Connect with us

From the print

ക്ഷേത്രോദ്ഘാടന ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി

ഉദ്ഘാടന ചടങ്ങില്‍ വിളക്കുകത്തിക്കാന്‍ പ്രധാന പൂജാരി തന്റെ കൈയില്‍ വിളക്ക് നല്‍കാതെ അയാള്‍ സ്വയം വിളക്ക് കത്തിക്കുകയാണ് ഉണ്ടായത്.

Published

|

Last Updated

കോട്ടയം | ക്ഷേത്രോദ്ഘാടന ചടങ്ങില്‍ താന്‍ ജാതിവിവേചനം നേരിട്ടെന്ന് പട്ടികജാതി- ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ജാതിയുടെ പേരില്‍ തന്നെ മാറ്റിനിര്‍ത്തിയതെന്നും അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മന്ത്രി ജാതിവിവേചനം നേരിട്ടെന്ന് വെളിപ്പെടുത്തിയത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്പാണ് സംഭവം. ക്ഷേത്രത്തിന്റെ പേരോ സ്ഥലമോ എടുത്തുപറയാതെയാണ് മന്ത്രിയുടെ തുറന്നുപറച്ചില്‍. ഉദ്ഘാടന ചടങ്ങില്‍ വിളക്കുകത്തിക്കാന്‍ പ്രധാന പൂജാരി തന്റെ കൈയില്‍ വിളക്ക് നല്‍കാതെ അയാള്‍ സ്വയം വിളക്ക് കത്തിക്കുകയാണ് ഉണ്ടായത്. താന്‍ ആദ്യം വിചാരിച്ചത് അത് ആചാരത്തിന്റെ ഭാഗമാണെന്നാണ്. ആചാരത്തെ തൊട്ടുകളിക്കേണ്ടെന്ന് വിചാരിച്ച് താന്‍ മാറിനിന്നു.
അതിനുശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് നല്‍കി, അയാളും ദീപം തെളിയിച്ചു. അപ്പോഴും താന്‍ വിചാരിച്ചത് അതിനുശേഷം വിളക്ക് തനിക്ക് കൈമാറുമെന്നാണ്. ശേഷം അയാള്‍ വിളക്ക് തന്റെ കൈയില്‍ തരാതെ നിലത്തുവെച്ചു. വിളക്ക് നിലത്തുവെച്ചത് താന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍ താന്‍ വിളക്ക് എടുത്ത് കത്തിച്ചില്ലെന്നും അതേ വേദിയില്‍ അതിന് മറുപടി നല്‍കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ തരുന്ന പൈസക്ക് അയിത്തമില്ല, എനിക്ക് മാത്രമാണ് അയിത്തം കല്‍പ്പിക്കുന്നതെന്നും അന്ന് പറഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. പൂജാരിയെ വേദിയില്‍ ഇരുത്തിക്കൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.