Connect with us

Kerala

കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ അട്ടിമറി നീക്കം തുടര്‍ന്ന് സര്‍ക്കാര്‍

വിചാരണയ്ക്കുള്ള സ്‌റ്റേ 27 വരെ നീട്ടി

Published

|

Last Updated

കൊച്ചി | സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നവംബര്‍ 27 വരെ നീട്ടി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബഷീറിന്റെ ഭാര്യ നല്‍കിയ ഹരജിയില്‍ കൂടുതല്‍ നിയമ വശങ്ങള്‍ തേടുന്നതിന് സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച കേസ് അടുത്ത മാസം 27ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. അതുവരെ തിരുവനന്തപരും അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കേണ്ട വിചാരണയുടെ സ്റ്റേയും ജസ്റ്റിസ് സി ജയചന്ദ്രന്‍ നീട്ടുകയായിരുന്നു.

കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നിരന്തരമായ ശ്രമങ്ങള്‍ ഇന്നും കോടതിയില്‍ മറനീക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലിക്ക് പകരം സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി നായരാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ നിയമനം നിരസിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിലെ ഫയലുകളും രേഖകളും ഹാജരാക്കാന്‍ നേരത്തെ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സീല്‍ ചെയ്ത കവറിലാണ് അനൂപ് വി നായര്‍ രേഖകള്‍ ഹാജരാക്കിയത്.

രഹസ്യസ്വഭാവമുള്ള രേഖകളാണ് മുദ്രവച്ച കവറില്‍ ഹാജരാക്കാറുള്ളത്. മുദ്രവച്ച കവറില്‍ ഹാജരാക്കുന്ന വിവരങ്ങള്‍ ഹരജിക്കാരിയുടെ അഭിഭാഷകര്‍ക്ക് പരിശോധനയ്ക്ക് ലഭിക്കില്ല. പ്രോസിക്യൂഷന്റെ ഈ നീക്കത്തെ ജസീലക്കു വേണ്ടി ഹാജരാകുന്ന അഡ്വ. രവികൃഷ്ണന്‍ ചോദ്യം ചെയ്തു. മുദ്രവച്ച കവറിലെ രേഖകളുടെ ആധികാരികത പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം നിലപാടെടുത്തു. ഇതോടെ തുറന്ന കോടതിയില്‍ മാത്രമേ രേഖകള്‍ പരിശോധിക്കാന്‍ കഴിയൂവെന്ന് ജസ്റ്റിസ് സി ജയചന്ദ്രന്‍ വ്യക്തമാക്കി.

അഡ്വ. എ സന്തോഷ് കുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നതാണെന്നും പിന്നീട് ഇതില്‍ നിന്ന് പിന്‍മാറി സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ബഷീറിന്റെ ഭാര്യ ജസീല ഹരജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സന്തോഷ് കുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാന്‍ ഒരു മാസം സമയം അനുവദിച്ച് ഇത് സംബന്ധിച്ച ഹരജി ഹൈക്കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു. എന്നാല്‍, ഈ നിലപാടില്‍ നിന്ന് ചുവടു മാറ്റിയ സര്‍ക്കാര്‍, നിലവില്‍ കേസ് കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചകളില്ലാത്ത സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പിന്നീട് നിലപാടെടുക്കുകയായിരുന്നു.

Content Highlights: High Court extends stay on trial of KM Basheer murder case till November 27. Government seeks more time regarding special public prosecutor appointment. Court states documents must be examined in open court.

Latest