Connect with us

Eranakulam

കാട് വളരുന്നു; വൻ നഗരങ്ങളിലും

• പത്ത് വർഷത്തിനിടെ 68 ചതുരശ്ര കി. മീ. വർധന • ഏഴ് മഹാ നഗരങ്ങളിലായി 509.72 ചതുരശ്ര കി. മീറ്റർ വനം

Published

|

Last Updated

കൊച്ചി | കാടും മലയും പുഴയും വെട്ടിപ്പിടിച്ച് പരിസ്ഥിതി നശീകരണം നിർബാധം തുടരുന്നതിനിടയിലും ആശ്വാസം പകർന്ന് വന സർവേ. രാജ്യത്തെ ഏഴ് മഹാ നഗരങ്ങളിലായി 509.72 ചതുരശ്ര കി. മീറ്റർ വനമുണ്ടെന്നാണ് ഫലം. പത്ത് ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന മുംബൈ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ നഗരങ്ങളും അതിവേഗം വളരുന്ന അഹമ്മദാബാദ്, ഹൈദരാബാദ് നഗരങ്ങളെയുമാണ് വൻ നഗരങ്ങളായി പരിഗണിച്ച് സർവേ നടത്തിയത്.

രാജ്യത്തിന്റെ വനവൃക്ഷ സമ്പത്ത് വിലയിരുത്തുന്നതിന് വേണ്ടി ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ് എസ് ഐ) തയ്യാറാക്കിയ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. വൻ നഗരങ്ങളിൽ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ വന മേഖലയുള്ളത്. 194.24 ചതുരശ്ര കി. മീറ്റർ. ഇത് നഗരങ്ങളുടെ മൊത്തം ഭൂമി ശാസ്ത്രപരമായ പ്രദേശത്തിന്റെ 10.21 ശതമാനമാണ്. മുംബൈയിൽ 110.77 ചതുരശ്ര കി. മീറ്ററും ബെംഗളൂരുവിൽ 89.02 ചതുരശ്ര കി.മീറ്ററും വനങ്ങളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ നഗരങ്ങളിലെ വനമേഖലയിൽ 68 ചതുരശ്ര കി. മീറ്റർ വർധനവാണുണ്ടായത്. ഹൈദരബാദിൽ 146 ശതമാനം (48.66 ചതുരശ്ര കി.മീ.) വനം വർധിച്ച് 81.81 ചതുരശ്ര കി. മീറ്ററായി. 2011ലെ കണക്കെടുപ്പിൽ 33.15 ചതുരശ്ര കി. മീറ്ററായിരുന്നു. ഡൽഹിയിൽ 19.91 ചതുരശ്ര കി. മീറ്റർ വർധനവാണുണ്ടായത്. എന്നാൽ അഹമ്മദാബാദിൽ 8.55 ചതുരശ്ര കി. മീറ്ററും ബെംഗളൂരുവിൽ 4.98 ചതുരശ്ര കി. മീറ്ററും വനമേഖല നഷ്ടപ്പെട്ടു.

രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനം വരുന്ന 80.9 ദശലക്ഷം ഹെക്ടറാണ് വനവും മരങ്ങളും. 17 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വനമേഖലയുടെ കാര്യത്തിൽ 33 ശതമാനത്തിന് മുകളിലാണ്. ഇതിൽ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖലയുള്ളത്. മരങ്ങൾ, കണ്ടൽ കാടുകൾ ഇന്ത്യൻ വനങ്ങളിലെ കാർബൺ സ്റ്റോക്ക്, കാട്ടുതീ നിരീക്ഷണം, കടുവ സംരക്ഷണ മേഖലകളിലെ വനമേഖല എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിലുണ്ട്. വനവിസ്തൃതിയിൽ വർധന കാണിക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശും തെലങ്കാനയും ഒഡീഷയുമാണ്. പ്രാദേശിക അടിസ്ഥാനത്തിൽ മധ്യപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വനമുള്ളത്.