Connect with us

Kerala

പീഡന കേസ്: ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം

അതിജീവിതയെ സ്വാധീനിക്കാന്‍ പാടില്ലെന്ന കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലൈംഗിക പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാന്‍ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികള്‍. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തെ ഹരജിയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. തൊഴിലിടത്തില്‍വച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. തൊഴില്‍ സുരക്ഷ പേടിച്ചാണ് നേരത്തെ പരാതി പറയാതിരുന്നതെന്നും സൈബര്‍ തെളിവുകളടക്കം കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്ന പരാതിയാണ് ആദ്യം പുറത്തു വന്നത്. പിന്നീടാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.

കേരള സര്‍ക്കാരും പരാതിക്കാരിയും വേണു ഗോപാലകൃഷ്ണന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് വേണു ഗോപാലകൃഷ്ണന്റെ വാദം. ഇരു കക്ഷികളും തമ്മില്‍ മധ്യസ്ഥതാ ശ്രമത്തിന് കോടതി ശ്രമിച്ചെങ്കിലും ഇത് പരാജയപെട്ടതോടെയാണ് കോടതി ഹരജിയില്‍ പിന്നീട് വാദം കേട്ടത്. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വേണു ഗോപാലകൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

 

Latest