congress
ഗ്രൂപ്പില്ലാ പ്രഖ്യാപനം തകിടം മറിയും; ഡി സി സികള്‍ ഗ്രൂപ്പുകള്‍ തന്നെ പങ്കിടുന്നു
ഗ്രൂപ്പു തലവന്‍മാരായ രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും വെല്ലുവിളികള്‍ക്ക് ഒടുക്കം കെ സി വേണുഗോപാല്‍- കെ സുധാകരന്‍- വി ഡി സതീശന്‍ ത്രയം വഴങ്ങി എന്നാണ് അവസാന വട്ടം പുറത്തുവരുന്ന സൂചന.

ഗ്രൂപ്പ് മാനേജര്‍മാരില്‍ നിന്നു നോമിനേഷന്‍ സ്വീകരിച്ചില്ലെങ്കിലും ജില്ലകള്‍ പഴയ പടി ഗ്രൂപ്പുകള്‍ക്കു തന്നെ വീതം വെച്ചുനല്‍കുമെന്ന വിവരമാണു പുറത്തുവരുന്നത്. ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതായി കരുതുന്ന അന്തിമ പട്ടികയില്‍ ഒമ്പതു ഡി സി സികള്‍ ഐ ഗ്രൂപ്പിനും അഞ്ചെണ്ണം എ ഗ്രൂപ്പിനും വീതിച്ചു നല്‍കി എന്നാണു വിവരം.
ഗ്രൂപ്പു തലവന്‍മാരായ രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും വെല്ലുവിളികള്‍ക്ക് ഒടുക്കം കെ സി വേണുഗോപാല്‍- കെ സുധാകരന്‍- വി ഡി സതീശന്‍ ത്രയം വഴങ്ങി എന്നാണ് അവസാന വട്ടം പുറത്തുവരുന്ന സൂചന. ഗ്രൂപ്പുകള്‍ക്ക് അതീതമായി ഡി സി സി പ്രസിഡന്റുമാരെ കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗം എം പി മാരില്‍ നിന്നു നാമനിര്‍ദേശം സ്വീകരിക്കുക എന്നതായിരുന്നു. ഡി സി സി പ്രസിഡന്റുമാര്‍ ഗ്രൂപ്പ് നോമിനികളല്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നത്. ഇങ്ങനെ സമാഹരിച്ച പട്ടിക അന്തിമ വിശകലനത്തില്‍ ഗ്രൂപ്പുകള്‍ക്കു തന്നെ ഉള്ളതായി. ഇതുവഴി ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരാതിയുമായി ഹൈക്കമാന്റിനു മുന്നിലെത്തിയത്.
തിരുവനന്തപുരത്ത് ശശി തരൂര്‍ എം പിയുടെ താത്പര്യം മാനിച്ച് ജി എസ് ബാബു, കൊല്ലത്ത് മാവേലിക്കര എം പിയായ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ നോമിനി രാജേന്ദ്രപ്രസാദ്, പത്തനംതിട്ടയില്‍ ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശിന്റെ താത്പര്യ പ്രകാരം സതീഷ് കൊച്ചുപറമ്പില്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ അഭിപ്രായം പരിഗണിച്ച് സി പി മാത്യു, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ താത്പര്യമനുസരിച്ച് നാട്ടകം സുരേഷ്, ആലപ്പുഴയില്‍ ലത്തീന്‍ കത്തോലിക്കാ പ്രാതിനിധ്യം കൂടി പരിഗണിക്കണമെന്ന അഭിപ്രായ പ്രകാരം എം ജെ ജോബ്, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നോമിനി മുഹമ്മദ് ഷിയാസ്, തൃശൂരില്‍ ടി എന്‍ പ്രതാപന്‍ എം പിയുടെ താത്പര്യപ്രകാരം ടി വി ചന്ദ്രമോഹന്‍, കോഴിക്കോട് എം കെ രാഘവന്‍ എം പി യുടെ നിര്‍ദേശ പ്രകാരം കെ പ്രവീണ്‍കുമാര്‍, കണ്ണൂരില്‍ കെ പി സി സി പ്രസിഡന്റിന്റെ നോമിനിയായ മാര്‍ട്ടിന്‍ ജോര്‍ജ്, വയനാട്ടില്‍ കെ കെ എബ്രഹാം, കാസര്‍കോട്ട് ഖാദര്‍ മാങ്ങാട്, മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്ത്, പാലക്കാട്ട് എ തങ്കപ്പന്‍ എന്നീ പേരുകളാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. വിവിധ പരിഗണനയുടെ അടിസ്ഥാനത്തില്‍ അവസാന നിമിഷം വീണ്ടും മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടു എന്നും സൂചനയുണ്ട്.
ഗ്രൂപ്പ് വീതം വെക്കല്‍ ഒഴിവാക്കാനെന്ന പേരില്‍ കൂടിയാലോചനയില്ലാതെ പട്ടിക തയ്യാറാക്കിയതിന്റെ പേരില്‍ ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും പുറമെ മുല്ലപ്പള്ളിയും വി എം സുധീരനും രംഗത്തുവന്നിരുന്നു. ഗ്രൂപ്പുകളെ പിണക്കി മുന്നോട്ടുപോയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന സൂചന വ്യക്തമായതോടെയാണ് എം പി മാര്‍ നല്‍കിയ നോമിനേഷനെ നേതൃത്വം ആശ്രയിച്ചത്. എം പി മാര്‍ നല്‍കിയ നിര്‍ദേശ പ്രകാരം ഐ, എ ഗ്രൂപ്പുകള്‍ തന്നെ മേല്‍ക്കൈ നേടി.