Connect with us

kerala liquor policy

സർക്കാർ കുടിപ്പിക്കുകയാണ്

ഏത് ഹീനമാർഗം ഉപയോഗിച്ചും ധന സമ്പാദനം നടത്തുക എന്നുള്ളതാണ് സർക്കാറിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് കേരളത്തിലെ ജനങ്ങൾ മുഴുവൻ മദ്യപാനികൾ ആകട്ടെ എന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ ഉദാരമായ മദ്യനയം. സിവിൽ സപ്ലൈസ് കോർപറേഷനിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുകയില്ല. എന്നാൽ കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യം ലഭിക്കും. ഇതെന്ത് നയമാണ്?

Published

|

Last Updated

ർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടുകയും കള്ളു ഷാപ്പുകളെ കേരള ടോഡി എന്ന പേരിൽ ബ്രാൻഡ് ചെയ്യുകയും വിനോദ സഞ്ചാര മേഖലകളിലെ റിസോർട്ടുകളിൽ കേരള ടോഡി വിൽക്കാൻ അനുമതി നൽകുകയും ചെയ്യുമെന്ന് നയത്തിൽ പറയുന്നു. ബിവറേജ് കോർപറേഷനും കൺസ്യൂമർഫെഡും 250 മദ്യ ഷാപ്പുകൾകൂടി തുറക്കും. കള്ളിനെ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ബിയർ വിൽപ്പന അനുവദിക്കും. ബാറുകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കും. ഇങ്ങനെ പോകുന്നു നയത്തിലെ മറ്റിനങ്ങൾ. മദ്യോത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മലബാർ ഡിസ്റ്റലറിയിൽ ഈ വർഷം തന്നെ ഉത്പാദനം ആരംഭിക്കുമെന്നും എക്‌സൈസ് മന്ത്രി പ്രസ്താവിച്ചിരിക്കുന്നു.

നിലവിലുണ്ടായിരുന്ന മദ്യനയത്തിൽ മദ്യവർജനം ഒരു പ്രധാന പ്രഖ്യാപനമായിരുന്നു. അതിനുവേണ്ടി സംസ്ഥാനതലത്തിൽ തന്നെ പ്രചണ്ഡമായ പ്രചാരണ പരിപാടികൾ നടത്തുകയും ചെയ്തു. അങ്ങനെയാണെങ്കിൽ ഈ പുതിയ മദ്യനയം വന്നതോടെ മദ്യവർജനം ഉപേക്ഷിച്ചുവെന്നാണോ മനസ്സിലാക്കേണ്ടത്. ധൂർത്തും അഴിമതിയും മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക നില ആകെ തകരാറിലായിരിക്കുന്നു. മറ്റെവിടെ നിന്നും കടം വാങ്ങാനുള്ള സാധ്യതയും ഇല്ലാതായിരിക്കുന്നു. ഈ അവസരത്തിൽ ഏത് ഹീനമാർഗം ഉപയോഗിച്ചും ധന സമ്പാദനം നടത്തുക എന്നുള്ളതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് കേരളത്തിലെ ജനങ്ങൾ മുഴുവൻ മദ്യപാനികൾ ആകട്ടെ എന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ ഉദാരമായ മദ്യനയം. സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ മദ്യപാനികളാക്കുന്ന ഒരു നയവുമായാണ് സർക്കാർ വന്നിരിക്കുന്നത്. സിവിൽ സപ്ലൈസ് കോർപറേഷനിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുകയില്ല. എന്നാൽ കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യം ലഭിക്കും. ഇതെന്ത് നയമാണ്?
മദ്യപാനികളുടെ സമനില തെറ്റുന്നതിന്റെ ഫലമായി എത്രയെത്ര അനിഷ്ട സംഭവങ്ങളാണ് ഇപ്പോൾ തന്നെ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടുതൽ പേരെ കുടിയൻമാരാക്കുമ്പോൾ ഭാവി എന്താകും? വിനോദസഞ്ചാരികളെ ആകർഷിക്കണമെങ്കിൽ മദ്യ ഉത്പാദനം വർധിപ്പിക്കണം എന്നതാണ് സർക്കാറിന്റെ പുതിയ കണ്ടുപിടിത്തം. സത്യത്തിൽ സ്വസ്ഥമായ വിനോദ സഞ്ചാരം തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. ജനങ്ങൾകുടുംബസമേതം ശല്യം ഇല്ലാതെ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പതിയ നയപ്രകാരം ബിയർ വിൽപ്പന നടത്താൻ അനുവാദം കൊടുക്കുകയാണ്. എന്ത് തല തിരിഞ്ഞ നയമാണ് സർക്കാറിന്റെത്. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും അനുവാദം നൽകാമെങ്കിൽ തട്ടുകടകളിലൂടെ മദ്യ വിൽപ്പന നടത്താമല്ലോ. അതും നല്ല വരുമാന മാർഗമല്ലേ. പണമുണ്ടാക്കാൻ എന്തുമാകാമെന്ന നിലയിലേക്ക് സർക്കാർ അധഃപതിച്ചിരിക്കുന്നു.

സംസ്ഥാനത്തെ ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാൻ കൂടി സർക്കാർ തീരുമാനിച്ചിരിക്കുന്നു. നിലവിൽ ഷാപ്പുകളിൽ പോയി മദ്യപിക്കുന്നവർക്ക് ഒരു അപകർഷതാബോധം ഉണ്ടായിരുന്നു. നക്ഷത്ര പദവി ഷാപ്പുകൾക്ക് ലഭിക്കുന്നതോടെ ആ അപകർഷതാബോധം മാറ്റിയെടുത്ത് ബാറുകളിൽ പോയി മദ്യപിക്കുന്നത് പോലെ നക്ഷത്ര പദവിയുള്ള ഷാപ്പുകളിൽ പോയി മദ്യപിക്കാനുള്ള അവസരം ലഭിക്കുകയും അങ്ങനെ ഷാപ്പിൽ പോയി മദ്യപിക്കുന്നവരുടെ സ്റ്റാറ്റസ് ഉയർത്താനും സാധിക്കും. നോക്കൂ. ആളുകളെ കുടിപ്പിച്ച് കിടത്തി വരുമാനം കൂട്ടാനുള്ള ഓരോരോ പരിപാടികൾ. ബാറുകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കാൻ തീരുമാനമെടുത്തത് നല്ല കാര്യമാണ്. പക്ഷേ, അത് പുതിയത് തുടങ്ങുന്നത് കുറവൊന്നുമുണ്ടാക്കില്ല. കാരണം മദ്യപാനികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ പണം സുഖമായി ഈടാക്കാമല്ലോ.
ഡീസലിനും പെട്രോളിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് കൃത്യമായി പെൻഷൻ കൊടുക്കാൻ വേണ്ടിയെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അതുപോലെ പുതിയ മദ്യനയത്തിലും ന്യായീകരണം വരും. വൃദ്ധജനങ്ങളുടെ പെൻഷൻ കുടിശ്ശിക തീർക്കുന്നതിന് വേണ്ടിയാണ് മദ്യ ഉത്പാദനം വർധിപ്പിച്ചതെന്നുമാകും പ്രചാരണം. അങ്ങനെ ബാർ ഉടമകളെയും ഷാപ്പ് ഉടമകളെയും അവിടെയുള്ള തൊഴിലാളികളെയും സന്തോഷവാന്മാരാക്കുന്ന നയമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ബാർ ലൈസൻസ് വാങ്ങിക്കൊടുക്കുന്നതിനും ഷാപ്പുകൾക്ക് നക്ഷത്ര പദവി ലഭിക്കുന്നതിനും ഇടനിലക്കാരുടെ സഹായം ഇന്നത്തെ സാഹചര്യത്തിൽ കൂടിയേ തീരൂ. അങ്ങനെയാകുമ്പോൾ ഇടനിലക്കാരുടെ സാമ്പത്തിക സ്ഥിതിയും വർധിക്കാൻ ഇടയാകും. ആരാണ് ഇടനിലക്കാർ എന്നല്ലേ ആലോചിക്കുന്നത്. അതിന് നിലവിൽ തന്നെ സംവിധാനം ഉണ്ട്.

മദ്യപാനം മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ സർക്കാറിന്റെ പരിഗണനയിലേ ഇല്ലെന്ന് തോന്നുന്നു. അതൊക്കെ പറയുന്നവർ വെറും വിഡ്ഢികൾ. മദ്യവർജനത്തിനായി സംസാരിക്കുന്നവർ അപഹസിക്കപ്പെടുകയാണ്. വരുമാന വർധനവ് ഉണ്ടാകുമെന്ന് കണ്ടാൽ ഇനിയും മദ്യമൊഴുക്കും. ഇനിയും മദ്യ ലഭ്യത ഉദാരമാക്കും. മദ്യത്തിന് അടിപ്പെട്ടവരുടെ കൂട്ടത്തിലേക്ക് കൂടുതൽ പേർ വന്നു കൊണ്ടേയിരിക്കുന്നതിനാൽ വില കൂട്ടുന്നതിന് ഒരു പ്രശ്‌നവുമില്ലല്ലോ. എത്ര വേണമെങ്കിലും നികുതിയും കൂട്ടാം. കേരളത്തിലെ ജനങ്ങൾക്ക് ശാരീരികമായും മാനസികമായും എന്ത് സംഭവിച്ചാലും മദ്യ ഉത്പാദനവും മദ്യ വിൽപ്പനയും വർധിക്കുകയും അതുവഴി സർക്കാറിന്റെ ഖജനാവ് നിറയുകയും ചെയ്യും.

എന്ത് വലിയ വിരോധഭാസമാണ് ഇവിടെ നടക്കുന്നത്. മദ്യപാനം മൂലം മാനസിക നില തകരാറിലാകുന്നവർ തികച്ചും അപകടകാരികളാണ്. അവർ എന്ത് കടുംകൈയും ചെയ്യും. കുടുംബത്തിലായാലും പൊതുസ്ഥലത്തായാലും അതാണ് സ്ഥിതി. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. സ്വാഭാവികമായും നിയമവാഴ്ച തകരും. ക്രസമാധാന നില വഷളാകും. പുതിയ നയം ഈ സ്ഥിതിവിശേഷം കൂടുതൽ ഗുരുതരമാക്കും. അപ്പോൾ ക്രമസമാധാന പാലനത്തിന് കൂടുതൽ ചെലവിടാൻ സർക്കാർ തയ്യാറാകേണ്ടി വരും. കൂടുതൽ പോലീസ് വേണം. മറ്റ് സംവിധാനങ്ങൾ വേണം. ഇതിനൊക്കെ പണം വേണം. മദ്യത്തിൽ കിട്ടിയത് അങ്ങനെ പോയിക്കിട്ടും. എന്നാൽ കൂടുതൽ പോലീസുകാരെ നിയമിക്കുമ്പോൾ അനുഭാവികളായ കുറെ ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടുമല്ലോ എന്നാണ് ചിന്തയെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
മദ്യവ്യാപനം സൃഷ്ടിക്കുന്ന ആരോഗ്യ ആഘാതത്തെ കുറിച്ച് മനസ്സിലാകാൻ ഒരു ഗവേഷണത്തിന്റെയും ആവശ്യമില്ല. തൊഴിൽ ശേഷി പൂർണമായി ഉപയോഗിക്കാനാകാത്ത വിധം ഉറക്കം തൂങ്ങി സമൂഹത്തെയാകും മദ്യപാനാസക്തി സൃഷ്ടിക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ രംഗത്ത് സർക്കാർ ഇടിച്ചു തള്ളേണ്ട പണം മാത്രം കണക്കിലെടുത്താൻ ഈ കളിയിലെ “ലാഭ’മെത്രയെന്ന് മനസ്സിലാകും. തൊഴിൽ ശേഷിയിലെയും കാര്യക്ഷമതയിലെയും നഷ്ടങ്ങൾ വേറെയും. ഇന്ന് കിട്ടുന്ന നികുതി വരുമാനം ലാക്കാക്കി ഒരു ജനതക്ക് മേൽ അനാരോഗ്യവും ഭ്രാന്തും അടിച്ചേൽപ്പിക്കുകയാണ്.

എന്തായാലും ഇനി മദ്യവർജനം പറഞ്ഞു സർക്കാറിനോട് ആഭിമുഖ്യമുള്ള ആരും വരികയില്ല എന്നാണ് വിശ്വാസം. അതോടെ മദ്യവർജനം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ തന്നെ അതിന്റെ ശവസംസ്‌കാരം നടത്തി മറ്റ് കർമങ്ങളും നടത്തിയിരിക്കുന്നു. അതുകൊണ്ട് മദ്യവർജനം എന്നെന്നേക്കുമായി നമ്മളിൽ നിന്ന് വിട്ടുപോയിരിക്കുന്നു. മദ്യവർജനം പറഞ്ഞ് ഇനി ജനങ്ങളെ വിഡ്ഢികളാക്കാൻ സംസ്ഥാന സർക്കാർ വരരുത് എന്നൊരു അപേക്ഷ മാത്രമാണ് മുന്നോട്ട് വെക്കാനുള്ളത്.

മുന്‍ എം എല്‍ എ