Connect with us

Kerala

വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പോലീസിന്റെ അനാസ്ഥയെന്ന് കുടുംബം

വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി|കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം പോലീസിന്റെ അനാസ്ഥയാണെന്ന് കുടുംബം. വടം കാണുന്ന തരത്തില്‍ ബാരിക്കേഡോ റിബണോ വേണമായിരുന്നുവെന്നും എങ്ങനെ അപകടം ഉണ്ടായി എന്നതുസംബന്ധിച്ച് വ്യക്തത വേണമെന്നും മരിച്ച മനോജിന്റെ സഹോദരി ചിപ്പി പറഞ്ഞു.

മനോജ് മദ്യപിക്കാറില്ല. സംഭവത്തില്‍ പോലീസിനോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടുമെന്നും ചിപ്പി പ്രതികരിച്ചു. അതേസമയം സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടി ജെ വിനോദ് എംഎല്‍എ ആവശ്യപ്പെട്ടു. പൊലീസിന്റെ അനാസ്ഥയിലുണ്ടായ കൊലപാതകമാണിത്. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ടി ജെ വിനോദ് വ്യക്തമാക്കി.

കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് വടം കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മനോജ് റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എസ്എ റോഡില്‍ നിന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിരുന്നെന്നും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. പോലീസുകാരാണ് മനോജ് ഉണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് അദ്ദേഹം മരിച്ചത്.

 

 

 

Latest