Connect with us

Kerala

വഴിത്തര്‍ക്കം; ഇരുട്ടിന്റെ മറവില്‍ വടിവാളുകൊണ്ടുള്ള ആക്രമണത്തില്‍ ഗൃഹനാഥനും സഹോദരനും വെട്ടേറ്റു

വഴിത്തര്‍ക്കം സംബന്ധിച്ച് കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കേയാണ് അക്രമം.

Published

|

Last Updated

ആലപ്പുഴ| ചേര്‍ത്തലയില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ അക്രമിസംഘം സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറി വേലി പൊളിച്ച് റോഡ് നിര്‍മിച്ചതായി പരാതി. ഇരുട്ടിന്റെ മറവില്‍ വടിവാളടക്കമുള്ള ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഗൃഹനാഥനും സഹോദരനും വെട്ടേറ്റു. വഴിത്തര്‍ക്കം സംബന്ധിച്ച് കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കേയാണ് അക്രമം.

കട്ടച്ചിറ ചേന്നോത്ത് മേരിവില്ലയില്‍ തോമസ് വര്‍ഗീസ് സഹോദരങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ശബ്ദം കേട്ട് പുറത്തിറങ്ങിയ തോമസ് കാണുന്നത് മുപ്പതിലധികം വരുന്ന സംഘം മാരകായുധങ്ങളുമായി വേലി തകര്‍ക്കുന്നതാണ്. ഇതിന് ശേഷം അവിടെ മണ്ണിട്ട് റോഡും ഉണ്ടാക്കി. തടയാന്‍ ശ്രമിച്ചപ്പോള്‍ വടിവാളടക്കമുള്ള ആയുധങ്ങളുമായി ആക്രമിച്ചു.

തോമസിനൊപ്പം സഹോദരന്‍ ജോസഫിനും മര്‍ദനമേറ്റു. ജോസഫ് ഇപ്പോഴും ആശുപത്രിയിലാണ്. സിപിഎമ്മിന്റെ ഏരിയാ-ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കം സംഘത്തിലുണ്ടായിരുന്നുവെന്നും തോമസ് പറഞ്ഞു. തോമസിന്റെ പറമ്പില്‍ നിന്ന് 400 മീറ്റര്‍ അകലെ രണ്ട് പട്ടികജാതി കുടുംബങ്ങളടക്കം നാല് വീട്ടുകാര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് വാഹനം കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ വീതിയുള്ള റോഡ് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

കുടുംബത്തിലെ പല അംഗങ്ങളുടെയും പേരിലുളള 25 സെന്റ് ഭൂമി നല്‍കേണ്ടതിനാല്‍ ഈ ആവശ്യം നിരസിച്ചു. സമീപത്തെ ബിജെപി അനുഭാവിയുടെ വീടിനോട് ചേര്‍ന്ന് വഴി നല്‍കാമെന്ന് അറിയിച്ചിട്ടും സിപിഎം വഴങ്ങിയില്ല. പിന്നീട് സ്ഥലം കൈയേറുന്നതിനെതിരെ കോടതില്‍ നിന്ന് സ്റ്റേയും വാങ്ങി. ഇതിനിടെയാണ് രാത്രിയിലുള്ള അതിക്രമം. എന്നാല്‍ അതിക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും വഴി ആവശ്യമുള്ള നാട്ടുകാരാകാം വേലി പൊളിച്ചതെന്നുമാണ് സിപിഎം പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട് തോമസും കുടുംബവും ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി.

 

 

 

 

Latest