Connect with us

National

പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 11 താരങ്ങളെ ഖേല്‍രത്നക്ക് ശിപാര്‍ശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളി താരവും ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 11 താരങ്ങളെ ഖേല്‍രത്ന പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഇത്തവണ ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കലം നേടിയ ടീം അംഗമാണ് ശ്രീജേഷ്. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും 35 പേരെ അര്‍ജുന അവാര്‍ഡിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. മലയാളി ബോക്സിങ് താരം കെ സി ലേഖയുടെ പേര് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജാവലിന്‍ ത്രോയില്‍ സ്വര്‍ണവുമായി ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടിയ രവികുമാര്‍ ദഹിയ, ബോക്സിങില്‍ വെങ്കലം നേടിയ ലവ്ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരാണ് ഒളിമ്പിക്സ് മെഡല്‍ ജേതാക്കളെന്ന നിലയില്‍ ഖേല്‍രത്ന പട്ടികയില്‍ ഇടംപിടിച്ചത്. ഇവരോടൊപ്പം പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ താരങ്ങളേയും ഖേല്‍രത്നക്കായി പരിഗണിക്കുന്നുണ്ട്.

പാരാ ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്, കൃഷ്ണ നാഗര്‍, ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ സുമിത് അങ്കുല്‍, പാരാ ഷൂട്ടിങില്‍ സ്വര്‍ണം നേടിയ മനീഷ് നര്‍വാള്‍, പാരാ ഷൂട്ടിങില്‍ സ്വര്‍ണവും വെങ്കലവും നേടിയ അവാനി ലേഖര എന്നിവരാണ് പാരാലിമ്പിക്സ് പട്ടികയിലുള്ളത്. ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, വനിതാ ക്രിക്കറ്റിലെ വെറ്ററന്‍ താരം മിതാലി രാജ് എന്നിവരും ഖേല്‍രത്നക്കായി പരിഗണനയിലുണ്ട്.