Kerala
മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ ലീഗിന്റെ നിലപാട് ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിക്കും
കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടേക്ക് എത്തുന്നതിനിടെയാണ് നിര്‍ണ്ണായക നീക്കം
മലപ്പുറം | മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ ലീഗിന്റെ നിലപാട് ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടേക്ക് എത്തുന്നതിനിടെയാണ് നിര്‍ണ്ണായക നീക്കം. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നേരിട്ട് ഇടപെടില്ലെന്നും ആര്‍ക്കും പരസ്യ പിന്തുണ ഇല്ലെന്നും ലീഗ് വ്യക്തമാക്കി. പരസ്യ ചര്‍ച്ചകളില്‍ ലീഗിന് അതൃപ്തിയുണ്ട്.
മുഖ്യമന്ത്രി കസേരക്കായി കോണ്‍ഗ്രസില്‍ പരസ്യപ്പോര് തുടരുന്നതിനിടെയാണ് മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേയുള്ള മുഖ്യമന്ത്രി ചര്‍ച്ച കോണ്‍ഗ്രസിന് നാണക്കേടായിരിക്കയാണ്. കെ സി വേണുഗോപാലിനെ പിന്തുണച്ച് കെ സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ പരസ്യ പോരു തുടങ്ങിയത്.
കെ സി വേണുഗോപാലിനും കെ സുധാകരനും എതിരെ വി ഡി സതീശന്‍ അനുകൂലികള്‍ രംഗത്തുവന്നു. കെ സി വേണുഗോപാലിലെ പിന്തുണച്ച് സന്ദീപ് വാര്യര്‍, രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചയില്‍ അതൃപ്തി പരസ്യമാക്കി കെ മുരളീധരനും രംഗത്തെത്തി. കെ സി വേണുഗോപാലിനും കെ സുധാകരനും എതിരെ സമൂഹമാധ്യമങ്ങളില്‍ വി ഡി സതീശന്‍ അനുകൂലികള്‍ വിമര്‍ശനം തുടരുകയാണ്.



