Connect with us

Prathivaram

പ്രചോദനത്തിന്റെ പ്രകാശം

Published

|

Last Updated

വാക്കിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് ഊർജവും പ്രചോദനവും പകരുകയെന്നത് മാന്യനായ മനുഷ്യന്റെ ഗുണമാണ്. പ്രോത്സാഹനങ്ങളിലൂടെ വന്‍ വിജയങ്ങൾ നേടാൻ സാധിക്കുമെന്നത് ചരിത്രസാക്ഷ്യമാണ്. ശാരീരിക വളർച്ചക്കും ഊർജസ്വലതക്കും ഭക്ഷണം അനിവാര്യമായപോലെ തന്നെ മാനസിക വളർച്ചക്കും ഉന്മേശത്തിനും സ്‌ട്രോക്കുകളും മോട്ടിവേഷനുകളും അത്യാവശ്യമാണ്. പ്രതീക്ഷയോടെയുള്ള ഒരു നോട്ടം, സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി, ഉചിതമായ ഒരു വാക്ക്, ആശ്വാസം പകർന്നുള്ള ഒരു തലോടൽ ഇതെല്ലാം മനുഷ്യനെ മാറ്റിമറിക്കുന്ന മഹാത്ഭുതങ്ങളാണ്.

മനുഷ്യന് പുരോഗതിയുടെ ചവിട്ടുപടികള്‍ കയറാൻ ആക്കം കൂട്ടുന്നത് ശുഭപ്രതീക്ഷകളാണ്. ആത്മസംതൃപ്തിയുണ്ടാകുമ്പോഴാണ് ശുഭ പ്രതീക്ഷകൾ ജനിക്കുന്നത്. മറ്റുള്ളവരുടെ തലോടലുകൾ മനക്കരുത്തുണ്ടാക്കുകയും ഊർജസ്വലമായി പ്രവർത്തിക്കാൻ അവസരങ്ങളൊരുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വിശ്വാസിയുടെ മനസ്സിൽ സന്തോഷം പകർന്നു നൽകൽ ഏറ്റവും നല്ല കർമമായി നബി(സ) പരിചയപ്പെടുത്തിയത്.

മറ്റൊരാൾക്ക് നൽകുന്ന സമ്മാനങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളതാണ് പ്രചോദന വാക്കുകളും മാതൃകാ പ്രവൃത്തികളും. ആഴക്കടലിൽ മുങ്ങിത്താഴുന്നവന്റെ ജീവൻ രക്ഷിക്കുന്നതിന് സമാനമാണ് മാനസികമായി തളർന്നവന് കൈത്താങ്ങാവുകയെന്നത്. അത് ചിലപ്പോൾ ഒരു വാക്കിലൂടെയോ സ്പർശനത്തിലൂടെയോ നോട്ടത്തിലൂടെയോ സാധ്യമാകും.
കുഴിയില്‍ വീണ രണ്ട് തവളകളിൽ ഒന്ന് നിരന്തര പരിശ്രമത്തിലൂടെ ചാടി രക്ഷപ്പെടുകയും മറ്റേത് കുഴിയില്‍ത്തന്നെ തളര്‍ന്നുവീണ് ചാവുകയും ചെയ്ത ഒരു കഥയുണ്ട്. കുഴിയിൽ വീണ രണ്ട് തവളകളെ രക്ഷപ്പെടാൻ കഴിയില്ലെന്ന് പറഞ്ഞ് മുകളിലുള്ള തവളകൾ നിരുത്സാഹപ്പെടുത്തിക്കൊണ്ടേയിരുന്നു. പക്ഷേ, രക്ഷപ്പെട്ട തവളക്ക് മുകളിലുള്ളവയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹനമായാണ് തോന്നിയത്. കാരണം ആ തവള ബധിരനായിരുന്നു. അങ്ങനെ തോന്നിയതുകൊണ്ടു മാത്രമാണ് അസാധ്യമായ ഒരു കാര്യം ആ തവളക്ക് സാധ്യമാക്കാനായത്. പ്രോത്സാഹനത്തിന്റെ ശക്തി അത്ര വലുതാണ്.

തളര്‍ന്നുവീണുചത്ത മറ്റേ തവളക്ക് ചെവി നന്നായി കേള്‍ക്കാമായിരുന്നു. ആകയാൽ മുകളിലുള്ളവയുടെ നിരുത്സാഹപ്പെടുത്തലിന്റെ ഫലമായി തനിക്ക് ചാടി രക്ഷപ്പെടാൻ സാധ്യമല്ലെന്ന ചിന്ത ഉടലെടുക്കുകയും കുഴിയില്‍ തന്നെ തളര്‍ന്നു കിടന്നു ചാവുകയും ചെയ്തു.
ശരിയായ അധ്യാപകൻ പുസ്തകങ്ങളിലുള്ളത് പകർന്നു നൽകുന്നതിന് പകരം കുട്ടികളെ മെന്ററിംഗ് നടത്തുകയാണ് ചെയ്യുന്നത്. ശിഷ്യരെ സ്വന്തം മക്കളെ പോലെ കാണുകയും സദാ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. യഥാർഥ ലീഡർ അനുയായികളുടെ കഴിവുകൾ തിരിച്ചറിയുകയും അവ പ്രയോഗിക്കാനുള്ള അവസരങ്ങളുണ്ടാക്കിക്കൊടുക്കുകയും ആവശ്യാനുസരണമുള്ള പ്രചോദനം നൽകുകയും ചെയ്യുന്നു. തിരുനബി(സ) അനുയായികളോടൊപ്പം പ്രവർത്തന ഗോഥയിലിറങ്ങുകയും അവരിലൊരാളായി പ്രവർത്തിക്കുകയും ചെയ്ത അനേകം മാതൃകകൾ ചരിത്രത്തിലുണ്ട്. മസ്ജിദുന്നബവിയുടെ നിർമാണ വേളയിൽ സഹ തൊഴിലാളികൾക്ക് ആവേശം പകർന്ന് കല്ല് ചുമക്കാനും മണ്ണ് കുഴക്കാനും നിർദേശങ്ങൾ നൽകാനും അവിടുന്ന് മുന്നിലുണ്ടായിരുന്നു.

തന്റെ അനുയായികളുടെ വിഷയങ്ങളിൽ തിരുനബി(സ) പുലര്‍ത്തിയിരുന്ന ശ്രദ്ധയും പരിഗണനയും പ്രോത്സാഹനവും അതുല്യമായിരുന്നു. റബീഅത്ബ്‌നു കഅ്ബില്‍ അസ്‌ലമി (റ) പറയുന്നു. “ഞാന്‍ തിരുനബി(സ)യുടെ സേവകനായിരുന്നു. ഒരിക്കല്‍ അവിടുന്ന് എന്നോട് ചോദിച്ചു. അല്ലയോ റബീഅ, താങ്കള്‍ വിവാഹം കഴിക്കുന്നില്ലേ? ഞാന്‍ പറഞ്ഞു. ഇല്ല പ്രവാചകരേ, ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഒരു സ്ത്രീയെ പരിപാലിക്കാനുള്ള ശേഷി എനിക്കില്ല. എന്നല്ല താങ്കളില്‍ നിന്നും എന്നെ അകറ്റുന്ന ഒരു കാര്യവും ഞാന്‍ ഇഷ്ടപ്പെടുന്നുമില്ല.’ ഇതു കേട്ട തിരുനബി(സ) അതേ ചോദ്യം ആവർത്തിക്കുകയും കുടുംബ ജീവിതത്തിന്റെ മാഹാത്മ്യവും പ്രാധാന്യവും ബോധ്യപ്പെടുത്തുകയും അന്‍സ്വാരികളിലെ ഇന്ന കുടുംബത്തില്‍ ചെന്ന് പ്രവാചകന്‍ അയച്ചതാണെന്ന് അറിയിക്കാൻ പറയുകയും ചെയ്തു. അത് പ്രകാരം ഞാൻ അവിടെ പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. (അഹ്്മദ്)
തൊഴിലെടുത്ത് ക്ഷീണിതനായ തന്റെ അനുചരനെ സലാം പറഞ്ഞ് ഹസ്തദാനം നടത്തിയപ്പോൾ പണിയായുധം പിടിച്ചുണ്ടായ തഴമ്പിന്റെ പാരുഷ്യം തിരുകരങ്ങളിൽ പതിഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു, എന്താണ് ഈ കൈകളില്‍ ഇത്ര കാഠിന്യം ? നബിയേ, ഇത് എന്റെ ആശ്രിതര്‍ക്ക് അന്നം കണ്ടെത്തുന്നതിന് വേണ്ടി പണിയായുധങ്ങൾ പിടിച്ചതിനാലുണ്ടായതാണെന്ന് അദ്ദേഹം പ്രതിവചിച്ചു. അപ്പോൾ ആ കരങ്ങളെ അവിടുത്തെ അധരങ്ങളോട് ചേർത്തു പിടിച്ച് സ്‌നേഹ ചുംബനമര്‍പ്പിക്കുകയും ഈ കൈ അല്ലാഹുവിനും അവന്റെ തിരുദൂതർക്കും ഏറെ ഇഷ്ടമുള്ളതാണെന്ന് പറഞ്ഞ് ആശീർവദിക്കുകയും ചെയ്തു. ഇത് അന്ത്യനാൾ വരേക്കുമുള്ള കര്‍ഷക ജനതയോടുള്ള ആദരവായാണ് ചരിത്രം അടയാളപ്പെടുത്തുന്നത്.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും നമ്മുടെ നാടിനെ മോചിപ്പിക്കാന്‍ സ്വജീവിതം തന്നെ സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലുടനീളം പ്രചോദനത്തിന്റെ അനേകം ഉദാഹരണങ്ങൾ കാണാവുന്നതാണ്. സൗമ്യമായ പുഞ്ചിരിയും ലളിതമായ ജീവിതവുമായി രാജ്യത്തിന്റെ പ്രഥമ പൗരനായി മാറിയ ഇന്ത്യയുടെ മിസൈൽ മാനെന്നറിയപ്പെടുന്ന എ പി ജെ അബ്ദുൽ കലാം കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജീവിതവും ദർശനങ്ങളും സന്ദേശങ്ങളും പ്രചോദനത്തിന്റെ പ്രകാശ ഗോപുരമായി നിലകൊള്ളുന്നു. “ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർഥ സ്വപ്‌നം’ എന്ന വാക്കുകൾ ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങൾക്കും എന്നും പ്രചോദനമാണ്.

ആത്മീയതയിലും ജ്ഞാനത്തിലും സാമൂഹിക പുരോഗതിയിലും പാരസ്പരിക സ്നേഹത്തിലും സൗഹൃദത്തിലും ചാലിച്ച പ്രചോദനത്തിന്റെ പ്രകാശം പ്രസരിപ്പിച്ച്, ജീവിതം വഴിമുട്ടിയ അനേകായിരങ്ങളെ കൈപിടിച്ചുയർത്തുകയും അവരുടെ പ്രതിസന്ധികളിൽ പടവുകളായി നിൽക്കുകയും ചെയ്യുന്ന സമകാലിക ലോകത്തെ അതുല്യ വ്യക്തിത്വമാണ് ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സംസാരത്തിലെ ഗാംഭീര്യവും വാക്കുകളിലെ ദൃഢതയും സമീപനങ്ങളിലെ സൗമ്യതയും കൊണ്ട് വേറിട്ട് നിൽക്കുന്ന ഉസ്താദിന്റെ ഓരോ സെക്കന്റുകളും പ്രതീക്ഷയുടെയും പ്രത്യാശയുടെയും അനവധി അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ത്യാഗ നിർഭരവും കർമനിരതവുമായ തന്റെ ആയുഷ്കാലമത്രയും അറിവിൻ മധുരം പകർന്നും കണ്ണീരൊപ്പിയും സാന്ത്വന മന്ത്രങ്ങൾ ഉരുവിട്ടും അനുയായികൾക്കിടയിൽ ഒരാളായി ജീവിക്കുന്ന ഉസ്താദിന്റെ ഓരോ വാക്കും നോക്കും പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും വലിയ വാതായനങ്ങളാണ് തുറക്കുന്നത്.

വഴിവിട്ട വാക്കുകള്‍ കടലിനെ പോലും അശുദ്ധമാക്കുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. കുത്തുവാക്കുകൾ നടത്തുന്നവരെ അവിടുന്ന് താക്കീത് ചെയ്തിരുന്നു. പ്രശസ്ത തത്വചിന്തകൻ മാർട്ടിൻ ലൂഥർ കിംഗിന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം: “ഇരുട്ടിന് ഇരുട്ടിനെ പുറന്തള്ളാൻ കഴിയില്ല; വെളിച്ചത്തിന് മാത്രമേ അത് ചെയ്യാൻ കഴിയൂ. വിദ്വേഷത്തിന് വിദ്വേഷം പുറന്തള്ളാൻ കഴിയില്ല; സ്നേഹത്തിന് മാത്രമേ അത് ചെയ്യാൻ കഴിയൂ.’