Connect with us

Cover Story

മടങ്ങിവരവിന്റെ മൺചാരുത

നാട്ടുപ്രമാണിമാരുടെ നാലുകെട്ടിന്റെ അകത്തളങ്ങൾ മുതൽ കുടികിടപ്പുകാരന്റെ കുടിലുകൾവരേയും കണ്ടുവന്ന മൺചട്ടികൾ ആധുനിക ലോഹങ്ങളായ അലൂമിനിയവും സ്റ്റീലും കടന്നുവന്നതോടെ അടുക്കളകളിൽ നിന്നും പടിയിറങ്ങിയിട്ടു നാളേറെയായെങ്കിലും നാട്ടിലെങ്ങും "വീട്ടിൽ ഊണ്' വ്യാപകമായതോടെ മലയാളിയുടെ മനസ്സിൽ ഇവ വീണ്ടും സ്ഥാനം നേടിത്തുടങ്ങി. നാവിൽ കൊതിയൂറുന്ന രുചിഭേദങ്ങൾക്കായി മൺചട്ടികൾതന്നെ വേണമെന്ന പഴമക്കാരുടെ പഴമ്പുരാണങ്ങൾക്കു അതു പിൻബലമേകുമ്പോൾ അതിനു പിന്നിൽ ആധുനികതയുടെ ആഴവും പഴമയുടെ പാരമ്പര്യവും ഏറെയുണ്ട്.

Published

|

Last Updated

“ദിവസവും എത്ര മൈൽ നടക്കുമെന്നു ഒരു പിടിയുമില്ല. രാവിലെ എട്ട് മണിയോടെ തുടങ്ങുന്ന നടത്തം രാവന്തിയോളം തുടരും. ചിലപ്പോൾ നേരത്തെ അവസാനിക്കും. എങ്കിലും കുഴപ്പമില്ല. കേരളക്കാർക്ക് ഇപ്പോൾ മൺചട്ടികളോട് വലിയ പ്രിയമായിത്തുടങ്ങി. എല്ലാവരും വാങ്ങുന്നു… നല്ല ചെലവുമുണ്ട്.’ തികഞ്ഞ പ്രതീക്ഷ മുറ്റിനിൽക്കുന്ന മനസ്സുമായി നാഗർകോവിൽ സ്വദേശി മുരുകൻ ഇതു പറയുമ്പോൾ തൊട്ടരികെ നിന്ന ശെൽവൻ ഒന്നുകൂടി പറഞ്ഞു. “ഈ മാസം ഇതു രണ്ടാം തവണയാണ് ഇവയുമായി വരുന്നത്. ഇതും പെട്ടെന്നു തീരും.’ ചാരുതയാർന്ന മൺകലങ്ങൾ നിറച്ച ഇരുമ്പുകമ്പിക്കുട്ടകൾ ചുമന്നു കേരളീയ ഗ്രാമപാതകളുടെ ഓരം ചേർന്നു ചുവടുവെച്ച് നീങ്ങുന്ന വിൽപ്പനക്കാരെ കണ്ടാൽ മിക്കവരും മൺകലങ്ങൾ ആവശ്യപ്പെടുന്ന കാഴ്ച പെരുമ ഉണർത്തുന്നതാണ്.

തിരിച്ചുവരവ്

നാട്ടുപ്രമാണിമാരുടെ നാലുകെട്ടിന്റെ അകത്തളങ്ങൾ മുതൽ കുടികിടപ്പുകാരന്റെ കുടിലുകൾവരേയും തട്ടീം മുട്ടീം പൊട്ടിപ്പോകുമായിരുന്ന മൺചട്ടികൾ ആധുനിക ലോഹങ്ങളായ അലൂമിനിയവും സ്റ്റീലും കടന്നുവന്നതോടെ അടുക്കളകളിൽ നിന്നും പടിയിറങ്ങിയിട്ടു നാളേറെയായെങ്കിലും നാട്ടിലെങ്ങും “വീട്ടിൽ ഊണ്’ വ്യാപകമായതോടെ മലയാളിയുടെ മനസ്സിൽ ഇവ വീണ്ടും സ്ഥാനം നേടിത്തുടങ്ങി. നാവിൽ കൊതിയൂറുന്ന രുചിഭേദങ്ങൾക്കായി മൺചട്ടികൾതന്നെ വേണമെന്ന പഴമക്കാരുടെ പഴമ്പുരാണങ്ങൾക്കു അതു പിൻബലമേകുമ്പോൾ അതിനു പിന്നിൽ ആധുനികതയുടെ ആഴവും പഴമയുടെ പാരമ്പര്യവും ഏറെയുണ്ട്. ചോറുവക്കാൻ ഉപയോഗിച്ചിരുന്ന നാടൻ കലങ്ങൾ മുതൽ മത്സ്യം പാകം ചെയ്യുന്ന കറിച്ചട്ടികൾ വരെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ തീൻമേശക്കരികിൽ പോലും പുതുപാത്രമായി സ്ഥാനം ഉറപ്പിച്ചപ്പോൾ പുതുതലമുറയിൽ അതു പുത്തൻ അനുഭൂതിയുമായി. ചൈനീസ്, അറേബ്യൻ ഭക്ഷണങ്ങൾക്കു പോലും നാട്ടിലെങ്ങും ആവശ്യക്കാർ ഏറിവരുമ്പോഴാണ് കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി മലയാളി സ്ത്രീകളുടെ മനസ്സ് പഴയതിലേക്കുള്ള തിരിച്ചുപോക്കിൽ എത്തിനിൽക്കുന്നത്. ഒപ്പം കുടിവെള്ളം ശുദ്ധീകരിച്ചു തണുപ്പിക്കാൻ ഉപയോഗിക്കുന്ന “കൂജ’ മുതൽ കുന്തിരിക്കം-സാമ്പ്രാണി പുകക്കാൻ ഉപയോഗിക്കുന്ന പ്രത്യേക മൺപാത്രങ്ങൾ വരെയും ഇന്ന് നാട്ടിലെങ്ങും വ്യാപകമായിക്കഴിഞ്ഞു. ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാത്രം വ്യാപകമായി വിറ്റഴിച്ചിരുന്ന ചട്ടി, കലം തുടങ്ങിയ മൺപാത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ഇവക്കു മാത്രമായി പ്രത്യേക കടകളും ഇന്ന് സാർവത്രികമായി.

മനോഹരം, ഈ നിർമിതി

മൺപാത്ര നിർമാണത്തിന് തമിഴ്‌നാട്ടിലെ തലക്കുളം, ചെങ്കോട്ട, നാഗർകോവിൽ, കുളച്ചൽ, തഞ്ചാവൂർ, കമ്പം, തേനി, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങൾ ഏറെ പേര് കേട്ടതാണെങ്കിൽ കേരളത്തിൽ തൃശൂർ, പാലക്കാട്, പുളിനെല്ലി, ഷൊർണൂർ, ആലത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇവ വ്യാപകമായി നിർമിക്കുന്നുണ്ട്. കൂടാതെ, മധ്യകേരളത്തിന്റെ പല ഭാഗങ്ങളിലും ഇവ ഉണ്ടാക്കുന്നു. ഗുണനിലവാരത്തിൽ കേരളത്തിലേതാണ് കൂടുതൽ മെച്ചപ്പെട്ടതെന്നു ചിലർ പറയുമ്പോൾ തമിഴ്‌നാട്ടിലേതെന്നു അഭിപ്രായപ്പെടുന്നവരുമുണ്ട്. മുൻകാലങ്ങളിൽ ആന്ധ്രയിൽ നിന്നും കുടിയേറിപ്പാർത്ത പ്രത്യേക സമുദായത്തിൽപ്പെട്ടവരായിരുന്നു മൺപാത്ര നിർമാണങ്ങളിൽ ഏർപ്പെട്ടിരുന്നതെങ്കിൽ പിൽക്കാലത്ത് ഇതിന്റെ സാധ്യത മുന്നിൽക്കണ്ട് മറ്റുള്ളവരും ഈ തൊഴിലിലും വിൽപ്പനയിലും മുന്നോട്ടു വരികയായിരുന്നു.

പശമണ്ണ് ( കളിമണ്ണ്) സുലഭമായി ലഭിക്കുന്ന സ്ഥലങ്ങൾ എന്ന നിലയിലാണ് മൺപാത്ര നിർമാണ ശാലകൾ മിക്ക പ്രദേശങ്ങളിലും വ്യാപകമായത്. പിന്നീട് മണ്ണിന്റെ ലഭ്യത കുറയുകയും മറ്റു സ്ഥലങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചു കൊണ്ടുവന്നു പാത്രങ്ങൾ നിർമിക്കേണ്ടതായും വന്നു. മിക്ക സ്ഥലങ്ങളിലും ഇപ്പോൾ മൺപാത്ര നിർമാണം നടക്കുന്നത് അയൽ ദേശങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ചാണ്. ഇത്തരത്തിൽ ശേഖരിക്കുന്ന മണ്ണ് തരിയില്ലാത്ത വിധത്തിൽ നന്നായി ചവിട്ടിക്കുഴച്ച് പാകപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. മൺപാത്ര നിർമാണത്തിലെ ഏറ്റവും ശ്രമകരമായ ജോലിയാണിത്. നിർമാണ ശാലകളിൽ എത്തിയാൽ വിയർത്തൊലിച്ചു മണ്ണിനോടു പടവെട്ടുന്ന തൊഴിലാളികളെയാകും ആദ്യം നമുക്ക് കാണാനാകുക. മണ്ണ് പാകപ്പെടുത്താൻ കുറഞ്ഞത് നാല് ദിവസമെങ്കിലും കുഴക്കേണ്ടിവരും. ഇപ്പോൾ ഇതിനായി ആധുനിക യന്ത്രങ്ങൾ വന്നുതുടങ്ങിയെങ്കിലും ചെറുകിട നിർമാതാക്കൾ, പ്രത്യേകിച്ച് വീടുകൾ കേന്ദ്രീകരിച്ചു മൺപാത്രങ്ങൾ നിർമിക്കുന്നവർ ഇപ്പോഴും കാലുകൊണ്ട് മണ്ണ് ചവിട്ടിക്കുഴക്കുകയാണ് പതിവ്.

ഇത്തരത്തിൽ മയപ്പെടുത്തുന്ന കളിമണ്ണ് കാളവണ്ടി ചക്രത്തിന്റെ ആകൃതിയിൽ പ്രത്യേകം നിർമിച്ച ചക്രത്തിൽ ഓരോ പാത്രത്തിന്റെയും നിർമാണത്തിനാവശ്യമായ അളവിൽ വെച്ചു ചക്രം ചലിപ്പിച്ചു പാത്രങ്ങൾക്ക് രൂപഭംഗി വരുത്തും. ഇത് ഏറെ ശ്രമകരമായതും കരവിരുതിന്റെ ചാരുത വിളിച്ചറിയിക്കുന്നതുമാണ്. ഇതിനാവശ്യമായി എടുക്കുന്ന പാകപ്പെടുത്തിയ മണ്ണിന് പ്രത്യേക അളവില്ലെങ്കിലും ഓരോരുത്തരുടെയും മനസ്സിലെ അളവനുസരിച്ചാകും മണ്ണ് എടുക്കുക. ഇത്തരത്തിൽ നിർമിക്കുന്ന പാത്രങ്ങൾ ഒരേ ആകൃതിയിലും അളവിലും ആയിരിക്കുമെന്നതു ആരെയും അത്ഭുതപ്പെടുത്തും. ഇപ്പോൾ യന്ത്രസഹായത്താൽ പ്രവർത്തിപ്പിക്കുന്ന ചക്രങ്ങൾ മിക്കയിടത്തുമുണ്ട്. എങ്കിലും പരമ്പരാഗതമായി കൈകൊണ്ട് കറക്കുന്ന ചക്രങ്ങളാണ് കൂടുതൽ സഹായകമത്രെ. ഇങ്ങനെ നിർമിക്കുന്ന പാത്രങ്ങളിൽ ചെമ്മണ്ണ് കലക്കി പുരട്ടി വെയിൽ കൊള്ളിച്ചു പിറ്റേ ദിവസം ചൂളയിൽ വെക്കുന്നു. എന്നാൽ, മൺകലങ്ങൾ ചക്രത്തിൽവെച്ചു രൂപഭംഗിയിൽ നിർമിച്ചാൽ അതിന്റെ ചുവടുഭാഗം പൂർത്തീകരിക്കാതെ മുറിച്ചെടുക്കുകയും തുടർന്നു വെയിലിൽവെച്ചു അൽപ്പം ഉണങ്ങുമ്പോഴേക്കും തിരികെയെടുത്തു പ്രത്യേക തടി ഉപയോഗിച്ചു അടിച്ചുപരത്തി അടിഭാഗം യോജിപ്പിച്ചു ആകൃതി വരുത്തുകയും ചെയ്യുന്നു. തുടർന്ന് ഇവ ചൂളയിൽ വെക്കുന്നു. ചൂളയിൽ നിന്നും എടുക്കുന്ന പാത്രങ്ങളിൽ അതീവ ചെറു സുഷിരങ്ങൾ കാണപ്പെട്ടാൽ മണ്ണും പശയും ചേർത്തിട്ട് ഉപയോഗയോഗ്യമാക്കും.

മണ്ണാണ് പ്രശ്നം

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒട്ടനവധി നിർമാണ ശാലകൾ ഉണ്ടെങ്കിലും ഈ മേഖലയിൽ എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നു എന്നതിനു വ്യക്തമായ കണക്ക് എങ്ങുമില്ല. ചിലർ വ്യാവസായികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നു. മറ്റു ചിലർ നിത്യവൃത്തിക്കായി ചട്ടിയും കലങ്ങളും മറ്റും നിർമിച്ചു വിറ്റു ഉപജീവനം നടത്തുന്നു. ഇതുകാരണം എവിടെ, ആരൊക്കെ ഈ തൊഴിലിൽ ഏർപ്പെടുന്നു എന്നതിനു കൃത്യമായ രേഖകൾ ഇല്ല എന്നാണ് തൊഴിലാളികൾ അഭിപ്രായപ്പെടുന്നത്. അതേസമയം, ഇതിനായി സൊസൈറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മണ്ണിന്റെ ലഭ്യതക്കുറവുതന്നെയാണ്. മൺപാത്രങ്ങൾക്ക് ആവശ്യക്കാർ ഏറിവരുന്നുണ്ടെങ്കിലും ആവശ്യത്തിന് കളിമണ്ണ് ലഭിക്കാത്തത് ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായും ചിലയിടങ്ങളിൽ മണ്ണെടുക്കുന്നതിന് നിയന്ത്രണമുള്ളതായും ഈ രംഗത്തുള്ളവർ പറയുന്നു. ഇതു കാരണം ഈ മേഖലയിൽ തൊഴിലില്ലായ്മ വ്യാപകമാകുന്നതായും നിർമാണച്ചെലവ് അധികരിക്കുന്നതായും അവർ പറയുന്നു. മുൻകാലങ്ങളിൽ അൻപത് രൂപക്ക് താഴെ മാത്രം വിൽക്കാവുന്ന പാത്രങ്ങൾക്ക് ഇപ്പോൾ മൂന്നിരട്ടിയിലേറെയാണ് വില. പരമ്പരാഗത തീതിയിൽ നിന്നും വ്യത്യസ്തമായി ആധുനിക യന്ത്രങ്ങൾ കടന്നുവന്നതു ഏറെ സഹായകമായിട്ടുണ്ടെങ്കിലും വീടുകളിൽ പാത്രങ്ങൾ നിർമിക്കുന്ന സാധാരണക്കാരെ ഇതു ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വലിയ തുകമുടക്കി യന്ത്രങ്ങൾ എല്ലാവർക്കും വാങ്ങാനാകാത്തതാണ് ഇതിനു കാരണമായി അവർ പറയുന്നത്. പുതുതലമുറയിൽപ്പെട്ടവർ ഈ രംഗത്തേക്കു കടന്നുവരാത്തതാണ് മറ്റൊരു പ്രതിസന്ധി. ജോലിക്ക് അനുസൃതമായി വേതനം കിട്ടാത്തതും ഈ മേഖലയിലേക്കു തൊഴിലാളികൾ കടന്നുവരാൻ മടിക്കുന്നുണ്ട്. ദിവസം മുഴുവൻ മണ്ണിനോട് പടവെട്ടിയാൽ സ്ത്രീ തൊഴിലാളികൾക്കു ലഭിക്കുന്നത് ഏറിയാൽ 400 രൂപയായിരിക്കും. തങ്ങളുടെ കുലത്തൊഴിൽ എന്ന നിലയിലാണ് പലരും ഇതു തുടർന്നു വരുന്നതെന്നും പുതുതലമുറയെ ഇതിലേക്കാകർഷിക്കാൻ സർക്കാർ തലത്തിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഈ മേഖല അന്യം നിന്നുപോകുമെന്നും തൊഴിലാളികൾ പറയുന്നു.

നോക്കി നിൽക്കരുത്

തമിഴ്‌നാട്ടിൽ ഉത്പാദിപ്പിക്കുന്ന മൺപാത്രങ്ങൾ വിലക്കെടുത്ത് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വിൽപ്പന നടത്താൻ കച്ചവടക്കാരെ ഏൽപ്പിക്കുന്ന പതിവുണ്ടിപ്പോൾ. അവർ വിവിധ ഭാഗങ്ങളിൽ ലോറികളിൽ കൊണ്ടുവന്നു വിൽപ്പന നടത്തുന്നു. എന്നാൽ ഏതാനും പേർ ചേർന്നു നിർമാണശാലകളിൽ നിന്നും വിലക്കെടുത്തു കൊണ്ടുവന്നു വീടുവീടാന്തരം കയറിയിറങ്ങി വിൽപ്പന നടത്തുന്നതും ചിലയിടങ്ങളിലെ കാഴ്ചയാണ്. അത്തരത്തിൽ കേരളത്തിൽ രണ്ടായിരത്തോളം പേർ ദിനംപ്രതി വിൽപ്പനക്കായി എത്തിച്ചേരുന്നുണ്ട്. ഇവരിൽ ഏറെയും നാഗർകോവിൽ സ്വദേശികളാണ്. ഒരിടത്ത് നിന്ന് ശേഖരിക്കുന്ന പാത്രങ്ങൾ വിറ്റഴിക്കാനായി തലച്ചുമടായി കിലോമീറ്ററുകളോളം ഇവർ ദിനേന കാൽനടയായി സഞ്ചരിക്കുന്നു. എന്നാൽ കഷ്ടപ്പെടുന്നതിനനുസരിച്ച് പ്രയോജനം ഉണ്ടാകാറില്ലെന്നണ് ഇവർ പറയുന്നത്. ഉത്സവ സീസണിൽ മാത്രം കച്ചവടത്തിനായി എത്തുന്നവരും ധാരാളമുണ്ട്. കലം, കറിച്ചട്ടികൾ തുടങ്ങിയവയാണ് ഇക്കൂട്ടർ തലച്ചുമടുകളായി കൂടുതലും വിൽപ്പന നടത്തുന്നതെങ്കിൽ മണ്ണിൽ നിർമിതമായ ചെടിച്ചട്ടികൾ, ചോറുപാത്രങ്ങൾ, ചായക്കപ്പുകൾ, കൂജകൾ, ദോശക്കല്ലുകൾ, അപ്പച്ചട്ടികൾ, ചപ്പാത്തി പാത്രങ്ങൾ, അടുപ്പുകൾ തുടങ്ങി പഴമയുടെ പാരമ്പര്യവും പുതുമയുടെ സൗന്ദര്യവും ഒത്തുചേർന്ന വൈവിധ്യമാർന്ന മൺപാത്രങ്ങൾക്കും ഇന്ന് ആവശ്യക്കാർ ഏറെയാണത്രെ. അന്യം നിന്നുപോകുന്ന ഈ തൊഴിൽ സംരക്ഷിക്കാനോ പരിപോഷിപ്പിക്കാനോ കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്ന പരാതിയുണ്ട്. ആധുനികതയുടെ കടന്നുകയറ്റത്താൽ ഒരിക്കൽ പുറംതള്ളിയ മൺപാത്രങ്ങൾ ആധുനിക വീടുകളുടെ അകത്തളങ്ങളിലേക്ക് വീണ്ടുമെത്തുമ്പോൾ അതിന്റെ നാടൻതനിമ നിലനിർത്താനുള്ള യത്നത്തിലാണ് കാലുകൊണ്ട് ചവിട്ടിക്കുഴച്ച് കളിമണ്ണ് പാകപ്പെടുത്തുന്ന പ്രായാധിക്യം ചെന്ന കുലത്തൊഴിലുകാർ. ഇവരെ സംരക്ഷിക്കേണ്ട ബാധ്യത പഴമയെ പെരുത്തിഷ്ടപ്പെടുന്ന സമൂഹത്തിനുണ്ട്.
.