Connect with us

Articles

ഹജ്ജിന്റെ മാധുര്യം

ഹൃദയത്തിലുള്ള സര്‍വ സങ്കുചിതത്വങ്ങളും അപകര്‍ഷതാ ബോധവും ഹജ്ജിലൂടെ അപ്രത്യക്ഷമാകുന്നു.

Published

|

Last Updated

ഒരൊറ്റ ലോകം, ഒരേയൊരു ജനത എന്ന സന്ദേശം ലോകവ്യാപകമായി സ്വീകാര്യത നേടുന്ന കാലമാണിത്. എല്ലാവിധ വൈജാത്യങ്ങള്‍ക്കുമപ്പുറം എല്ലാവരും തുല്യരാണെന്ന ധ്വനി എല്ലായിടത്തും മുഴങ്ങിക്കേള്‍ക്കുന്ന പുതിയ കാലത്ത്, എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഹജ്ജ് വിളംബരം ചെയ്ത മാനവിക സന്ദേശത്തിന് പ്രസക്തിയേറെയുണ്ട്. ആയുസ്സില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമാക്കപ്പെട്ട, ഒരിടത്ത് എത്തിയാല്‍ മാത്രം നിര്‍വഹിക്കാന്‍ സാധിക്കുന്ന, പലര്‍ക്കും വലിയ സാമ്പത്തിക ചെലവും ദീര്‍ഘ യാത്രകളും വേണ്ടിവരുന്ന ഒരു ആരാധനയാണെന്നത് ഹജ്ജിന്റെ പെരുമ വര്‍ധിപ്പിക്കുന്നു. മറ്റെല്ലാ നിര്‍ബന്ധ കര്‍മങ്ങളും താന്‍ വസിക്കുന്ന പ്രദേശത്ത്, സ്വഗൃഹത്തില്‍ നിന്ന് തന്നെ നിര്‍വഹിക്കാന്‍ സാധിക്കുമ്പോഴാണ് ഹജ്ജിനായി പ്രത്യേക സമയവും സ്ഥലവും അല്ലാഹു നിര്‍ണയിച്ചത്. ഹജ്ജ് ചെയ്ത് അതിന്റെ മാധുര്യവും അനുഭവസമ്പത്തും ഈമാനിക ചൈതന്യവും ആസ്വദിച്ചവരില്‍ നിന്നുള്ള കേട്ടറിവുകള്‍ ഒരുപാട് മനുഷ്യരെ മക്കയിലേക്കടുപ്പിച്ചിട്ടുണ്ട്. യാത്ര കഴിഞ്ഞെത്തിയവരില്‍ ദര്‍ശിക്കുന്ന പ്രകടമായ ആത്മീയ മാറ്റമാണ് ഉള്ളില്‍ പ്രഭയുള്ള വിശ്വാസികളെ കഅബയിലേക്ക് ആഗ്രഹിപ്പിച്ചത്.

ഹജ്ജ് കഴിഞ്ഞെത്തിയ ഹാജിമാരുടെ ജീവിതത്തില്‍ ഈ പറഞ്ഞ സൂക്ഷ്മതയും ഈമാനും ഉണ്ടാകാനുള്ള പ്രേരകങ്ങളായി വര്‍ത്തിക്കുന്നത് ഇസ്‌ലാമിന്റെ സാംസ്‌കാരിക ഭൂവിലൂടെയുള്ള സഞ്ചാരമാണ് ഹജ്ജെന്നതുകൊണ്ടുതന്നെയാണ്. ഖുര്‍ആനിലൂടെയും ഹദീസുകളിലൂടെയും ചെറുപ്പം മുതലേ കേട്ടറിഞ്ഞ ചരിത്ര സ്ഥലങ്ങളും തിരുശേഷിപ്പുകളും കാണുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ ഈമാനിക ചൈതന്യം ഏറെ ഇരട്ടിക്കുന്നു, മസ്ജിദുല്‍ ഹറാം, മഖാമു ഇബ്റാഹീം, ഹിറാ ഗുഹ, സഫ, മര്‍വ തുടങ്ങിയ ഓരോ ഇടവും വിശ്വാസിയുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും മറ്റു അമ്പിയാക്കളുടെയും സ്വഹാബാക്കളുടെയും സജ്ജനങ്ങളുടെയും അന്ത്യവിശ്രമ സ്ഥാനങ്ങള്‍ കാണുമ്പോള്‍ അതവരുടെ ഉള്ളിലുള്ള വെളിച്ചത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു.

മക്കം കണ്ട, മദീനയിലെത്തിയ, സഫയും മര്‍വയും കയറിയിറങ്ങിയ, ഹജറുല്‍ അസ്്വദ് ചുംബിച്ച, കഅബത്തെ പ്രദക്ഷിണം ചെയ്ത ശരീരം ശുദ്ധമായി എന്ന പൂര്‍ണ വിശ്വാസം തന്നെയാണ് ഹജ്ജ് കഴിഞ്ഞ് സ്വദേശങ്ങളില്‍ എത്തുമ്പോള്‍ എല്ലാ തിന്മകളില്‍ നിന്നും അവരെ അകറ്റുന്നത്. മക്കം കണ്ട മനസ്സ് അശുദ്ധമാകാന്‍ പറ്റില്ലെന്ന നിഷ്‌കളങ്ക വിശ്വാസിയുടെ നിയ്യത്ത്. ആത്മീയമായും ഭൗതികമായും ഹജ്ജിനു വേണ്ടി നന്നായി ഒരുങ്ങണം. ഏറ്റവും വലിയ ഒരുക്കം തഖ്്വ അഥവാ സൂക്ഷ്മതയാണ്. ഹജ്ജിലെ ഓരോ കര്‍മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂര്‍വം അനുഷ്ഠിച്ചാലേ നബി(സ) പറഞ്ഞതുപോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാന്‍ സാധിക്കുകയുള്ളൂ.

മരുഭൂമിയുടെ നാട്ടിലേക്കുള്ള യാത്ര മനുഷ്യന്റെ മനസ്സ് വിശാലമാക്കുമെന്നുറപ്പാണ്. തുറസ്സായ ഇടങ്ങളിലേക്കുള്ള സഞ്ചാരങ്ങള്‍ മനസ്സില്‍ വലിയ ചിന്തയും വ്യാപ്തിയും ഉണ്ടാക്കും. താനും തന്റെ കുടുംബവും ചുറ്റുപാടും എന്നത് ഈ ഭൂമിയും ഭൂമിയിലുള്ള സര്‍വതും എന്ന ചിന്തയിലേക്ക് വികസിക്കാന്‍ ഹജ്ജിന്റെ കൂടിച്ചേര്‍ച്ചകളും സംഗമങ്ങളും സഹായിക്കും.

ഹൃദയത്തിലുള്ള സര്‍വ സങ്കുചിതത്വങ്ങളും അപകര്‍ഷതാ ബോധവും ഹജ്ജിലൂടെ അപ്രത്യക്ഷമാകുന്നു. ഏതുതരം ശാരീരിക-ഭാഷാ വ്യത്യാസങ്ങള്‍ക്കുമപ്പുറം അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമമാണെന്ന യാഥാര്‍ഥ്യം അനുഭവപ്പെടാന്‍ ഈ വാര്‍ഷികസംഗമം സഹായിക്കുന്നു. ഒരു സമയം ഒരു നഗരത്തില്‍ ഇത്രയേറെ ആളുകള്‍ ഒരുമിക്കുന്ന മറ്റൊരു സംഗമം ലോകത്തില്ലെന്ന് തന്നെ പറയാം. നിറത്തിന്റെയും സമ്പത്തിന്റെയും പേരില്‍ തന്റെ നാട്ടില്‍ ഞാനടക്കം കലഹിച്ചതും മനുഷ്യരെ അകറ്റിയതും വെറുതെയാണെന്നും അല്ലാഹുവിന്റെ മുന്നില്‍ ഏത് നിറമുള്ളവനും ഇല്ലാത്തവനും സമമാണെന്നും എത്ര സമ്പത്തുള്ളവനും ഇല്ലാത്തവനും ഇവിടെ ഒരേ വസ്ത്രമാണെന്നും ഹജ്ജിനെത്തുന്ന വിശ്വാസിയില്‍ ചിന്തയുണ്ടാകുന്നു. അതവന്റെ മനസ്സിലും അവന്‍ സംവദിക്കുന്ന ഹൃദയങ്ങളിലും മാറ്റങ്ങളുണ്ടാക്കും.
മനുഷ്യ ശരീരത്തില്‍ ഹൃദയത്തിനുള്ള സ്ഥാനമാണ് മാനവ സമൂഹത്തില്‍ കഅബാലയത്തിനുള്ളത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒഴുകുന്ന രക്തത്തെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ശുദ്ധീകരിച്ച് അതത് ഭാഗങ്ങളിലേക്ക് തന്നെ തിരിച്ചൊഴുക്കുന്ന ധര്‍മമാണല്ലോ ഹൃദയം ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള മനുഷ്യരെ ഒരേ കേന്ദ്രത്തിലേക്കടുപ്പിച്ച് ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാക്കി യാത്രയാക്കുന്ന കഅബാലയം എത്രയെത്ര മനുഷ്യ മനസ്സുകളെയാണ് നന്നാക്കുന്നത്.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest