Connect with us

Prathivaram

നഷ്ടം സഭക്ക് തന്നെ

പാലാ ബിഷപില്‍ പൊടുന്നനെ ഉറഞ്ഞുകൂടിയ വാക്കുകള്‍ കാലുഷ്യമായി പെയ്യാതിരിക്കാന്‍ ഇപ്പോള്‍ വീണ്ടും സമൂഹമനസ്സ് ഒത്തൊരുമിച്ചു നിന്നു. വിഭജനം പടര്‍ത്തുന്ന വാക്കുകള്‍ തിരുത്തണമെന്ന് നാടാകെ ആവശ്യമുയര്‍ത്തിയിരിക്കുന്നു. സ്‌നേഹവും കരുണയും മാത്രം ഉദ്‌ഘോഷിക്കേണ്ട ആള്‍ത്താര ആ വിശുദ്ധി വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണ് കേരളത്തിന്റെ നന്മ മനസ്സില്‍ ജ്വലിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എഴുത്തുകാരന്‍ സക്കറിയ സംസാരിക്കുന്നു.

Published

|

Last Updated

? പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ ഉയര്‍ത്തിവിട്ട വര്‍ഗീയ പ്രസ്താവനക്ക് ശേഷമുള്ള കേരളത്തെ എങ്ങനെ വിലയിരുത്തുന്നു.

ഒരു കത്തോലിക്കാ ബിഷപ് കേരളത്തിലെ പ്രമുഖ സമുദായത്തെപ്പറ്റി പറഞ്ഞതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്നെങ്കില്‍ അത് കത്തോലിക്കാ സഭക്ക് തന്നെ ആയിരിക്കും. ഇതുകൊണ്ട് മുസ്്‌ലിംകള്‍ നശിച്ചുപോകുമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഇതിന്റെ അടിസ്ഥാന പ്രശ്‌നം കത്തോലിക്കാ സഭയുടെ വിശ്വാസ്യതയുടേതാണ്. ബിഷപുമാരുടെ വിശ്വാസ്യത, അവര്‍ ദൈവത്തിന്റെ ആളുകളാണ് എന്ന നിലയില്‍ അവരെപ്പറ്റി ജനങ്ങള്‍ക്കുള്ള പ്രതീക്ഷ, അവര്‍ പരിശുദ്ധരായ മനുഷ്യരാണെന്ന തോന്നല്‍, അവര്‍ തത്വവും നീതിയും പരിപാലിക്കുന്നവരാണെന്നൊക്കെയുള്ള ധാരണ… ഇതെല്ലാം സമൂഹത്തില്‍ പ്രബലമാണ്. ക്രിസ്ത്യാനികളും ക്രിസ്ത്യാനികള്‍ അല്ലാത്തവരും അവരെപ്പറ്റി കാത്തു സൂക്ഷിച്ചിരുന്ന പ്രതിച്ഛായക്കാണ് ആ പ്രസ്താവന മങ്ങലേല്‍പ്പിച്ചത്. അതാണ് ബിഷപ്പിന്റെ അടിസ്ഥാനമില്ലാത്ത ആരോപണത്തിനു ശേഷം കേരളത്തില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതല്ലാതെ കേരളത്തില്‍ സാമുദായികമായൊരു വിപ്ലവമോ ക്രിസ്ത്യനികളുടെതായിട്ട് ഒരു പുതിയ ചിന്താഗതിയോ ഒന്നും അത് ഉണ്ടാക്കിയിട്ടുള്ളതായി എനിക്കറിയില്ല.

? ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പ്രതികരണത്തെ എങ്ങനെ കാണുന്നു.

സമുദായമല്ല വ്യക്തിയാണെങ്കിലും ആരാണെങ്കിലും, ഇത്തരത്തില്‍ അന്യായമോ അല്ലെങ്കില്‍ ഒട്ടും സത്യമല്ലാത്തതോ ആയ അടച്ചാരോപണം ഉണ്ടാകുമ്പോള്‍ അവര്‍ അതിനു യുക്തിയുക്തമായി മറുപടി പറയും. ആരോപണം ശരിയല്ല, ആരോപണം തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കുക എന്നുള്ളതല്ലാതെ ആരോപണത്തിന് ഇരയാവുന്നവര്‍ വേറെ എന്താണ് ചെയ്യുക. വേറെ ഒന്നും ചെയ്യാനില്ല. അതല്ലെങ്കില്‍ പിന്നെ കേസ് കൊടുക്കുക എന്നുള്ളതാണ്. കേസ് കൊണ്ടൊന്നും തീരുന്ന കാര്യങ്ങളല്ല ഇത്. ബിഷപ് പറഞ്ഞ ഈ ആക്ഷേപം കേട്ടവര്‍ നിരവധി പേരുണ്ട്. അവരെയെല്ലാം കണക്കിലെടുത്തു കൊണ്ട് ബിഷപിന്റെ ആരോപണത്തെ യുക്തിയുക്തമായി തള്ളിക്കളയാനാകണം. ഇതാണ് ഞാന്‍ മനസ്സിലാക്കുന്ന സംവാദം എന്ന വാക്കിന്റെ അര്‍ഥം. തീര്‍ച്ചയായും ബിഷപ് പറഞ്ഞത് തെറ്റാണ്. അന്യായവും തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ് ആ അധിക്ഷേപം. ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാണിക്കുക എന്നുള്ളതാണ് ആരോപണ വിധേയമായ സമുദായത്തിന് ചെയ്യാന്‍ പറ്റുക.

? സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്ന ഇത്തരം ആരോപണങ്ങള്‍ സംഘ്പരിവാര്‍ താത്പര്യങ്ങളെ എങ്ങനെയാണ് സഹായിക്കുന്നത്

ഇത്തരം കാര്യങ്ങളില്‍ സംഘ്പരിവാറും ആര്‍ എസ് എസും ബി ജെ പിയും അവര്‍ക്ക് ഉതകുന്നത് ഏറ്റുപിടിക്കും. ഇവിടെ അവര്‍ കണ്ടമാനം ഏറ്റുപിടിച്ചതായി തോന്നുന്നില്ല. കാരണം, ആ ഏറ്റുപിടിത്തം കൗണ്ടര്‍ പ്രൊഡക്ടീവായി പോകും എന്ന് അവര്‍ക്കും കത്തോലിക്കാ സഭക്കും മനസ്സിലായി എന്ന് എനിക്ക് തോന്നുന്നു.
ഇതെല്ലാം ഒരു സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമായിരിക്കാം. അതിന് എനിക്ക് തെളിവൊന്നുമില്ല. കത്തോലിക്കാ സഭക്കും എന്തെല്ലാമോ അജന്‍ഡയുണ്ടാകാം. അതിലും എനിക്ക് തെളിവില്ല. പക്ഷേ, സഭയാണ് ഇത് പറയുന്നത്. അപ്പോള്‍ അവരുടെ നാക്ക് കൊണ്ട് പറയുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കാരണമുണ്ടായിരിക്കുമല്ലോ. ആ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് സഭക്ക് മാത്രമേ അറിയുകയുള്ളൂ. എന്തൊക്കെയോ കാരണങ്ങള്‍ ഉള്ളില്‍ വെച്ചുകൊണ്ട് അവര്‍ ഇങ്ങനെ പറയുകയാണ്. പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല. എന്നു പറഞ്ഞാല്‍, ഈ രീതിയിലല്ല കേരളീയ സമൂഹം നിലനില്‍ക്കുന്നത്.

അതല്ലെങ്കില്‍ തെളിവുകള്‍ നിരത്തിക്കൊണ്ടു വേണമായിരുന്നു പറയാന്‍. ബിഷപിന് അത് ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം ആരോപണം കാറ്റില്‍ പറന്നുപോകുന്ന ഒരു അപ്പൂപ്പന്‍ താടി പോലെയാകും. പിന്നെ അത് പറഞ്ഞുണ്ടാക്കിയ ഒരു “ബാഡ് ടേസ്റ്റ് ഇന്‍ ദ മൗത്ത്’ എന്ന് ഇംഗ്ലീഷില്‍ പറയുന്നതു പോലെ ആയി. വായില്‍ ഒരു ചീത്ത ചുവ അവശേഷിപ്പിക്കുന്നു എന്നുള്ളതാണിത്.
കേരളത്തില്‍ സാധാരണ ഇങ്ങനെ ആരും പറയാറില്ല. മതങ്ങള്‍ തമ്മില്‍ ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ ആര്‍ എസ് എസും ബി ജെ പിയും ഒരുപോലെ ആഗ്രഹിക്കുന്നതാണ്. ചില പരിഹാസങ്ങളൊക്കെ മുസ്്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം പറയും എന്നതല്ലാതെ പകയോടെ ഇത്തരത്തില്‍ സംസാരിക്കുകയില്ല. മത അണികളില്‍ നിന്ന് ഇത്തരത്തിലുള്ള വല്ലാത്ത സംസാരം ധാരാളമുണ്ടാകാറുണ്ട്. അതൊന്നും ആരും കണക്കിലെടുക്കാറില്ല. പക്ഷേ, ചില മൗലവിമാരൊക്കെ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അവരുടെ രീതി വളരെ ദയനീയമാണ്. യൂ ടൂബിലും മറ്റും അങ്ങേയറ്റം ജുഗുപ്‌സാവഹമായ കാര്യങ്ങളൊക്കെ പറയുന്നത് കേള്‍ക്കാം. ഭാഗ്യവശാല്‍ അത്തരം വാക്കുകള്‍ മുസ്്‌ലിം രാഷ്ട്രീയ, മത നേതൃത്വങ്ങളില്‍ നിന്ന് ഞാന്‍ കേട്ടിട്ടില്ല. അത് ചരിത്രപരമായ പവിത്രതയാണ്. അപ്പോ ൾ അതാണ് കാര്യം. ഒരു പ്രത്യേക തരത്തിലുള്ള ക്ഷുദ്ര ജീവികള്‍ എല്ലാ മതങ്ങളിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉണ്ട്. അതാണ് സംഘ്പരിവാര്‍ നോക്കുന്നത്.

? കേരളത്തില്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഭയം നിലനില്‍ക്കുന്നുണ്ടോ.

കേരളത്തില്‍ അങ്ങനെയൊരു ഭയം ഉണ്ടാകേണ്ട യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. ഉദാഹരണമായി നോര്‍ത്തിന്ത്യയിലോ ഗുജറാത്തിലോ അല്ലെങ്കില്‍ യു പിയിലോ താമസിക്കുന്ന മുസ്്‌ലിംകള്‍ക്ക് ഡല്‍ഹിയില്‍ പോലും ഒരു പക്ഷേ ഭയമുണ്ടെങ്കില്‍ അത്ഭുതമില്ല. കാരണം അവിടെ ശക്തമായ ആന്റി മുസ്്‌ലിം വികാരങ്ങള്‍ ഉളക്കിവിട്ടിട്ടുണ്ട്.
പശുവിനെ കൊണ്ടുപോകുന്ന മുസ്്‌ലിമിനെ തല്ലിക്കൊല്ലുക, മുസ്്‌ലിമാണെന്ന് വെറുതെ പറഞ്ഞിട്ട് തല്ലിക്കൊല്ലുക…. അവിടങ്ങളില്‍ അങ്ങനെയെല്ലാം ചെയ്തിട്ടുണ്ട്. കേരളം പോലുള്ള ഒരു സ്ഥലത്ത് ഒരു മതത്തിനും ഒരു ജാതിക്കും മറ്റൊരു മതത്തെയും ജാതിയെയും ഭയപ്പെടേണ്ട ഒരു ആവശ്യവും ഉള്ളതായിട്ട് കാണുന്നില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും അങ്ങനെയുള്ള ഭയമില്ല. അണികള്‍ക്കിടയില്‍ കൊലപാതകമെല്ലാം നടക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള കോ എക്‌സിസ്റ്റന്‍സ് നിലനില്‍ക്കുന്നു. ഇതു രണ്ടും തമ്മില്‍ ഞാന്‍ കൂട്ടിക്കുഴക്കുന്നില്ല. കേരളം വലിയ പ്രശ്‌നമൊന്നുമില്ലാത്ത ഒരു “ദ്വീപാ’ണ് ഇപ്പോള്‍. തമിഴ്‌നാട് അതേ, തീര്‍ച്ചയായും ഡി എം കെയുടെ കീഴില്‍. അങ്ങനെയെല്ലാം ഇന്ത്യയില്‍ പുതിയ പുതിയ ദ്വീപുകള്‍ ഉണ്ടായി വരുന്നുണ്ട്. മമതയുടെ ബംഗാള്‍, ആ തരത്തില്‍ മനുഷ്യര്‍ക്ക് സെക്യൂറായി ജീവിക്കാനുള്ള ഐലന്‍ഡുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. തെലങ്കാന, ആന്ധാപ്രദേശ്… ഒക്കെ ആ രീതിയില്‍ ഹിന്ദുക്കളെയും മുസ്്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒരുപോലെ കാണുന്ന സംസ്ഥാനങ്ങളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തമിഴ്‌നാടിനെ പറ്റി എനിക്ക് കൃത്യമായി അറിയാം. അതുകൊണ്ട് കേരളത്തില്‍ ആർക്കും ആരെയെങ്കിലും പേടിക്കേണ്ടതില്ല. മുസ്്‌ലിംകള്‍ ആരെ പേടിക്കണം? ക്രിസ്ത്യാനികള്‍ ആരെ പേടിക്കണം? കുറ്റം ചെയ്തവര്‍ അതുപോലെ ഹീനകൃത്യങ്ങള്‍ ചെയ്തവരാണെങ്കില്‍ അവര്‍ പേടിക്കണം. അതല്ലാതെ, ഈ കേരളത്തില്‍ നിയമങ്ങളൊന്നും ലംഘിക്കാതെയും മറ്റാരെയും ദ്രോഹിക്കാതെയും മറ്റാരുടെയും തലയില്‍ ചെന്ന് കയറി കാഷ്ഠിക്കാതെയും ജീവിക്കുന്നവര്‍ക്ക് പേടിക്കേണ്ട കാര്യമൊന്നുമില്ല.
കേരളത്തില്‍ ഒരു മുസ്്‌ലിമോ ഒരു ക്രിസ്ത്യാനിയോ ഒരു ഹിന്ദുവോ പേടിച്ചു സംസാരിക്കുന്നതായിട്ട് ഞാന്‍ കണ്ടിട്ടില്ല. ഇത്തരം ഭയങ്ങള്‍ ഇളക്കിവിടുന്ന ചിലരെ എല്ലാ സമുദായങ്ങളിലും കണ്ടിട്ടുണ്ട്. വളരെ നീചമായി സംസാരിക്കുന്ന വ്യക്തികളെ ഞാന്‍ കണ്ടിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കിടയിലും വളരെ മോശമായി സംസാരിക്കുന്ന, ഭയം ഇളക്കിവിടാന്‍ ശ്രമിക്കുന്ന വ്യക്തികളെ കണ്ടിട്ടുണ്ട്. അവരാരാണെന്ന് എനിക്കറിയാം. അവര്‍ വെറും വ്യക്തികളല്ല. അവര്‍ നല്ലൊരു പങ്കും പാസ്റ്റര്‍മാരൊക്കെയാണ്. പാസ്റ്റര്‍ എന്നാല്‍ മതപ്രസംഗകരാണ്. ഇസ്്‌ലാമിലും മത പ്രസംഗകരുണ്ട്. ഹിന്ദുക്കള്‍ക്കിടയിലും പേടിപ്പിക്കുന്നവരുണ്ട്. മുസ്്‌ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്ന് തങ്ങളുടേതെല്ലാം തട്ടിപ്പറിച്ചുകൊണ്ടു പോകുകയാണെന്ന് പറഞ്ഞ് പേടിപ്പിക്കുന്നവര്‍ ഹിന്ദു സമൂഹത്തിലുണ്ട്. കൊന്നുകളയുമെന്ന് പേടിപ്പിക്കുന്നവരാരും ഇവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ കേട്ടിട്ടില്ല. മുസ്്‌ലിംകളും ക്രിസ്ത്യാനികളും പണം അപഹരിക്കുന്നവരാണെന്നും നിങ്ങളുടെ സ്വത്തെല്ലാം അവര്‍ കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ് പേടിപ്പിക്കുന്നവരുണ്ട്. മുസ്്‌ലിംകള്‍ ക്രിസ്ത്യാനികളുടെ സ്വത്തെല്ലാം കൊണ്ടുപോകുകയാണെന്നും ക്രിസ്ത്യാനികള്‍ പണ്ടിരുന്ന സ്ഥാനത്തേക്ക് മുസ്്‌ലിംകള്‍ പ്രവേശിച്ചു എന്നും പറഞ്ഞ് ക്രിസ്ത്യാനികളെ ചിലര്‍ പേടിപ്പിക്കുന്നുണ്ട്. അങ്ങനെയെല്ലാമുള്ള പേടിയുണ്ട്. അത് സാമ്പത്തിക മത്സരത്തിന്റെ ഭാഗമാണ്. ഒരിക്കല്‍ ഇവിടെയുണ്ടായിരുന്ന നമ്പൂതിരിമാരുടെയും നായന്മാരുടെയുമൊക്കെ സമ്പത്ത് ക്രിസ്ത്യാനികളുടെ കൈയിലായി. ഇന്നതിനൊരു ഷിഫ്റ്റ് വന്നു. അത് ഒരു പരിധിവരെയെങ്കിലും മുസ്്‌ലിംകളുടെ കൈയിലേക്ക്് മാറിയിട്ടുണ്ട്. അപ്പോള്‍ അതാണു ക്രിസ്ത്യാനികളുടെ ആശങ്ക. അതല്ലാതെ ജീവനു വേണ്ടിയുള്ള, ജീവനെപ്പറ്റിയുള്ള പേടിയൊന്നുമല്ല.

? പാലാ ബിഷപിന്റെ പ്രസ്താവനയോട് മുസ്‌ലിം സമുദായ സംഘടനകള്‍ സ്വീകരിച്ച, പുലര്‍ത്തിയ സമീപനത്തെ ഏത് രീതിയില്‍ കാണുന്നു.

പൊതുവില്‍, സംയമനത്തോടെ പെരുമാറി എന്നാണ് കാണുന്നത്. എല്ലാവരുടെയും പ്രസ്താവനയൊന്നും വായിച്ചില്ല. വായിച്ചിടത്തോളം സംയമനത്തോടെയാണ് പെരുമാറിയതെന്നാണ് അറിയാന്‍ സാധിച്ചത്. പ്രത്യേകിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ബിഷപിന്റെ വിവാദ പ്രസ്താവന പിന്‍വലിക്കണം എന്ന് പറഞ്ഞതില്‍ അസാധാരണത്വമോ അത്ഭുതമോ കാണുന്നില്ല. എന്നെപ്പറ്റി നാളെ നിങ്ങളൊരു നുണ പറഞ്ഞാല്‍, നിങ്ങള്‍ അങ്ങനെ പറയാന്‍ പാടില്ല എന്ന് ശക്തമായി പറയാന്‍ തീര്‍ച്ചയായും എനിക്ക്് അവകാശമുണ്ട്. ആ അവകാശമാണ് മുസ്‌ലിംകള്‍ ഇവിടെ വിനിയോഗിച്ചിട്ടുള്ളത്.

തയ്യാറാക്കിയത്: അബ്ദുൽ അനീസ് കെ ടി
.

Latest