Connect with us

editorial

യഥാർഥ പ്രതി ലഹരി

ലഹരിയുടെ നീരാളിപ്പിടിത്തം സംസ്ഥാനത്ത് എത്രത്തോളം തീവ്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ലഹരിയുടെ സ്വാധീനത്തിൽ യുവതലമുറയിൽ നല്ലൊരു വിഭാഗം അക്രമസ്വഭാവത്തിലേക്കും ഗുണ്ടായിസത്തിലേക്കും വഴുതിമാറുകയാണ്. ക്രിമിനൽ കേസുകളിൽ നല്ലൊരു ശതമാനം പ്രതികളുടെ അക്രമസ്വഭാവത്തിന് കാരണം മദ്യവും മയക്കുമരുന്നുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. സ്‌കൂൾ ജീവിതകാലത്ത് തന്നെ ലഹരി നുണഞ്ഞു തുടങ്ങുന്നവരാണ് ഇവരിൽ പലരും. ലഹരിക്കടിപ്പെടുന്നവർക്ക് കാലക്രമത്തിൽ ചിന്താശേഷിയും വിവേകവും നഷ്ടപ്പെടുകയും തത്‌സ്ഥാനത്ത് പെരുമാറ്റ ദൂഷ്യവും അക്രമവാസനയും വളർന്നുവരികയുമാണ്. ഇതിന് തടയിട്ടില്ലെങ്കിൽ വരുംതലമുറയുടെ ഭാവി ഇരുളടയുകയും സമൂഹത്തിന്റെ സുരക്ഷിതത്വം അവതാളത്തിലാകുകയും ചെയ്യും.

Published

|

Last Updated

ഞെട്ടിക്കുന്നതും വേദനാജനകവുമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം. ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനക്കെത്തിച്ച കേസിലെ പ്രതി നെടുമ്പന യു പി സ്‌കൂൾ അധ്യാപകൻ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമി. ചികിത്സക്കിടെ ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ഡോക്ടറുടെ മുഖത്തും കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
ആശുപത്രിയിൽ പോലീസും ആശുപത്രി സെക്യൂരിറ്റി സ്റ്റാഫും ചികിത്സക്കെത്തിയ ആളുകളും ഉണ്ടായിരിക്കെ ഇത്തരമൊരു ക്രൂരമായ അക്രമം നടക്കാനിടയായതെങ്ങനെ? സംഭവത്തിൽ ഹൈക്കോടതി പോലീസിനെയാണ് കുറ്റപ്പെടുത്തുന്നത്. ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റ് മരിക്കുന്ന സംഭവം കേരളത്തിൽ ഇതാദ്യമാണ്.

എന്നാൽ, ഇത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ പ്രശ്‌നത്തിലും പോലീസിന്റെ വീഴ്ചയിലും മാത്രം ചർച്ചകൾ ഒതുക്കേണ്ട വിഷയമല്ല. ഇവിടെ യഥാർഥ പ്രതി ലഹരി ഉത്പന്നങ്ങളാണ്. ലഹരിയുടെ അടിമയായിരുന്നു പ്രതിയെന്നും ആശുപത്രിയിൽ എത്തിയപ്പോഴും പ്രതി ലഹരിയിലായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ആശുപത്രിയിൽ പ്രതി അക്രമത്തിന് മുതിർന്നപ്പോൾ അയാളെ പിടിക്കാൻ പോലീസ് ശ്രമിക്കായ്കയല്ല. ലഹരിയുടെ വീര്യത്തിൽ അസാമാന്യ ശക്തി പ്രകടിപ്പിച്ച പ്രതിയുടെ മുമ്പിൽ പോലീസ് പരാജയപ്പെടുകയായിരുന്നു.

ലഹരിയുടെ നീരാളിപ്പിടിത്തം സംസ്ഥാനത്ത് എത്രത്തോളം തീവ്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ലഹരിയുടെ സ്വാധീനത്തിൽ യുവതലമുറയിൽ നല്ലൊരു വിഭാഗം അക്രമസ്വഭാവത്തിലേക്കും ഗുണ്ടായിസത്തിലേക്കും വഴുതിമാറുകയാണ്. ക്രിമിനൽ കേസുകളിൽ നല്ലൊരു ശതമാനം പ്രതികളുടെ അക്രമസ്വഭാവത്തിന് കാരണം മദ്യവും മയക്കുമരുന്നുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. സ്‌കൂൾ ജീവിതകാലത്ത് തന്നെ ലഹരി നുണഞ്ഞു തുടങ്ങുന്നവരാണ് ഇവരിൽ പലരും. ലഹരിക്കടിപ്പെടുന്നവർക്ക് കാലക്രമത്തിൽ ചിന്താശേഷിയും വിവേകവും നഷ്ടപ്പെടുകയും തത്‌സ്ഥാനത്ത് പെരുമാറ്റ ദൂഷ്യവും അക്രമവാസനയും വളർന്നുവരികയുമാണ്. ഇതിന് തടയിട്ടില്ലെങ്കിൽ വരുംതലമുറയുടെ ഭാവി ഇരുളടയുകയും സമൂഹത്തിന്റെ സുരക്ഷിതത്വം അവതാളത്തിലാകുകയും ചെയ്യും.

ഇതിനാദ്യമായി വേണ്ടത് ലഹരിവസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കുകയാണ്. മയക്കുമരുന്നിനെതിരെ അടിക്കടി ക്യാമ്പയിനുകളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. എന്നിട്ടും ലഹരി ഉത്പന്നങ്ങളുടെ ഒഴുക്കിന് യാതൊരു കുറവുമില്ലെന്നാണ് ലഹരി വേട്ടയുടെ നിരന്തരമുള്ള റിപോർട്ടുകൾ വിളിച്ചോതുന്നത്. സംസ്ഥാനത്തെ നഗര, ഗ്രാമങ്ങളിലും മുക്കുമൂലകളിലും വ്യാപകമാണ് ലഹരിമരുന്ന് വിൽപ്പനക്കാരും ഉപയോക്താക്കളും. എങ്ങനെ അറുത്തുമാറ്റിയാലും വീണ്ടും കൂടുതൽ കരുത്തോടെ ആഴത്തിലും വ്യാപ്തിയിലും വേര് പടർത്തുകയാണ് ലഹരിസംഘങ്ങൾ. കേരളത്തിൽ കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി ഉപയോഗം ഏറുകയാണെന്നും അത് എങ്ങനെ തടയുമെന്നത് വലിയൊരു വെല്ലുവിളിയാണെന്നും ഇതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപിത മുന്നേറ്റത്തിലൂടെയേ ലഹരി മാഫിയയെ അമർച്ച ചെയ്യാനാകൂ. സർക്കാർ സംവിധാനങ്ങൾക്കൊപ്പം കുടുംബവും അധ്യാപകരും സമൂഹവും പ്രതിരോധം സൃഷ്ടിക്കണം. മയക്കുമരുന്ന് വേട്ട ശക്തമാക്കുന്നതോടൊപ്പം മദ്യനിരോധം കൂടി നടപ്പാക്കിയെങ്കിലേ ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനാകുകയുള്ളൂ. മയക്കുമരുന്നുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സർക്കാർ, മദ്യനിരോധത്തിന്റെ കാര്യത്തിൽ പുറംതിരിഞ്ഞു നിൽക്കുകയാണ്. ഇത് ഇരട്ടത്താപ്പാണ്.

---- facebook comment plugin here -----

Latest