Ongoing News
നെടുങ്കോട്ടയില്‍ കാലിടറി ഇടതുപക്ഷം; കൈവിട്ടത് മൂന്നര പതിറ്റാണ്ടിന്റെ ആധിപത്യം
കോണ്‍ഗ്രസ്സ് രണ്ട് വിജയിപ്പിച്ചെടുത്ത് കരുത്ത് തെളിയിച്ചപ്പോള്‍, ജില്ലയില്‍ ഒറ്റ ജനപ്രതിനിധി പോലുമില്ലാത്ത അവസ്ഥയിലേക്ക് സി പി എം കൂപ്പുകുത്തി.
നീലേശ്വരം | നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാസര്‍കോട് ജില്ലയിലും സി പി എമ്മിന് കനത്ത പ്രഹരം. മൂന്നര പതിറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രമാണ് തിരുത്തിക്കുറിക്കപ്പെട്ടത്. ഇടതിന്റെ ഉറച്ച കോട്ടകള്‍ ഓരോന്നായി തകര്‍ന്നുവീണ കാഴ്ചക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ്സ് രണ്ട് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുത്ത് കരുത്ത് തെളിയിച്ചപ്പോള്‍, ജില്ലയില്‍ ഒറ്റ ജനപ്രതിനിധി പോലുമില്ലാത്ത അവസ്ഥയിലേക്ക് സി പി എം കൂപ്പുകുത്തി.
പ്രഥമ മുഖ്യമന്ത്രി ഇ എം എസ് പ്രതിനിധീകരിച്ച നീലേശ്വരം ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പരാജയമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. മണ്ഡലം രൂപവത്കൃതമായ ശേഷം ആദ്യമായാണ് ഇവിടെ ഇടതുപക്ഷത്തിന് കാലിടറുന്നത്. കയ്യൂരിന്റെയും മുനയന്‍കുന്നിന്റെയും വിപ്ലവ പാരമ്പര്യം പേറുന്ന മണ്ണിലെ തിരിച്ചടി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമാണ്. നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി തുടങ്ങിയ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാത്തത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഷാഫി പറമ്പിലും സന്ദീപ് വാര്യരും ചേര്‍ന്ന് നടത്തിയ റോഡ് ഷോ യു ഡി എഫ് കേന്ദ്രങ്ങളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. തൃക്കരിപ്പൂര്‍ മുതല്‍ നീലേശ്വരം വരെ നീണ്ട ഈ പ്രചാരണ പരിപാടി ഐക്യമുന്നണി വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ നിര്‍ണായകമായി. പ്രത്യേകിച്ച് സന്ദീപ് വാര്യരുടെ ഇടപെടല്‍ യു ഡി എഫ് വോട്ടുകള്‍ കൃത്യമായി ഉറപ്പിക്കുന്നതിന് സഹായിച്ചു.
അതേസമയം, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജനപ്രതിനിധികളുടെ വീഴ്ചകളുമാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്ന വിമര്‍ശനം ശക്തമാണ്. ജില്ലാ സെക്രട്ടറിയും നിലവിലെ എം എല്‍ എയുമായ എം രാജഗോപാലിന്റെ പ്രവര്‍ത്തനശൈലി പാര്‍ട്ടിക്കെതിരായ ജനവികാരം രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. എം എല്‍ എ എന്ന നിലയില്‍ ജനങ്ങളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും അദ്ദേഹം അകലം പാലിച്ചതായാണ് ആരോപണം. അടിയന്തര സാഹചര്യങ്ങളില്‍ പോലും ഫോണ്‍ വിളിച്ചാല്‍ കിട്ടാത്ത ജനപ്രതിനിധിയെന്ന ആക്ഷേപം വോട്ടര്‍മാരെ പാര്‍ട്ടിക്കെതിരായി ചിന്തിപ്പിച്ചു.
ഇടതുമുന്നണി സ്ഥാനാര്‍ഥി വി പി പി മുസ്തഫ പ്രചാരണ രംഗത്ത് സജീവമായിരുന്നെങ്കിലും പാര്‍ട്ടിക്ക് സംഭവിച്ച ഇമേജ് നഷ്ടം തിരിച്ചടിയായി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി തങ്ങള്‍ക്കൊപ്പം നിന്ന മണ്ഡലം കൈവിട്ടതും ജില്ലയില്‍ എം എല്‍ എമാരില്ലാത്ത സ്ഥിതി വന്നതും സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കും തിരുത്തല്‍ നടപടികള്‍ക്കും ഈ പരാജയം വഴിവെക്കും.







