National
ലോകസഭാ സീറ്റ് 850 ആക്കി വനിതാ സംവരണം; ലോകസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി | ലോകസഭാ സീറ്റ് 850 ആക്കി വര്‍ധിപ്പിച്ച് വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെതിരെ ലോകസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതിനു പിന്നാലെ വനിതാസംവരണ ബില്ല് അവതരിപ്പിക്കാന്‍ സ്പീക്കര്‍ നീക്കം നടത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. അന്തരിച്ച ഗായിക ആശാ ബോസ്ലെക്കും അന്തരിച്ച മുന്‍ അംഗങ്ങള്‍ക്കും സഭ ആദരാഞ്ജലി അര്‍പ്പിച്ചതിനു ശേഷം സഭാനടപടികള്‍ തുടങ്ങിയെങ്കിലും ബില്ലില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.
ബഹളം വച്ച അംഗങ്ങളോട് സീറ്റില്‍ ഇരിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. ഡി എം കെ അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചാണ് സഭയില്‍ എത്തിയത്. വനിത ബില്‍ ഭേദഗതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയതോടെ കെ സി വേണുഗോപാല്‍ എം പി എതിര്‍ത്ത് സംസാരിച്ചു. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. എന്നാല്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി. എല്ലാവര്‍ക്കും സമയം ലഭിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ബില്ലില്‍ എതെങ്കിലും വിഷയം ഉണ്ടെങ്കില്‍ അത് ചര്‍ച്ചയില്‍ പറയണമെന്ന് അമിത് ഷാ പറഞ്ഞു.
അവതരണത്തിലെ സാങ്കേതിക പ്രശ്‌നമാണ് ഇപ്പോള്‍ പറയേണ്ടതെന്നും സഭയിലെ ചട്ടം പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു.സെന്‍സസ് നടപ്പാക്കിയിട്ടാണ് പുനര്‍നിര്‍ണ്ണയം വേണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിത്. 2029 ല്‍ പരാജയം മറിക്കടക്കാനുള്ള ബി ജെ പി നീക്കമാണ്. ബില്‍ പിന്‍വലിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഭരണഘടന പാലിച്ചു വേണം ബില്‍ അവതരിപ്പിക്കാനെന്ന് എസ് പി അംഗം ധര്‍മ്മേന്ദ്ര യാദവ് പറഞ്ഞു. ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. വനിതാ സംവരണത്തിന്റെ പേരില്‍ ലോകസഭാ സീറ്റ് വര്‍ധിപ്പിക്കാനുള്ള നീക്കം ഒളിച്ചുകടത്തുന്നുവെന്നും ബില്‍ പിന്‍വലിക്കണമെന്നും എസ് പി ആവശ്യപ്പെട്ടു.
മതത്തിന്റെ പേരില്‍ സംവരണമില്ലെന്ന് കിരണ്‍ റിജിജ്ജു പറഞ്ഞു. മുസ്സീം വനിത, ഹിന്ദു വനിത എന്ന് ഇല്ലെന്നും സമാജ് വാദി പാര്‍ട്ടി അംഗത്തിന് മന്ത്രി മറുപടി നല്‍കി. അതിനിടെ സെന്‍സസ് തുടങ്ങിയെന്നും അത് പുരോഗമിക്കുകയാണെന്നും അമിത് അമിത് ഷാ മറുപടി നല്‍കിയപ്പോള്‍ പ്രതിപക്ഷം വീണ്ടും ബഹളം വെച്ചു. ജാതി സെന്‍സസ് മഹിള ബില്ലിന് മുന്‍പ് കൊണ്ടുവരണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഈ സെന്‍സസില്‍ ജാതിയും രേഖപ്പെടുത്താനാകും. മുസ്സീം വനിതകള്‍ക്ക് പ്രത്യേകം സംവരണമില്ല. അമിത് ഷാ പറയുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.


