Techno
മൂന്ന് സ്മാര്‍ട്ട്‌ഫോണുകളുമായി റെഡ്മി നോട്ട് 13 സീരീസ് എത്തുന്നു
ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി 12 പ്രോ സീരീസിന്റെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 13 സീരീസ്.
ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മി തങ്ങളുടെ നോട്ട് വിഭാഗത്തില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റെഡ്മിയുടെ ഏറ്റവും ജനപ്രിയ മോഡലാണ് റെഡ്മി നോട്ട് സീരീസ്. റെഡ്മി നോട്ട് 13 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ സെപ്തംബര്‍ 21ന് അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചൈനീസ് വിപണിയിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ആദ്യം അവതരിപ്പിക്കുക. ഇന്ത്യന്‍ വിപണിയില്‍ എപ്പോള്‍ എത്തുമെന്ന് സൂചനകള്‍ ലഭിച്ചിട്ടില്ല.
റെഡ്മി നോട്ട് 13 സീരീസില്‍ റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകളായിരിക്കും ഉണ്ടായിരിക്കുക. ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി 12 പ്രോ സീരീസിന്റെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 13 സീരീസ്. നോട്ട് സീരീസിലെ ആദ്യത്തെ കര്‍വ് ഡിസ്പ്ലേയുള്ള ഫോണായിട്ടായിരിക്കും റെഡ്മി നോട്ട് 13 പ്രോ പ്ലസ് വരുന്നത്. മുന്‍ തലമുറ മോഡലുകളില്‍ നിന്നും വ്യത്യസ്തമായ ഡിസൈനായിരിക്കും പുതിയ ഫോണുകളില്‍ ഉണ്ടായിരിക്കുക.
റെഡ്മി നോട്ട് 13 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണില്‍ 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഫോണില്‍ സുരക്ഷയ്ക്കായി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് ഗ്ലാസ് പ്രൊട്ടക്ഷന്‍ ഉണ്ടായിരിക്കും. റെഡ്മി നോട്ട് 13 സീരീസ് മാലി-ജി610 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡൈമന്‍സിറ്റി 7200 അള്‍ട്ര എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.




