First Gear
സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചു
സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ലോഞ്ചും ഡെലിവറിയും 2023 ജൂണില്‍ ഉണ്ടാകും

ന്യൂഡല്‍ഹി| ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് വരുന്നെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും മറഞ്ഞിരിക്കുന്ന ബ്രാന്‍ഡാണ് സിമ്പിള്‍ എനര്‍ജി. 2021 ഓഗസ്റ്റ് 15ന് ഓല ഇലക്ട്രിക്കിനൊപ്പം തങ്ങളുടെ ആദ്യ ഇവി പുറത്തിറക്കിയ സിമ്പിള്‍ ഇതുവരെ യാഥാര്‍ഥ്യമായില്ല. എന്നാല്‍ കൂടെ ഉണ്ടായിരുന്ന ഓല ഇലക്ട്രിക് വിപണിയില്‍ സജീവമാണെന്നത് മറ്റൊരു വസ്തുത.
എങ്കിലും വാഹനലോകം സിമ്പിളിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയില്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ലോഞ്ചും ഡെലിവറിയും 2023 ജൂണില്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ബ്രാന്‍ഡിന്റെ ആദ്യ മോഡലായ സിമ്പിള്‍ വണ്ണിന് ഇതുവരെ 30,000 ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്.
സിമ്പിള്‍ വണ്ണിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണെന്ന് സിമ്പിള്‍ അറിയിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ യൂണിറ്റ് കമ്പനി പുറത്തിറക്കി. മെയ് 23ന് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില പ്രഖ്യാപനം ഉണ്ടാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കര്‍ണാടകയിലോ ബെംഗളുരുവിലോ ആയിരിക്കും സിമ്പിള്‍ വണ്‍ ഇലക്ട്രിക് ആദ്യമായി ഡെലിവറി ചെയ്യുക. പിന്നീട് ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ബ്രാന്‍ഡിന്റെ പദ്ധതി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായിരിക്കും സിമ്പിള്‍ വണ്‍. ഒറ്റ ചാര്‍ജില്‍ 236 കിലോമീറ്റര്‍ വരെ റേഞ്ച് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് 156 ഭേദഗതിക്ക് അനുസൃതമായുള്ള മൂന്ന് ബാറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സിമ്പിള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അതാണ് സ്‌കൂട്ടര്‍ യാഥാര്‍ഥ്യമാവാന്‍ കാലതാമസമെടുത്തത്.
സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1.10 ലക്ഷം രൂപയും എക്സ്ട്രാ റേഞ്ച് പതിപ്പിന് 1.45 ലക്ഷം രൂപയുമായിരുന്നു നേരത്തെ ബ്രാന്‍ഡ് വില പ്രഖ്യാപിച്ചത്. എന്നാല്‍ ഈ മാസാവസാനം വീണ്ടും സിമ്പിള്‍ വണ്‍ വിപണിയിലെത്തുമ്പോള്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസെന്‍ ബ്ലാക്ക്, നമ്മ റെഡ്, അസൂര്‍ ബ്ലൂ, ഗ്രേസ് വൈറ്റ് എന്നീ നിറത്തിലായിരിക്കും ടൂവിലര്‍ എത്തുക. ഏഥര്‍, ഓല എന്നിവയാണ് സിമ്പിളിന്റെ പ്രധാന എതിരാളികള്‍.