Connect with us

Kerala

കനത്ത പ്രതിഷേധത്തിനിടെ  പ്രധാന കവാടത്തിലൂടെ കാലിക്കറ്റ് സർവകലാശാല  ക്യാമ്പസിൽ പ്രവേശിച്ച് ഗവർണർ

ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ 7.15 ഓടെയാണ് ക്യാമ്പസിൽ എത്തിയത്.

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടെ ക്യാമ്പസിലെ ഗസ്റ്റ് ഹൗസിൽ പ്രവേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ 7.15 ഓടെയാണ് ക്യാമ്പസിൽ എത്തിയത്.

ഗവർണർ ഏഴുമണിക്ക് ക്യാമ്പസിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ക്യാമ്പസിൽ 600 ഓളം പോലീസുകാരെ വിന്യസിച്ചിരുന്നു. തുടർന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളോടെ, വൻ പോലീസ് സന്നാഹത്തിലാണ് ഗവർണറെ പ്രധാന കവാടത്തിലൂടെ ഗസ്റ്റ് ഹൗസിൽ എത്തിച്ചത്.

അതേസമയം, എസ്എഫ്‌ഐ പ്രവർത്തകർ സർവകലാശാലാ കവാടത്തിനുമുന്നിൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഗവർണറെ ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിക്കില്ലെന്നും പോലീസിനെ ഉപയോഗിച്ച് എസ്എഫ്‌ഐയുടെ പ്രതിഷേധം തകർക്കാൻ കഴിയില്ലെന്നുംഎസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗവർണർ എത്തുന്നതിനു മുമ്പേ ഗവർണർ ഗോ ബാക്ക് ബാനറുമായി ഗസ്റ്റ് ഹൗസിനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉൾപെടെയുള്ളവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഡിസംബർ 18ന് ഉച്ചക്ക് 2.30 ന് കാലിക്കറ്റ് സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ നടക്കുന്ന സനാതന ധർമപീഠത്തിന്റെ സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണർ ക്യാമ്പസിൽ എത്തിയിരിക്കുന്നത്. നാളെ വിവാഹ ചടങ്ങുകൾ ഉൾപെടെയുള്ള ചില പരിപാടികളിലും ഗവർണർ പങ്കെടുക്കും. സർവകലാശാലാ ഗസ്റ്റ് ഹൗസിൽ തിങ്കളാഴ്ച്ച വരെ ഗവർണർ തുടരും.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്. വരുന്ന മുന്നു ദിവസങ്ങളിലും ക്യാംപസിലും ഗവർണറുടെ സഞ്ചാരപാതയിലും പൊലീസ് സുരക്ഷ ഉണ്ടാകും. ഗവർണർക്കും പഴ്സനൽ സ്റ്റാഫിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമേ തിങ്കളാഴ്ച്ച വരെ നിലവിൽ ഗസ്റ്റ് ഹൗസിൽ പ്രവേശനമുണ്ടാവുകയുള്ളു.