Connect with us

editorial

അവയവ റാക്കറ്റിന്റെ വേരറുക്കണം

സര്‍ക്കാറിനും നിയമപാലകര്‍ക്കും മുന്നറിയിപ്പാകട്ടെ കൊച്ചി അവയവ റാക്കറ്റ്. പേര് പുറത്തുവന്ന പ്രതികളെ പിടികൂടുന്നതില്‍ മാത്രം അവസാനിക്കരുത് നിയമ നടപടികള്‍. വിശദമായ അന്വേഷണത്തിലൂടെ ഈ റാക്കറ്റിന്റെ വേരുകള്‍ എവിടേക്കെല്ലാം പടര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി തകര്‍ക്കേണ്ടതുണ്ട്.

Published

|

Last Updated

കേരളത്തില്‍ അവയവ കച്ചവട റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവം. കൊച്ചി കേന്ദ്രമാക്കി വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തി വന്നിരുന്ന വന്‍ റാക്കറ്റിനെക്കുറിച്ചുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡില്‍ വൃക്കദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനായി നിര്‍മിച്ച വ്യാജ സത്യവാങ്മൂലങ്ങള്‍, വില്ലേജ് ഓഫീസര്‍മാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സീലുകള്‍ പതിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ കണ്ടെത്തുകയുണ്ടായി. റാക്കറ്റില്‍ അവയവം മാറ്റിവെക്കുന്ന ചില ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കണ്ണികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വര്‍ഷങ്ങളായി സംസ്ഥാനത്ത് സജീവമാണ് അവയവ കച്ചവട റാക്കറ്റ്. കേരളത്തില്‍ നിന്ന് യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് ഇറാനിലെത്തിച്ച് വൃക്കയുള്‍പ്പെടെ അവയവദാനം നടത്തിപ്പിക്കുന്ന അന്താരാഷ്ട്ര റാക്കറ്റിലെ കണ്ണിയായ തൃശൂര്‍ വലപ്പാട് സ്വദേശി 2024 മേയില്‍ കൊച്ചിയില്‍ പിടിയിലായിരുന്നു. വൃക്കക്ക് വലിയ തുകയാണ് റാക്കറ്റ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും കുറഞ്ഞ തുകയാണ് പിന്നീട് നല്‍കിയിരുന്നത്. തെക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളിലെ അവയവ റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് 2021 നവംബറില്‍ വാര്‍ത്ത പുറത്തുവരികയും അന്നത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അതേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു. കൊവിഡും കടല്‍ക്ഷോഭവും കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെയാണ് അന്ന് റാക്കറ്റ് നോട്ടമിട്ടത്. ഇവരുടെ വലയില്‍ അകപ്പെട്ട് 2019-21 കാലയളവില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്ന് മാത്രം 19 പേരാണ് വൃക്ക വിറ്റത്. ഏറെയും സ്ത്രീകളായിരുന്നു.

ദാനമായി ലഭിക്കുന്ന അവയവങ്ങള്‍ ഉപയോഗപ്പെടുത്തിയല്ലാതെ, അവയവങ്ങള്‍ വില കൊടുത്ത് വാങ്ങി മാറ്റിവെക്കുന്നത് നിയമപരമായി അനുവദനീയമല്ല രാജ്യത്ത്. 1994ലെ “അവയവം മാറ്റിവെക്കല്‍ നിയമ’ പ്രകാരം അവയവങ്ങള്‍ വാങ്ങുന്നതും അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട പണമിടപാടുകളും വിലക്കപ്പെട്ടതാണ്. അതേസമയം അവയവങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നിയമപരമായി അത് ലഭിക്കാന്‍ പലപ്പോഴും കാലതാമസം നേരിടുന്നു. ഈ കാത്തിരിപ്പും അത്യാഹിത രോഗികളുടെ അവസ്ഥയും ചൂഷണം ചെയ്താണ് അവയവ മാഫിയ പ്രവര്‍ത്തിക്കുന്നത്. ജീവന്‍ രക്ഷിക്കാനുള്ള തിടുക്കം ഒരു വശത്ത്. മറ്റൊരു വശത്ത് കടുത്ത ദാരിദ്ര്യം. ഇത് രണ്ടിനുമിടയിലാണ് അനധികൃത അവയവക്കച്ചവടത്തിനുള്ള വിപണി രൂപപ്പെടുന്നത്.

തൊഴിലില്ലായ്മ, ഭാരിച്ച ചികിത്സാ ചെലവ,് വിവാഹച്ചടങ്ങ് പോലുള്ള കുടുംബപരമായ ബാധ്യതകള്‍ തുടങ്ങിയവ മൂലം കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സാധാരണക്കാരാണ് അവയവ മാഫിയയുടെ മുഖ്യഇരകള്‍. ഇപ്പോള്‍ കൊച്ചിയിലും നേരത്തേ തെക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളിലും അവയവ റാക്കറ്റ് ലക്ഷ്യമിട്ടത് ലക്ഷക്കണക്കിനു രൂപ കടബാധ്യതയുള്ളവരെയും നിത്യവൃത്തിക്ക് വകയില്ലാത്തവരെയുമാണ്. അഞ്ച് മുതല്‍ എട്ട് ലക്ഷം വരെയാണ് മാഫിയ വൃക്കക്ക് വില പറയുന്നത്. അവര്‍ വില്‍ക്കുന്നത് 20 ലക്ഷത്തിനു മുകളിലും. സ്വീകര്‍ത്താക്കളുടെ സാഹചര്യം നോക്കി 50 ലക്ഷം വരെ വാങ്ങുന്നവരുണ്ടത്രെ. അതേസമയം ഇരകള്‍ക്ക് നേരത്തേ പറഞ്ഞുറപ്പിച്ചതിനേക്കാള്‍ കുറഞ്ഞ തുകയാണ് നല്‍കാറുള്ളത്. കൊച്ചിയില്‍ 2014ല്‍ വൃക്കക്ക് നേരത്തേ വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെന്ന് ഒരു വീട്ടമ്മ ചാനലുകളുടെ മുമ്പാകെ പരാതിപ്പെട്ടിരുന്നു. എട്ടര ലക്ഷം വില പറഞ്ഞുറപ്പിച്ചാണ് വീട്ടമ്മ വൃക്ക നല്‍കിയത്. റാക്കറ്റ് നല്‍കിയത് മൂന്നര ലക്ഷം മാത്രം.

മികച്ച ആരോഗ്യ പുരോഗതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഉയര്‍ന്ന സാമൂഹിക പുരോഗതി എന്നിവയില്‍ അഭിമാനം കൊള്ളുന്ന കേരളത്തില്‍ പോലും മനുഷ്യാവയവ കച്ചവട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് അതീവ ഗൗരവതരമാണ്. അവയവദാനം ലാഭക്കൊതിയുടെ ഇരുണ്ട വിപണിയാകുന്നതും പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി മാറുന്നതും ഇതിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്നു. പണമുള്ളവര്‍ക്ക് മാത്രം അവയവം ലഭിക്കുകയും പാവപ്പെട്ടവര്‍ക്ക് അവയവം ലഭിക്കാതെ ദുരിതത്തിലാകുകയും ചെയ്യുന്ന സാമൂഹിക അനീതിയാണിതിന്റെ പരിണതഫലം.
അവയവ കച്ചവടത്തില്‍ ചില സ്വകാര്യ ആശുപത്രികള്‍ക്ക് പങ്കുണ്ടെന്നത് ആശങ്കാജനകമാണ്.

നേരത്തേ അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസില്‍ അവയവ റാക്കറ്റിന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ സഹായം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയക്ക് ആവശ്യമായ രേഖകള്‍ തയ്യാറാക്കാനും പരിശോധനകള്‍ നടത്താനും സ്വകാര്യ ആശുപത്രികള്‍ സഹായം നല്‍കിയതായി മുഖ്യപ്രതി മൊഴി നല്‍കുകയും ചെയ്തു. ഇത് ആശുപത്രികളെക്കുറിച്ചുള്ള വിശ്വാസ്യത തകരാന്‍ ഇടയാക്കും. പണത്തിനു വേണ്ടി വ്യാജ രേഖകള്‍ സൃഷ്ടിക്കാന്‍ മടിയില്ലാത്ത ആരോഗ്യ പ്രവര്‍ത്തകരുടെ മുമ്പിലെത്തുന്ന ഒരു രോഗിക്ക്, ആശുപത്രി വിടുമ്പോള്‍ തന്റെ എല്ലാ അവയവങ്ങളും സുരക്ഷിതമാണെന്ന് എങ്ങനെ വിശ്വസിക്കാനാകും.

സര്‍ക്കാറിനും നിയമപാലകര്‍ക്കും മുന്നറിയിപ്പാകട്ടെ കൊച്ചി അവയവ റാക്കറ്റ്. പേര് പുറത്തുവന്ന പ്രതികളെ പിടികൂടുന്നതില്‍ മാത്രം അവസാനിക്കരുത് നിയമ നടപടികള്‍. വിശദമായ അന്വേഷണത്തിലൂടെ ഈ റാക്കറ്റിന്റെ വേരുകള്‍ എവിടേക്കെല്ലാം പടര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി തകര്‍ക്കേണ്ടതുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയില്‍ സ്വകാര്യ ആശുപത്രികള്‍ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കര്‍ശനമായ പരിശോധനകളും ഓഡിറ്റിംഗും ആവശ്യമാണ്. ശരീരത്തില്‍ നിന്ന് വൃക്ക പോലുള്ള അവയവം നീക്കം ചെയ്യുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരല്ല. ഇക്കാര്യത്തില്‍ ശക്തമായ ബോധവത്കരണവും നടത്തേണ്ടതുണ്ട്.

Latest