Connect with us

Kerala

സംസ്ഥാനത്ത് ഉണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ല: എന്‍ എസ് എസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നത്തലയെ ആണ് വ്യക്തിപരമായി പിന്തുണക്കുന്നതെന്ന് ജി സുകുമാരന്‍ നായര്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഉണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ലെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നത്തലയെ ആണ് വ്യക്തിപരമായി പിന്തുണക്കുന്നത്.

ചിലര്‍ അവകാശപ്പെടുന്നത് അവരുടെ മാത്രം വിജയമാണ് എന്നാണ്. എന്നാല്‍ അങ്ങനെയല്ല. പയ്യന്നൂരും തളിപ്പറമ്പും എല്ലാം സി പി എം തോല്‍ക്കണമെങ്കില്‍ അത്രത്തോളം മോശകരമായ അവസ്ഥയായിരുന്നു സി പി എമ്മിനകത്ത് എന്നു വ്യക്തമാണ്. അങ്ങനെയാണ് ചുമ്മാതെ നിന്ന ആളുകള്‍ പോലും ജയിക്കുന്ന സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ പൊറുതിമുട്ടി മാറ്റം വരാന്‍ വേണ്ടി വോട്ട് ചെയ്തു. അത് കോണ്‍ഗ്രസിനും യു ഡി എഫിനും അനുകൂലമായി പ്രതിഫലിച്ചു. കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍ എസ് എസിന് വിരോധമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്ന് മാത്രം. ഒരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന് എന്‍ എസ് എസ് ചൂണ്ടിക്കാണിക്കില്ല. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അവര്‍ തന്നെ ഉചിതമായ തീരുമാനം എടുക്കട്ടെ.

വി ഡി സതീശന് എതിരെ എടുത്ത നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിച്ചിട്ടില്ല. പറവൂരിലും എന്‍ എസ് എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. വി ഡി സതീശന്റെ ചില നിലപാടുകളോട്ട് ഇപ്പോഴും ഇഷ്ടമില്ല. അത്തരം നിലപാടുകളോട് കാണിച്ചിട്ടുള്ള വിയോജിപ്പ് എന്‍എസ്എസിന് ഇപ്പോഴുമുണ്ട്. അത്തരം സമീപനങ്ങള്‍ തിരുത്താന്‍ ഒന്നും സതീശനോട് ആവശ്യപ്പെടില്ല. വി ഡി സതീശനെയാണ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തീരുമാനിക്കുന്നെങ്കില്‍ അതും സ്വീകരിച്ചല്ലേ പറ്റൂ.

Latest