Connect with us

Business

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ എസ്ബിഐ കണ്‍സോര്‍ഷ്യം വായ്പ നല്‍കും

പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പടെയുള്ള ബാങ്കുകളാണ് വായ്പ നല്‍കുക.

Published

|

Last Updated

ന്യൂഡല്‍ഹി| എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ ടാറ്റ ഗ്രൂപ്പിന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വായ്പ നല്‍കും. ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ പിന്‍വലിക്കാനും പ്രവര്‍ത്തന ചെലവിനുള്ള പണം കണ്ടെത്താനുമാണ് ബാങ്കുകളുടെ സംഘം സഹായിക്കുക. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പടെയുള്ള ബാങ്കുകളാണ് വായ്പ നല്‍കുക. നിലവിലുള്ള വായ്പകള്‍ പുനക്രമീകരിക്കാനും ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യക്ക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് നേരത്തെ വായ്പ നല്‍കിയിട്ടുള്ളത്. ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതിനാല്‍ കൂടുതല്‍ വായ്പ എല്‍ഐസി ഇനി നല്‍കില്ല. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സ്റ്റാറ്റ്സിന്റെ 50ശതമാനം ഓഹരികളുമാണ് ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള താലസ് ലിമിറ്റഡിന് സര്‍ക്കാര്‍ കൈമാറിയത്.

കനത്ത കടബാധ്യതയെതുടര്‍ന്ന് എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ടാറ്റയെത്തിയത്. 2021 ഓഗസ്റ്റ് 31വരെയുള്ള കണക്കുപ്രകാരം 61,562 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ബാധ്യത. ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിന്റെ ഭാഗമായി ഈ കടത്തിന്റെ 75ശതമാനം(46,262 കോടി രൂപ) എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറി. എയര്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ ടാറ്റ രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായി.

 

Latest