Connect with us

gandhi murder

രക്തസാക്ഷിത്വത്തിന്റെ വെളിച്ചം

ഒരിക്കല്‍ വധിച്ച ഗാന്ധിജിയെ വീണ്ടും വീണ്ടും വധിക്കുകയാണ് രാജ്യദ്രോഹികള്‍.

Published

|

Last Updated

ണ്ടായിരത്തി ഇരുപത്തിരണ്ടില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ എങ്ങനെ വായിക്കണം എന്നത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചോദ്യമാണ്. ഇക്കഴിഞ്ഞ കാലമത്രയും നടത്തിയ വായനയുടെ തുടര്‍ച്ച എന്നതിലുപരി മറ്റൊരു രീതിയില്‍ ഗാന്ധിജിയെ വായിക്കേണ്ടതിന്റെ അനിവാര്യത ഇന്ത്യന്‍ സമൂഹം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഗാന്ധിജിയോടുള്ള ആശയപരമായ വിയോജിപ്പുകളെ മാറ്റിനിര്‍ത്തിക്കൊണ്ട് സാധ്യമാകുന്നുണ്ട്. മതവിഷയങ്ങളില്‍ ഹിന്ദു ആചാരങ്ങളോട് ഗാന്ധിജി ആദ്യകാലങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ വിമര്‍ശന വിധേയമാണ്. എന്നാല്‍ ഇന്ന് തീവ്രഹിന്ദുത്വ ശക്തികള്‍ മതാത്മക ദേശീയത ഭരണകൂട ഉത്തരവാദിത്വമായി പ്രഖ്യാപിക്കുമ്പോള്‍ അതിനെതിരെയുള്ള രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ നമുക്ക് മുറുകെ പിടിക്കാനുള്ളത് ഗാന്ധിജിയെ തന്നെയാണ്. കാരണം, ഇന്ത്യ എന്ന ബഹുസ്വരതയുടെ യാഥാര്‍ഥ്യം നിലനില്‍ക്കണമെങ്കില്‍ അടിസ്ഥാനപരമായി ഇന്ത്യന്‍ മതേതരത്വത്തെയും അതിന്റെ വൈവിധ്യങ്ങളെയും അംഗീകരിക്കേണ്ടതുണ്ട്. അത് ഉത്പാദിപ്പിക്കുന്ന സാംസ്‌കാരിക ധാരകളെയും അതിന്റെ ചരിത്രപരമായ ഇടപെടലുകളെയും ഭരണകൂടം അംഗീകരിച്ചേ മതിയാകൂ. അത് മാനിച്ചു കൊണ്ടാണ് കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം മുന്നോട്ടുപോയിട്ടുള്ളത്. എന്നാല്‍ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന മോദി ഭരണകൂടം ബഹുസ്വരതയെ പാടേ മാറ്റി നിര്‍ത്തുകയും മതാത്മക ദേശീയത എന്നത് തീവ്രഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്ര ഉത്പന്നമാണ് എന്നു തുറന്നു പറയുകയും ചെയ്യുന്നു. ഇത് സാധ്യമാക്കുന്നതിനു വേണ്ടിയാണ് 1948 ജനുവരി 30ന് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നത്.
ഇന്ത്യന്‍ ദേശീയതക്ക് അതിന്റെ ചിന്താധാരയെ വിശകലനം ചെയ്യുമ്പോള്‍ മതത്തെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. അത്രമാത്രം മത ജീവിതവുമായി ആഴത്തിലുള്ള ആത്മബന്ധമുണ്ട് ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്. വ്യത്യസ്ത മതവിഭാഗങ്ങളുടെ ജീവിതത്തെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഭരണഘടന മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ മതം എന്നത് ‘ഹിന്ദു മതം’ മാത്രമാണ് എന്ന രീതിയിലേക്ക് ഭരണകൂടം എത്തിച്ചേര്‍ന്നത് പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൊണ്ടാണ്. ഗാന്ധിജിയെ കൊന്നതോടെ ആ ഹിന്ദു മത ധാരയെയും അവര്‍ കൊന്നു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഹിന്ദുമതത്തിന്റെ സൗന്ദര്യം അധിഷ്ഠിതമായിരിക്കുന്നത് അതിന്റെ സര്‍വാശ്ലേഷിതമായ സമഗ്രതയിലാണ്. അതിനെ പാടേ നിരാകരിക്കുന്നതാണ് തീവ്രഹിന്ദുത്വത്തിന്റെ സമകാലീന ചിന്താമണ്ഡലം. ഇത് സ്വയമങ്ങ് രൂപപ്പെട്ടതല്ല. മറിച്ച് 1924 മുതല്‍ ആര്‍ എസ് എസ് അജന്‍ഡക്കനുസരിച്ച് ക്രമാനുഗതമായി വളര്‍ച്ച പ്രാപിച്ചതാണ്. സാമൂഹിക വ്യവഹാരങ്ങളില്‍ നിന്ന് അത് ഭരണകൂട വ്യവഹാരങ്ങളില്‍ എത്തിയപ്പോള്‍ ഏതൊക്കെ അര്‍ഥത്തില്‍ മതാത്മക ദേശീയതയെ അധികാര മേല്‍ക്കോയ്മയുടെ ഭാഗമാക്കാം എന്നതിന്റെ പരീക്ഷണങ്ങളാണ് ഏറെക്കുറെ നടന്നു കഴിഞ്ഞിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയാത്ത വിധം ഇന്ത്യയിലെ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ക്ഷീണിച്ചു കഴിഞ്ഞു. ആ ക്ഷീണത്തില്‍ ആശ്വാസമായ കോണ്‍ഗ്രസ്സ് ഹിന്ദു എന്നതിനെ രാഷ്ട്രീയമായി നിര്‍വചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ബഹുസ്വര ഇന്ത്യയില്‍ ഉണ്ടാക്കുന്ന അപകടം ചെറുതല്ല.
ഇന്ത്യക്ക് എന്നും അതിന്റെ വൈവിധ്യങ്ങളുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടേ മുന്നോട്ടുപോകാന്‍ കഴിയൂ. നിലവിലെ ഭരണകൂടം മുന്നോട്ടുവെക്കുന്ന മതാത്മക ദേശീയത ഇന്ത്യക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. കാരണം, ലോകത്ത് മറ്റൊരിടത്തും കാണാത്ത വിധം 780ഓളം ഭാഷകളും ദേശീയതകളും ഉപ ദേശീയതകളും അതുണ്ടാക്കുന്ന പ്രാദേശികമായ ജീവിത സാംസ്‌കാരിക ധാരകളും ഇന്ത്യന്‍ ജീവിതത്തിന്റെ നട്ടെല്ലാണ്. ഇതില്‍ മതം ഓരോ മനുഷ്യന്റെയും സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. അങ്ങനെ സാധ്യമായാല്‍ മാത്രമേ ഇന്ത്യ എന്ന ചിന്തക്ക് മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് ഗാന്ധിജിക്ക് നന്നായി അറിയാമായിരുന്നു. ഈ അറിവിനെ വേരോടെ പിഴുതെടുത്താല്‍ മാത്രമേ ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന അജന്‍ഡക്കനുസരിച്ച് ഇന്ത്യയെ മാറ്റിയെടുക്കാന്‍ കഴിയൂ. അതിന്റെ ഫലമാണ് മഹാത്മാവിന്റെ രക്തസാക്ഷിത്വം.

ഏറ്റവും പുതിയ കാലത്ത്, രക്തസാക്ഷിത്വ ദിനത്തില്‍ നാം ഉയര്‍ത്തി പിടിക്കേണ്ടത് എന്താണ്? സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപബ്ലിക് എന്ന നമ്മുടെ രാഷ്ട്രീയ വിശ്വാസത്തെ തന്നെയാണ്. മതേതരത്വം എന്നത് എക്കാലത്തും ഭരണകൂടത്തിന്റെ താത്പര്യത്തിനനുസരിച്ച് മാറ്റപ്പെടുമ്പോഴും മതങ്ങള്‍ക്കിടയിലെ തുല്യതകളെ നിരാകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് അത്തരമൊരു മതേതര ചിന്തക്ക് തങ്ങളുടെ രാഷ്ട്രീയത്തില്‍ യാതൊരു സ്ഥാനവും ഇല്ല എന്ന് തുറന്നുപറയാന്‍ ഭരണകൂടം തയ്യാറാകുന്നു. അതു കൊണ്ടാണ് ജനിച്ച് വളര്‍ന്ന മണ്ണില്‍ പൗരത്വം ബോധ്യപ്പെടുത്തല്‍ വ്യക്തിയുടെ ഉത്തരവാദിത്വമാകുന്നത്. ഇതൊന്നും ഉപരിതലങ്ങളില്‍ മാത്രം പ്രകടമാകുന്ന മത വിദ്വേഷത്തിന്റെ പ്രച്ഛന്നതകളല്ല. മറിച്ച് രാജ്യത്തിന്റെ അടിസ്ഥാന രാഷ്ട്രീയത്തെ മാറ്റിപ്പണിയുന്ന പ്രത്യയശാസ്ത്ര ഇടപെടലുകളാണ്. ഇതിനെ മതപരമായി പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന സ്പര്‍ധ ഹിന്ദുത്വ ശക്തികള്‍ക്ക് ഉണ്ടാക്കുന്ന മേല്‍ക്കോയ്മ ചെറുതല്ല. ഏറ്റവും അടിത്തട്ടില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് അതിനെ പ്രത്യക്ഷ രാഷ്ട്രീയ ഉത്പന്നമാക്കി മാറ്റാന്‍ കഴിഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇന്ത്യന്‍ വൈവിധ്യങ്ങളെ ആഴത്തില്‍ അറിഞ്ഞുകൊണ്ട് ബദല്‍ ചിന്ത രൂപപ്പെടുത്താന്‍ കഴിയുക എന്ന അന്വേഷണത്തില്‍ നാം ഗാന്ധിജിയില്‍ തന്നെ എത്തിച്ചേരുകയാണ്.

ഇതിനര്‍ഥം ഗാന്ധിജിയുടെ എല്ലാ നിരീക്ഷണങ്ങളെയും അംഗീകരിക്കുക എന്നതല്ല. മറിച്ച് എങ്ങനെയാണോ സ്വാതന്ത്ര്യസമരകാലത്ത് അങ്ങേയറ്റത്തെ വൈവിധ്യങ്ങളെ ഇന്ത്യ എന്ന സങ്കല്‍പ്പത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞത്, ആ സാമൂഹിക യാഥാര്‍ഥ്യങ്ങളെ വീണ്ടെടുത്തു കൊണ്ട് മാത്രമേ ഇന്ത്യന്‍ ദേശീയതയുടെ സ്വതന്ത്രമായ വിചാര ലോകത്തെ പുതുക്കിപ്പണിയാന്‍ കഴിയൂ. കാരണം, യാതൊരു മറച്ചുപിടിക്കലുമില്ലാതെ രാഷ്ട്രത്തിന്റെ വൈജ്ഞാനികവും ഭൗതികവും ആത്മീയവുമായ സര്‍വ ഇടങ്ങളിലും ഹിന്ദുത്വം അതിന്റെ സവര്‍ണ താത്പര്യങ്ങളും ജാതി താത്പര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിക്കഴിഞ്ഞു. അങ്ങനെ മുന്നോട്ടു പോകുമ്പോള്‍ അതിനെതിരെയുള്ള പ്രതിരോധം ഓരോ ഇന്ത്യക്കാരനും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുക്കണം. എങ്ങനെയാണോ പാരമ്പര്യമായി തങ്ങളുടെ സാമൂഹിക, രാഷ്ട്രീയ ജീവിതം കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ടു കൊണ്ടുപോയത്, അവിടെ അനുഭവിച്ച മതപരവും മതേതരവുമായ സ്വാതന്ത്ര്യങ്ങളെ അനുഭവിക്കാന്‍ ഇനിയും കഴിയണം.

നന്മ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്തോ അതാണ് ദൈവം എന്ന് ഗാന്ധിജി പറയുമ്പോള്‍ അതിലപ്പുറം മതത്തിന്റെ ആത്മീയതയെ നിര്‍വചിക്കേണ്ട ആവശ്യമില്ല. മതങ്ങള്‍ മനുഷ്യരെ തമ്മില്‍ അകറ്റാന്‍ പാടില്ല. ഇവിടെ ഹിംസയും അസത്യവുമല്ല, അഹിംസയും സത്യവുമാണ് ജീവിതത്തിന്റെ നിയമം എന്ന് ഗാന്ധിജി പറയുമ്പോള്‍ എല്ലാം പൂര്‍ണമാകുന്നു. അങ്ങനെ ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് ഒരു സമൂഹമായി മുന്നോട്ടുപോകാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഗാന്ധിയന്‍ ജീവിത വഴികളെ നിരാകരിക്കാന്‍ വര്‍ത്തമാന ഇന്ത്യക്ക് കഴിയില്ല.

കൃത്യമായ കണക്കുകൂട്ടലുകളോടെ ഒരിക്കല്‍ വധിച്ച ഗാന്ധിജിയെ വീണ്ടും വീണ്ടും വധിക്കുകയാണ് രാജ്യദ്രോഹികള്‍. അങ്ങനെ സംഭവിക്കുമ്പോഴാണ് മഹാത്മാഗാന്ധിയുടെ മഹത്വം സമൂഹം ഓര്‍മിക്കുന്നത്. ഹിന്ദുത്വ ശക്തികള്‍ അങ്ങനെ ചെയ്യുന്നത് വ്യക്തിവിരോധം കൊണ്ടല്ല. വ്യക്തിയെ ഉന്മൂലനം ചെയ്തിട്ടും അദ്ദേഹം മുന്നോട്ടുവെച്ച ആശയത്തെ നിരാകരിക്കാന്‍ സമൂഹം തയ്യാറാകാത്തത് കൊണ്ടാണ്. ഇന്ന് ഈ വധം നിര്‍വഹിക്കുന്നത് ഭരണകൂടമാണ്. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഭരണകൂടം ഹിംസയുടെ സുസംഘടിതമായ രൂപമാണ്. ഹിംസയില്‍ അധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രത്തിന് എങ്ങനെയാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക? ആധുനിക കാലത്ത് ഭരണകൂടത്തിന്റെ അധീശത്വം വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി മാറുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വഴി സമാധാനപരമായ സമരങ്ങളാണ്. ഇന്ത്യയിലെ പല ജനകീയ സമരങ്ങളും വിജയിക്കുന്നത് അത് സമാധാനപരമായ സമര വഴികളിലൂടെ മുന്നോട്ട് പോയതുകൊണ്ടാണ്. ഇന്ത്യക്ക് അത് പരിചയപ്പെടുത്തിയത് ഗാന്ധിജിയാണ്. ഗാന്ധിയുടെ രാഷ്ട്ര സങ്കല്‍പ്പമാകട്ടെ ഒരു ചെറിയ സംഘം ആളുകള്‍ അധികാരം കൈയാളുമ്പോഴല്ല, മറിച്ച് ഭരണാധികാരികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ അവരെ പ്രതിരോധിക്കുന്നതിനുള്ള കരുത്ത് എല്ലാവരും ആര്‍ജിക്കുമ്പോഴാണ് സ്വരാജ് ഉണ്ടാകുന്നത് എന്നതാണ്. ആ തിരിച്ചറിവില്‍ നിന്നാണ് സ്വതന്ത്ര മതേതര റിപബ്ലിക്കിനെ ഹിന്ദുത്വ ദേശീയതയിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള സമാധാനപരമായ പ്രതിരോധത്തിന് നാം തയ്യാറാകേണ്ടത്. അവിടെ മതം ഒരു തടസ്സമല്ല, സാധ്യതയാണ്. അതിലേക്കുള്ള വെളിച്ചമാണ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വം.