Connect with us

Kerala

ദുരന്തമുഖത്ത് നാലാം നാളും തിരച്ചില്‍ ഊര്‍ജിതം; മരണം 331 ആയി

പ്രദേശത്ത്  സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

Published

|

Last Updated

കല്‍പറ്റ | ദുരന്തഭൂമിയില്‍ നാലാംദിനവും കാണാതായവരെ തേടി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരണസംഖ്യ 331 ആയി ഉയര്‍ന്നു.ആറ് സോണുകളായി തിരിച്ചാണ് നിലവില്‍ പരിശോധ നടക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 206പേരെ കണ്ടെത്താനുണ്ട്.നാലാം നാള്‍ കണ്ടെത്തിത് 9 മൃതദേഹങ്ങളും 5 ശരീരഭാഗങ്ങളും. 116 മൃതദേഹം നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍. ജില്ലയില്‍ 91 ദുരിതാശ്വാസ ക്വാമ്പുകളിലായി കഴിയുന്നത് 9328 പേരാണ്.മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലായി 1729 പേരാണ് ഉള്ളത്.ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

മൃതദേഹം കണ്ടെത്താനായി ചാലിയാറിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
രണ്ട് സംഘങ്ങളെ വനത്തിനകത്ത് സൂചിപ്പാറ വെളളച്ചാട്ടത്തിന് സമീപം നേവിയുടെ ഹെലികോപ്റ്ററില്‍ എയര്‍ ഡ്രോപ്പ് ചെയ്തു. ചാലിയാറിന് മുകളിലൂടെ പറന്ന് പോലീസ് ഹെലികോപ്റ്ററിന്റെ നിരീക്ഷണവും തുടരുകയാണ്.

അതേസമയം  രക്ഷാപ്രവര്‍ത്തകര്‍ നാലാം ദിവസം നാല് പേരെ ദുരന്തമുഖത്ത് നിന്നും  രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിലെ തകര്‍ന്ന വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് സൈന്യത്തിന്റെ തിരച്ചിലില്‍ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

വയനാട് ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രദേശത്തെ രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു. വള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായി നശിച്ചു. പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു

പ്രദേശത്ത്  സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

Latest