Kerala
തോട്ടപ്പളളി സ്പില്‍വേ വിവാദം; മാത്യു കുഴല്‍നാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മാത്യു കുഴല്‍നാടനാണ് രാജിവയ്ക്കേണ്ടത്. താന്‍ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ല.
പാലക്കാട്|തോട്ടപ്പളളി സ്പില്‍വേ വിവാദത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഹൈക്കോടതി അഭിഭാഷകരോട് ഇതുസംബന്ധിച്ച് നിര്‍ദേശം തേടിയിട്ടുണ്ടെന്നു കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മാത്യു കുഴല്‍നാടനാണ് രാജിവയ്ക്കേണ്ടത്. താന്‍ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ല. അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മാത്യു കുഴല്‍നാടനും തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പുറത്തിറക്കിയതാണ് തനിക്കെതിരെയുള്ള വ്യാജ ഓഡിയോ എന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതാ എന്ന കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു. തോട്ടപ്പള്ളി സ്പില്‍വേ ഒരുമാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട് വെള്ളം കൊണ്ടുപോകും. മേരിമാതായെന്ന കരാര്‍ കമ്പനിയാണ് കരാര്‍ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാല്‍ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട’ എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിയും രംഗത്തെത്തിയിരുന്നു. തോട്ടപ്പള്ളി സ്പില്‍വേ വര്‍ക്കുമായോ കരിമണല്‍ ഖനനം സംബന്ധിച്ചോ തങ്ങളുടെ കമ്പനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. അതേസമയം, കരിമണല്‍ ലോബിക്ക് വേണ്ടിയാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണ് എന്നുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മാത്യു കുഴല്‍നാടന്‍.

