Connect with us

HARSHINA

വയറ്റിൽ കത്രിക മറന്ന സംഭവം: സമരവുമായി യുവതി സെക്രട്ടേറിയറ്റ് പടിക്കലേക്ക്

തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലേക്ക് നീങ്ങുന്നത്.

Published

|

Last Updated

കോഴിക്കോട്| ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലേക്ക്. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹർഷിന മെഡി. കോളജ് ആശുപത്രിക്ക് മുന്നിൽ നേരത്തേ ഉപവാസം സംഘടിപ്പിച്ചിരുന്നു. ഈ മാസം നാലിന് ആരോഗ്യമന്ത്രി വീണാ ജോർജ് സമര പന്തലിലെത്തുകയും നീതി ലഭ്യമാകുന്ന രൂപത്തിലുള്ള നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തതിന് ശേഷം ഇവർ സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ, തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലേക്ക് നീങ്ങുന്നത്.

കടുത്ത വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയ യുവതിയുടെ മൂത്രസഞ്ചിയിൽ കത്രിക തറച്ചുനിൽക്കുന്നത് സ്വകാര്യ ആശുപത്രിയിലെ സ്‌കാനിംഗിലാണ് കണ്ടെത്തിയത്. തുടർന്ന് മെഡി. കോളജിൽ നടന്ന ശസ്ത്രക്രിയയിലൂടെ 2022 സെപ്തംബർ 17ന് കത്രിക പുറത്തെടുത്തു. കത്രിക കണ്ടെത്തിയ ഉടൻ തന്നെ അന്വേഷണം നടത്തിയിരുന്നുവെങ്കിലും റിപോർട്ട് തൃപ്തികരമാവാത്ത സാഹചര്യത്തിൽ അഡീ. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ റിപോർട്ടാണ് ഇപ്പോൾ മന്ത്രിയുടെ മുന്നിലുള്ളത്.

വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് അല്ലെന്നും നേരത്തേ പ്രസവത്തിനായി മറ്റ് ആശുപത്രികളിൽ നടന്ന ശസ്ത്രക്രിയകൾക്കിടെ മറന്നുവെച്ചതാകാമെന്നുമാണ് അധികൃതരുടെ നിലപാട്. ശസ്ത്രക്രിയക്ക് മുമ്പ് യുവതിക്ക് എം ആർ ഐ സ്‌കാനിംഗ് നടത്തിയിരുന്നു. ലോഹ വസ്തുക്കൾ ശരീരത്തിൽ ഉണ്ടായിരിക്കെ സ്‌കാനിംഗ് സാധ്യമാകില്ലെന്ന കാര്യം യുവതി ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ശസ്ത്രക്രിയാ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ കേസിന്റേയും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല.

Latest