Connect with us

National

കാശ്മീരിയാണെന്ന ഒറ്റക്കാരണം; ഡല്‍ഹിയില്‍ യുവാവിന് റൂം നിഷേധിച്ച് ഹോട്ടല്‍ അധികൃതര്‍

കാശ്മീരികൾക്ക് റൂം അനുവദിക്കരുതെന്ന് പോലീസ് നിർദേശമുണ്ടെന്ന് ഹോട്ടൽ അധികൃതർ; ആരോപണം നിഷേധിച്ച് ഡൽഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | കശ്മീര്‍ സംഭവങ്ങളെ കുറിച്ച് അവാസ്തവ വിവരങ്ങള്‍ പ്രചരിപ്പിച്ച കാശ്മീര്‍ ഫയല്‍സ് സിനിമക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ, കാശ്മീരികളെ അപമാനിക്കുന്ന വീഡിയോ പുറത്ത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഒരാള്‍ക്ക് ഹോട്ടല്‍ റൂം നല്‍കാന്‍ ഹോട്ടല്‍ അധികൃതര്‍ വിസമ്മതിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ആധാര്‍ ഉള്‍പ്പെടെ ശരിയായ രേഖകള്‍ കാണിച്ചിട്ടും കാശ്മീരിയാണെന്ന ഒറ്റക്കാരണത്താല്‍ മുറി നല്‍കാനാകില്ലെന്ന് ഹോട്ടല്‍ റിസപ്പഷനിസ്റ്റ് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഓയോ റൂംസ് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴി ന്യൂഡല്‍ഹിയില്‍ മുറി ബുക്ക് ചെയ്ത കാശ്മീരി യുവാവിനാണ് ദുരനുഭവമുണ്ടായത്. ഹോട്ടലിലെത്തി രേഖകള്‍ കാണിച്ചപ്പോള്‍ റൂം തരാനാകില്ലെന്ന് റിസപ്ഷനിസ്റ്റ് അറിയിക്കുകയായിരുന്നു. കാശ്മീരികള്‍ക്ക് മുറി നല്‍കരുതെന്ന് പോലീസിന്റെ നിര്‍ദേശമുണ്ടെന്നും അതിനാല്‍ മുറി നല്‍കാനാകില്ലെന്നുമാണ് റിസപ്ഷനിസ്റ്റ് പറയുന്നത്. ഇതിനിടെ റിസപ്ഷനിസ്റ്റ് മേലുദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിക്കുന്നതും അയാളും മുറി നല്‍കാനാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നതും കാണാം.

സംഭവത്തിന്റെ വീഡിയോ യുവാവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ വക്താവ് നസീര്‍ ഖുഹാമിയാണ് വീഡിയോ ട്വിറ്ററില്‍ പുറത്ത് വിട്ടത്.

അതേസമയം, ആരോപണങ്ങള്‍ ഡല്‍ഹി പോലീസ് നിഷേധിച്ചു. കാശ്മീരികള്‍ക്ക് മുറി നല്‍കരുതെന്ന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഓയോ റൂംസ് വിവാദ ഹോട്ടലിനെ അവരുടെ സേവനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.