Connect with us

aathmeeyam

ഇഴയടുപ്പത്തിലെ ആനന്ദം

സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും മനുഷ്യ സഹജമാണ്. എന്നാൽ ഇരുഗുണങ്ങളെയും തിരിച്ചറിയാനും പക്വമായി പെരുമാറാനുമുള്ള മനസ്സാണ് പ്രധാനമായും വേണ്ടത്. പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞന്വേഷിച്ച് അതിന്റെ പിന്നാലെ കൂടുന്നവർക്ക് ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാകില്ല. ചില വീഴ്ചകളെ കണ്ണടയ്ക്കുകയും മറ്റു ചിലത് അനുയോജ്യമായ സമയം നോക്കി മനഃശാസ്ത്ര സമീപനങ്ങളിലൂടെ തിരുത്തുകയുമാണ് ബുദ്ധി.

Published

|

Last Updated

മനുഷ്യജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് വിവാഹം. വളരെ പവിത്രതയോടെയാണ് പ്രാചീനകാലം മുതൽ സർവമതങ്ങളും വേളി കഴിക്കലിനെ കാണുന്നത്. വിവാഹത്തിലൂടെ വ്യത്യസ്ത ജീവിത പാശ്ചാത്തലങ്ങളിൽ ജീവിച്ചുവളർന്ന രണ്ടുപേർ ഒരു മനസ്സും ഇരു മെയ്യുമായി മാറുന്നു. അനേകം സ്വപ്നങ്ങളും പ്രതീക്ഷകളും പൂത്തുലയുന്ന കുടുംബജീവിതം താളം തെറ്റാതെയും വഴിമുട്ടാതെയും ത്വരിതഗതിയിൽ സഞ്ചരിക്കണമെങ്കിൽ ഇണയും തുണയും ചില മര്യാദകളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. ജീവിതാന്ത്യം വരെയും ശേഷവും പാവനമായി നിലനിൽക്കേണ്ട വൈവാഹിക ജീവിതം അഡ്ജസ്റ്റ്മെന്റിൽ നിന്നും ആനന്ദാവസ്ഥയിലേക്ക് മാറുമ്പോഴാണ് കുടുംബിനികൾക്കിടയിൽ ശാന്തിയും സമാധാനവും പൂത്തുലയുന്നത്. സംതൃപ്ത ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം ശരിയായ ആശയവിനിമയവും പരസ്പര സ്നേഹവും വിശ്വാസവുമാണ്.

സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും മനുഷ്യ സഹജമാണ്. എന്നാൽ ഇരുഗുണങ്ങളെയും തിരിച്ചറിയാനും പക്വമായി പെരുമാറാനുമുള്ള മനസ്സാണ് പ്രധാനമായും വേണ്ടത്. പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞന്വേഷിച്ച് അതിന്റെ പിന്നാലെ കൂടുന്നവർക്ക് ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാകില്ല. ചില വീഴ്ചകളെ കണ്ണടയ്ക്കുകയും മറ്റു ചിലത് അനുയോജ്യമായ സമയം നോക്കി മനഃശാസ്ത്ര സമീപനങ്ങളിലൂടെ തിരുത്തുകയുമാണ് ബുദ്ധി.

ദമ്പതികൾ പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും സഹകരിച്ചും ജീവിക്കണം. ഭാര്യ ഭരിക്കപ്പെടുന്നവളും ഭർത്താവ് ഭരിക്കുന്നവനും ആവരുത്. ശരിയായ രീതിയിൽ ഇണങ്ങുമ്പോഴാണ് ഇണയാവുന്നതും തുണയ്ക്കുമ്പോഴാണ് തുണയാവുന്നതും. അതിന് ക്ഷമ, വിട്ടുവീഴ്ച, സഹനം, സ്‌നേഹം, ലാളിത്യം തുടങ്ങിയ അനേകം സദ്ഗുണങ്ങൾ ശീലിക്കേണ്ടതുണ്ട്. അപ്പോഴാണ് ദാമ്പത്യബന്ധം ആനന്ദകരവും മാധുര്യമാകുന്നതും അതിൽ വിരിയുന്ന കുസുമങ്ങളില്‍ അത്തരം സദ്ഗുണങ്ങള്‍ പ്രകടമാകുന്നതും.

പുരുഷന്റെ പ്രകൃതി തേടുന്നത് അർഹമായ അംഗീകാരവും പരിഗണനയുമാണ്. മറ്റുള്ളവരുടെ മുന്നിൽ ഭർത്താവിനെ കൊച്ചാക്കി സംസാരിക്കുന്ന ഭാര്യമാരെ ഒരിക്കലും പുരുഷന്മാർ ഇഷ്ടപ്പെടുകയില്ല. ഭർത്താവ് ചെയ്യുന്ന നല്ല കാര്യങ്ങളെ ഭാര്യ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും വേണം.

വളരെയധികം പ്രയാസപ്പെട്ടായിരിക്കും കുടുംബനാഥനായ ഭർത്താവ് ഓരോ കാര്യങ്ങളും കുടുംബത്തിനുവേണ്ടി ചെയ്യുന്നത്. എന്നിരിക്കെ അയാളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തികളും ജീവിത പങ്കാളിയിൽ നിന്നുണ്ടായാൽ അത് പൊറുക്കാൻ അയാൾക്ക് വലിയ പ്രയാസകരമാകും. പങ്കാളികൾക്കിടയിൽ തുറന്ന ആശയവിനിമയം നടക്കണം. ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കണം. ആശയ വിനിമയത്തിന്റെ ഭാഷാ കോഡുകൾ തിരിച്ചറിയണം.

തന്റെ ആശയങ്ങൾ പങ്കാളിയോട് തുറന്ന് പറയുന്നതിനൊപ്പം പങ്കാളിയുടെ മനസ്സിലുള്ളത് വിശാല മനസ്സോടെ കേൾക്കാനുള്ള സന്നദ്ധത കാണിക്കുകയും വേണം. പങ്കാളിയെ ശരിയാംവണ്ണം മനസ്സിലാക്കാത്തതും സ്‌നേഹഭാഷ തിരിച്ചറിഞ്ഞ് പെരുമാറാത്തതുമാണ് കുടുംബജീവിതം പരാജയപ്പെടുന്നതിലെ മുഖ്യഹേതു.

ദമ്പതികൾക്കിടയിൽ ഇഴയടുപ്പവും സ്നേഹവും വളരാൻ വേണ്ട ധാരാളം വഴികളും മാർഗങ്ങളും വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നു. “നിങ്ങളിൽ ഉത്തമർ അവരുടെ ഇണയുമായി നല്ല രൂപത്തിൽ വർത്തിക്കുന്നവരാണ്'(തിർമുദി) എന്നാണ് തിരുനബി(സ) പഠിപ്പിച്ചത്. “ഭാര്യയുടെ വായിൽ വെച്ചുകൊടുക്കുന്ന ഭക്ഷണ ഉരുളക്ക് പോലും നിങ്ങൾക്ക് പ്രതിഫലമുണ്ട്’ എന്ന പ്രവാചക വചനം ചേർന്നുനിൽക്കലിന്റെ ആഴമാണ് ബോധ്യപ്പെടുത്തുന്നത്.

ഹജ്ജ് വേളയിൽ തിരുനബി(സ) നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ കാണാം: “സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, മര്യാദപ്രകാരം ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങൾക്ക് അവരോടുള്ള ബാധ്യതയാകുന്നു’ (മുസ്്ലിം). അവിടുന്ന് പഠിപ്പിച്ചു: “ഒരാളുടെ സൗഭാഗ്യം മൂന്ന്‌ കാര്യങ്ങളിലാണ്‌. നിര്‍ഭാഗ്യവും മൂന്ന്‌ കാര്യങ്ങളില്‍ തന്നെ. നല്ലവളായ ഭാര്യയും മെച്ചപ്പെട്ട പാര്‍പ്പിടവും കൊള്ളാവുന്ന വാഹനവും ഭാഗ്യമാണ്‌. ചീത്തയായ ഭാര്യയും മോശമായ വീടും കൊള്ളാത്ത വാഹനവും നിര്‍ഭാഗ്യവും’ (അഹ്‌മദ്‌) സ്രഷ്ടാവിനോട് വിശ്വാസികൾ നിരന്തരം തേടേണ്ട പ്രാർഥനയാണ്; “ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ ഭയഭക്തര്‍ക്ക്‌ മാതൃകരാക്കുകയും ചെയ്യേണമേ’ (അല്‍ ഫുര്‍ഖാന്‍: 74)

Latest