Kerala
ലോകത്തിന്റെ ഏത് കോണിലിരുന്നും വീക്ഷിക്കാം ഫലങ്ങളറിയാം; ഹൈടെക്കാണീ കലോത്സവം
ഹൈടെക്ക് സംവിധാനമാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ഈ കലോത്സവത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് | ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ലോകത്തിന്റെ ഏത് കോണിലിരുന്നും വീക്ഷിക്കാനും ഫലങ്ങള്‍ അറിയാനും സാധിക്കും. ഹൈടെക്ക് സംവിധാനമാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ഈ കലോത്സവത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കലോത്സവം ടെലിവിഷനില്‍ നിന്നു കാണാനായി കൈറ്റിന്റെ രണ്ട് ചാനലുകള്‍ വഴി മുഴുവന്‍ സമയ സംപ്രേക്ഷണവും ദൃശ്യങ്ങളും ഫലങ്ങളും രചനകളും അറിയാനും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ഓണ്‍ലൈന്‍ സംവിധാനവും ആപ്പുമാണ്കൈറ്റ് ഏര്‍പ്പെടുത്തിയത്.
കൈറ്റിന്റെ നേതൃത്വത്തില്‍ അഞ്ച് വേദികളില്‍ നിന്നും തത്സമയ സംപ്രേക്ഷണം രാത്രി 11 മണി വരെ തുടരുന്നുണ്ട്. ശേഷം രാത്രി 11 മുതല്‍ പുനര്‍ സംപ്രേക്ഷണവും നടക്കും. കൈറ്റിന്റെയും വിക്ടേഴ്‌സ് പ്ലസിന്റെയും ചാനലുകളിലൂടെയാണ് ഇടവേളകളില്ലാതെ കലോത്സവ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത്. കൈറ്റിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലൂടെയുള്ള സംപ്രേക്ഷണം ഈ കലോത്സവം മുതലാണ് ആരംഭിച്ചത്.
കലോത്സവ വിവരങ്ങളറിയാനുള്ള ‘ഉത്സവം’ മൊബൈല്‍ ആപ്പും വെബ്‌സൈറ്റുമാണ് മറ്റൊരു പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘KITE Ulsavam’ എന്ന് നല്‍കി നിരവധി പേരാണ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. മത്സരഫലങ്ങള്‍ക്കു പുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവുമുണ്ട്.
കലോത്സവം പോര്‍ട്ടല്‍
www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാണ്.വിധികര്‍ത്താക്കള്‍ ഫലം പ്രഖ്യാപിച്ച ഉടന്‍ തന്നെ മത്സരാര്‍ഥികളുടെ പേരും സ്‌കൂളും ഗ്രേഡുമെല്ലാം ഇതുവഴി അപ് ലോഡും ചെയ്യുന്നുണ്ട്. ഓരോ ദിവസവും നിരവധിയാളുകളാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്.





