ത്രി. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (നെഡ) ഭാഗമാണ് ഈ സഖ്യ സർക്കാർ. നിലവിൽ ബിരേൺ സിംഗ് സർക്കാറിനെ മെയ്തേയികളും കുക്കികളും എതിർക്കുന്നു. പാർലിമെന്റിലടക്കം മണിപ്പൂർ വിഷയം ഉന്നയിക്കാൻ കഴിയാത്തതിനാൽ ബി ജെ പിയെ വിമർശിക്കുന്നവരുമുണ്ട്.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗം മണിപ്പൂരിൽ നിന്ന് ആരംഭിച്ച് ശക്തമായ രാഷ്ട്രീയ സന്ദേശം നൽകാൻ രാഹുൽ ഗാന്ധിയിലൂടെ കോൺഗ്രസ്സിന് സാധിച്ചു. കലാപമുണ്ടായയുടനെ മണിപ്പൂർ സന്ദർശിച്ച് ഇരകളെ സമാശ്വസിപ്പിക്കാനുമായി. ബി ജെ പി മുൻ എം എൽ എ ഉൾപ്പെടെ നാല് പേർ കോൺഗ്രസ്സിൽ ചേർന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ മണിപ്പൂരിൽ നിന്ന് കേൾക്കുന്നത്. എന്തായാലും കുക്കികളുടെ രോഷം അണപൊട്ടിയൊഴുകലാകും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക.

Latest