Connect with us

book review

ജോർദാനിലെ മണ്ണും മനസ്സും

രമേഷിന്റെ ജോർദാൻ യാത്ര വായിച്ചാൽ, ഇസ്്ലാമിക രാജ്യങ്ങളുടെ ബഹുസ്വരത നമുക്ക് ബോധ്യപ്പെടും. ഇന്ത്യയോട് ജോർദാൻ പുലർത്തുന്ന ആദരവ് കാണുമ്പോൾ നമ്മുടെ മനസ്സുകൾ പുളകം കൊള്ളും. രാജ്യത്തെ പ്രധാന നിരത്തിന് "മഹാത്മാ ഗാന്ധി സ്ട്രീറ്റ്' എന്ന് പേരുവിളിച്ച രാജ്യമാണ് ജോർദാൻ. ഇന്ത്യയോട് ഇത്രയടുത്തോ ജോർദാൻ എന്ന് ആരും ആശ്ചര്യപ്പെട്ടു പോകും!

Published

|

Last Updated

മലയാളത്തിൽ പ്രവാസ സാഹിത്യത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദശകങ്ങളിലാണ് ഗൾഫ് രാജ്യക്കാഴ്ചകൾ ഈ സാഹിത്യശാഖയെ സമ്പന്നമാക്കിയത്. മൂന്ന് തരം രചനകളാണ് ഗൾഫ് പ്രവാസത്തെ മലയാളത്തിൽ രേഖപ്പെടുത്തിയത്. “കണ്ടെഴുത്ത്’, “കൊണ്ടെഴുത്ത്’, “കേട്ടെഴുത്ത്’ എന്നീ പേരുകളിൽ ആ മൂന്ന് വിഭാഗത്തെ തരംതിരിക്കാം. കാഴ്ചക്കാരനായി സഞ്ചരിക്കുകയും പഠനവും മനനവും ചേർത്ത് വിജ്ഞാനപ്രദമായ രചനകൾ തീർക്കുകയും ചെയ്യുന്നതാണ് “കണ്ടെഴുത്ത്. മലയാളത്തിന്റെ അനുഗൃഹീതനായ കഥാകാരൻ സക്കറിയ ആ ഗണത്തിൽ മുന്നിട്ടുനിൽക്കുന്നു.

ഒന്നാം ഗണത്തിൽ സക്കറിയയുടെ എഴുത്തുവഴിയിലാണ് രമേഷ് ശങ്കരൻ സഞ്ചരിക്കുന്നത്. കണ്ണിൽ പെട്ട ദൃശ്യങ്ങളുടെ ഗതകാല ചരിത്രവും അത് ആ രാഷ്ട്രനിർമിതിയിൽ ചെലുത്തിയ സംസ്കാരവും കണ്ടെത്തി വായനക്കാർക്ക് സമ്മാനിക്കുന്ന ശ്രമകരമായ ദൗത്യമാണ് ഈ യാത്രാപുസ്തകം.

സഹസ്രാബ്ദങ്ങൾ പിന്നിട്ട സംസ്കാരത്തിന്റെ ചരിത്രവിന്യാസമാണ് ജോർദാൻ. ഈ അറബ് രാജ്യത്തെക്കുറിച്ച് ഇന്ത്യൻ ഭാഷകളിൽ യാത്രാവിവരണങ്ങൾ വിരളമാണ്. ചെറുകിട തൊഴിൽ സാധ്യതകൾ പരിമിതമായതിനാൽ സാധാരണക്കാരായ മലയാളികളുടെ സാന്നിധ്യം മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് അവിടെ കുറവാണുതാനും. അതുകൊണ്ട് തന്നെ ജോർദാനെ അറിയാനുള്ള ഈ അക്ഷരദൗത്യം എല്ലാ മലയാളികൾക്കും പ്രയോജനപ്രദമാണ്. ജോർദാൻ യാത്രക്ക് അവസരം കിട്ടുന്നവർക്ക് സമ്പൂർണമായ ഒരു ട്രാവൽ ഗൈഡായും ഈ പുസ്തകം പ്രയോജനപ്പെടും. ജോർദാനിലെത്തുന്ന ഒരു സഞ്ചാരി സന്ദർശിക്കേണ്ട കേന്ദ്രങ്ങളൊന്നും രമേഷ് വിട്ടുകളഞ്ഞിട്ടില്ല.

വിദ്യാർഥികൾക്ക് കൗതുകമേകുന്ന ഒട്ടേറെ പൊതുവിജ്ഞാനം പകരുന്ന വൈജ്ഞാനിക ഗ്രന്ഥമായും ഈ പുസ്തകത്തെ പരിഗണിക്കാം. “ഡെഡ് സീ’ എന്ന് ഇംഗ്ലീഷിലും “ബഹറുൽ മയ്യിത്ത്’ എന്ന് അറബിയിലും വിളിക്കപ്പെടുന്ന വിഖ്യാതമായ ചാവുകടലിന് ആ പേരു വന്നതിന്റെ ന്യായമറിയാൻ പ്രയോജനപ്പെടുന്നത്, ഈ പുസ്തകം പ്രദാനം ചെയ്യുന്ന അനേകം വിജ്ഞാനഗുളികകളിൽ ഒന്നുമാത്രം!

അറബ് നാടുകളെക്കുറിച്ചുള്ള ചില പൊതുധാരണകൾ തിരുത്താനും ഈ യാത്രാവായന ഉപകരിക്കും. മുസ്്ലിം – ഭൂരിപക്ഷ രാജ്യങ്ങളൊക്കെ ഇസ്്ലാമിക രാജ്യങ്ങളാണെന്നും അവിടെയൊക്കെ സഊദി മാതൃകയിൽ ഏകമത വിശ്വാസ സ്വാതന്ത്ര്യം മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂവെന്നുമുള്ള തെറ്റിദ്ധാരണകൾ നാടുവിടാത്ത മലയാളികൾക്കുണ്ട്. യഥാർഥത്തിൽ ലോകത്തിലെ 51 മുസ്്ലിം – ഭൂരിപക്ഷ രാജ്യങ്ങളിൽ വെറും ആറെണ്ണം മാത്രമാണ് ഇസ്്ലാമിക രാഷ്ട്രങ്ങൾ. മറ്റു 15 രാജ്യങ്ങൾക്ക് ഇസ്്ലാം ദേശീയ മതമാണെങ്കിലും മറ്റെല്ലാ മതങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്. ജോർദാൻ അത്തരമൊരു രാജ്യമാണ്. 24 മുസ്്ലിം രാജ്യങ്ങൾ മതേതര രാഷ്ട്രങ്ങളാണ്. ഇവയിൽ ചിലതിന് ഒന്നിലേറെ ഔദ്യോഗിക മതങ്ങളുണ്ട്. (ലെബനോൺ 18 ഔദ്യോഗിക മതങ്ങളുള്ള രാഷ്ട്രമാണ്.) അവശേഷിക്കുന്ന ആറ് മുസ്്ലിം രാജ്യങ്ങൾ, ദേശീയമതം പ്രഖ്യാപിച്ചിട്ടേയില്ല.

രമേഷിന്റെ ജോർദാൻ യാത്ര വായിച്ചാൽ, ഇസ്്ലാമിക രാജ്യങ്ങളുടെ ഈ ബഹുസ്വരത നമുക്ക് ബോധ്യപ്പെടും. ഇന്ത്യയോട് ജോർദാൻ പുലർത്തുന്ന ആദരവ് കാണുമ്പോൾ നമ്മുടെ മനസ്സുകൾ പുളകം കൊള്ളും. രാജ്യത്തെ പ്രധാന നിരത്തിന് “മഹാത്മാ ഗാന്ധി സ്ട്രീറ്റ്’ എന്ന് പേരുവിളിച്ച രാജ്യമാണ് ജോർദാൻ. ഇന്ത്യയോട് ഇത്രയടുത്തോ ജോർദാൻ എന്ന് ആരും ആശ്ചര്യപ്പെട്ടു പോകും!

ഇന്ത്യയെപ്പോലെ ജോർദാനും ബ്രിട്ടീഷ് കോളനിയായിരുന്നതും ഏതാണ്ട് ഒരേ കാലത്ത് സ്വാതന്ത്ര്യം നേടിയതും ഈ മാനസിക ഐക്യത്തിന് കാരണമാകാം. എന്നാൽ ബ്രിട്ടനു മുമ്പേ ഗ്രീസിന്റെയും റോമാ സാമ്രാജ്യത്തിന്റെയും അധിനിവേശം അനുഭവിക്കാൻ യോഗമുണ്ടായത് സാംസ്കാരികമായി ജോർദാന്റെ മേന്മയാണെന്നും പറയാം! ലളിത മനോഹരമാണ് രമേഷിന്റെ ആഖ്യാനശൈലി. എന്നാൽ ഭാഷാസൗകുമാര്യത്തിൽ മാതൃകയാക്കേണ്ടത് ഈ പുസ്തകത്തിന് “തിരനോട്ടം’ എന്ന പേരിൽ തിലകക്കുറി ചാർത്തിയ ഡോ. ഇന്ദിരാ ബാലചന്ദ്രന്റെ അവതാരികയാണ്.▪️

Latest