prathivaram poem
ഒപ്പ്
അതിനുമടിയിൽ കനത്തിൽ രണ്ടു കുത്തും. ഒരൊപ്പ് അവിടെ നിത്യവിശ്രമം കൊള്ളുന്നു.
അടിയിൽ
നീട്ടിയൊരു
വര.
അതിനുമടിയിൽ
കനത്തിൽ
രണ്ടു കുത്തും.
ഒരൊപ്പ്
അവിടെ
നിത്യവിശ്രമം കൊള്ളുന്നു.
ഗാംഭീര്യം
എഴുതുന്ന
അക്ഷരങ്ങൾക്ക്
ഗാംഭീര്യം കുറവായതിനാൽ
പേന മാറ്റി.
ഇപ്പോൾ
ഗാംഭീര്യം കൂടിയത്
പേനക്കാണ്.
നിറം മാറ്റം
ഭൂമി
ഉരുണ്ടതാണോ
എന്നറിയാൻ
പുറപ്പെടും സ്ഥലത്ത്
ഒരു കൊടി കുത്തിനാട്ടി
മുൻപോട്ട് നടന്നു.
കറങ്ങിത്തിരിഞ്ഞ് വന്നപ്പോൾ
കൊടിയുടെ നിറം
മാറിയിരിക്കുന്നു.
ഭൂമിയുടെ
നിറവും.
അസ്സൽ കഥ
നീട്ടിപ്പരത്തി എഴുതാൻ
മടിയായതുകൊണ്ടാണ്
കഥ വിട്ട്
കവിതയിലേക്കെത്തിയത്.
ഇപ്പോൾ കവിതയാവട്ടെ
അസ്സൽ കഥയും.







