Connect with us

National

കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; കേരളമടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; കേരളമടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, മതിയായ പരിശോധന ഉറപ്പാക്കാനും കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കാനും വാക്സിനേഷൻ വേത്തിലാക്കാനും കേന്ദ്ര സർക്കാർ കേരളമടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന കൂട്ടായ്മകളും കോവിഡ് -19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ, ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്കാണ് കത്ത് നൽകിയത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മതിയായ ആർടി-പിസിആർ, ആന്റിജൻ പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന് കത്തിൽ പറയുന്നു. വ്യാപനം തടയുന്നതിന് ഉയർന്ന കേസുകൾ, പോസിറ്റിവിറ്റി നിരക്ക്, ക്ലസ്റ്ററുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഓഗസ്റ്റ് 5 ന് അയച്ച കത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പങ്കിട്ട കോവിഡ്-19 പുതുക്കിയ മാർഗരേഖ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

ഓഗസ്റ്റ് 5 ന് 2202 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ ഒരു മാസമായി ഡൽഹിയിൽ പ്രതിദിന കേസുകളുടെ എണ്ണം ഉയർന്ന ശരാശരിയിലാണ്. ഓഗസ്റ്റ് 5 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിലെ പ്രതിവാര കേസുകളിൽ 8.2 ശതമാനം ഡൽഹിയിൽ നിന്നാണ്. ജൂലൈ 29 ന് അവസാനിച്ച ആഴ്ചയിൽ ഡൽഹിയിലെ പ്രതിദിന കേസുകളുടെ ശരാശരി 802 ആയിരുന്നെങ്കിൽ ഓഗസ്റ്റ് 5 ന് അവസാനിച്ച ആഴ്ചയിൽ ഇത് 811 ആയി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ മാസം കേരളത്തിൽ പ്രതിദിനം ശരാശരി 2,347 കേസുകളും മഹാരാഷ്ട്രയില് 2,135 കേസുകളും റിപ്പോര്ട്ട് ചെയ്തതായും രാജേഷ് ഭൂഷൺ കത്തിൽ വ്യക്തമാക്കി.

Latest