Kerala
പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 155 കേസുകള്‍; 59 പേര്‍ അറസ്റ്റില്‍
നവംബര്‍ 21 ശനിയാഴ്ച വൈകിട്ടും 22 ഞായറാഴ്ച പുലര്‍ച്ചെയുമായി രണ്ട് ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന നടത്തിയത്
പത്തനംതിട്ട | സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ മിന്നല്‍ പരിശോധന. 806 വാഹനങ്ങള്‍ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് 155 കേസുകളും എന്‍ ഡി പി എസ് നിയമപ്രകാരം എട്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് കേസുകളില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു.
അബ്കാരി നിയമപ്രകാരം 25 കേസുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് 22 കോട്പ കേസുകളും പണംവച്ചുള്ള ചീട്ടുകളിയുമായി ബന്ധപ്പെട്ട് രണ്ട് ഗെയിമിംഗ് ആക്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. മറ്റ് പ്രാദേശിക നിയമങ്ങള്‍ പ്രകാരം 15 കേസുകളും കണ്ടെത്തി. ജില്ലയില്‍ സംശയാസ്പദമായ 15 ലോഡ്ജുകള്‍, 13 ഒളിത്താവളങ്ങള്‍, 17 സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. സാമൂഹ്യവിരുദ്ധരെന്ന് സംശയിക്കുന്ന 32 പേരെ പരിശോധിച്ചു. കാപ്പ നിയമപ്രകാരം ജില്ലയില്‍നിന്ന് പുറത്താക്കപ്പെട്ട നാലുപേരെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു. കൂടാതെ ഒരു എല്‍.പി. വാറണ്ടും 11 ജാമ്യമില്ലാ വാറണ്ടുകളും നടപ്പാക്കി.
നവംബര്‍ 21 ശനിയാഴ്ച വൈകിട്ടും 22 ഞായറാഴ്ച പുലര്‍ച്ചെയുമായി രണ്ട് ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന നടത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയും ജില്ലയുടെ ക്രമസമാധാനവും ഉറപ്പാക്കുന്നതിന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു.
Content Highlights: Pathanamthitta police registered 155 drunk driving cases and arrested 59 people during a two-phase district-wide inspection led by SP R Anand. Raids also logged NDPS, Abkari, COTPA, and gaming cases along with checks on lodges and hideouts. Police executed warrants and monitored KAAPA-externed individuals to maintain order.






