Prathivaram
ആ ജീവിതയാത്രയില്‍ വിരിഞ്ഞ അക്ഷരപ്പൂക്കള്‍
കൃത്യനിഷ്ഠയും ജാഗ്രതയും കൈമുതലായിരുന്ന ആ പിതാവ് ആര്‍ദ്രമായിരുന്ന ഹൃദയത്തിനുടമയായിരുന്നുവെങ്കിലും കരളുറപ്പ് ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം അത് പ്രകടിപ്പിക്കുകയും ചെയ്തു. വസൂരിക്കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും അപകട മുഖങ്ങളിലെ കൈമെയ് മറന്നുള്ള സേനവങ്ങളുടെയും മയ്യിത്ത് പരിപാലനത്തിന്റെയും ഓര്‍മയില്‍ ആ കരളുറപ്പ് തെളിയുന്നുണ്ട്.
മണ്ണില്‍ പണിയെടുത്ത് വിയര്‍ത്ത് വിളയിച്ച് ഉണ്ണുകയും ഊട്ടുകയും ചെയ്ത് കുടുംബത്തിനു താങ്ങും തണലുമായി നിന്ന ഒരു സാധാരണ ഗൃഹനാഥന്‍ പരലോകത്തേക്ക് യാത്രയായിരിക്കുന്നു. മരണാനന്തരം ആ പിതാവിനെക്കുറിച്ചുള്ള മകന്റെ ഓര്‍മകള്‍ കതിര്‍ക്കനം തൂങ്ങിനില്‍ക്കുന്ന പാടം പോലെ എല്ലാവരുടെയും ഉള്ളില്‍ ഒരു നിറവ് സൃഷ്ടിക്കുന്നുവെങ്കില്‍ ആ പിതാവിന്റെ ജീവിതം അസാധാരണത്വത്തിന്റെ വിളനിലമായിരിക്കണം. നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുവോ? നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത് ? അതോ നാമാണോ മുളപ്പിക്കുന്നവന്‍?..സൂറതുല്‍ വാഖിഅ:യിലെ അല്ലാഹുവിന്റെ കല്‍പ്പനയായിരുന്നു ആ ഉപ്പയുടെ ജീവിതത്തെ നയിച്ചത്. എപ്പോഴും ഒരു തൈ നടാന്‍ കൊതിച്ച ആ ഉപ്പയുടെ ജീവിതത്തിന്റെ ഹരിതാഭയായിരുന്നു ആ വചനങ്ങള്‍.
പുളിക്കല്‍ പറവൂര്‍ എറിയാട്ട് ദുറുസ്സഖാഫയില്‍ സൈദുട്ടി ഹാജി എന്ന ദൈവ ഭയമുണ്ടായിരുന്ന ഒരു ഗ്രാമീണന്‍ 87 -ാമത്തെ വയസ്സില്‍ മിഴിപൂട്ടുമ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യപ്പെട്ടിയില്‍ പടച്ചവന്റെ സന്നിധിയിലേക്കുള്ള യാത്രക്കായി കരുതിവെച്ച അനേകം അമൂല്യ ശേഖരം ഉണ്ടായിരുന്നു. തന്റെ പുത്രന്മാരിലൂടെ കുടുംബ ജീവിതത്തില്‍ ആത്മീയമായൊരു പരമ്പര സൃഷ്ടിച്ച് അതിനിടയില്‍ അപാരമായ നിര്‍വൃതിയോടെ പരിലസിച്ച് കണ്ണടക്കാന്‍ കഴിഞ്ഞതായിരുന്നു ആ ജീവിതം.
പണ്ഡിത ശ്രേഷ്ഠരുടെ സഹചാരിയും പണ്ഡിത സ്‌നേഹിയുമായിരുന്ന അദ്ദേഹം മക്കളെ പണ്ഡിതരാക്കണമെന്ന് ആഗ്രഹിച്ചു. ആ ഉപ്പയുടെ മക്കളും മരുമക്കളും പേരമക്കളുമൊക്കെയായി ഇരുപത്തിയഞ്ചിലേറെ പണ്ഡിതരും മത വിദ്യാര്‍ഥികളുമുള്ള കുടുംബത്തിന്റെ നാഥനായി അദ്ദേഹം ജീവിച്ചു. ആ അദമ്യമമായ ആത്മീയ നിര്‍വൃതിയോടെ അദ്ദേഹം മിഴിപൂട്ടി.
വാഹന സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് പാതിരാ വഅളുകള്‍ക്കായി പണ്ഡിതരെ അനുഗമിച്ചു പോകാറുണ്ടായിരുന്ന ആ കാലത്ത് പണ്ഡിതരോടൊപ്പം തിരികെയെത്തി അവരെ വീട്ടിലേക്ക് യാത്രയാക്കുമ്പോള്‍ ആ സാധാരണ മനുഷ്യന്‍ പണ്ഡിതരോട് തന്റെ മക്കള്‍ക്കുവേണ്ടി ദുആ ഇരക്കാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഒരു പാതിരാത്രിയില്‍ മർഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരെ കൊണ്ട് മക്കള്‍ക്കുവേണ്ടി ദുആ ഇരപ്പിച്ച കഥ ഹൃദയ സ്പൃക്കായി കുറിച്ചിരിക്കുന്നു മകന്‍ തന്റെ “ഉപ്പയോര്‍മ’യില്‍.
പണ്ഡിതശ്രേഷ്ഠരുടെ പ്രാര്‍ഥനകളെല്ലാം സഫലമായതിന്റെ ആത്മീയ നിര്‍വൃതിയോടെയായിരുന്നു ആ പിതാവിന്റെ ജന്നത്തിലേക്കുള്ള യാത്ര. പിതാവിന്റെ മരണദിനം മുതല്‍ 42 ദിവസങ്ങളിലായി മകന്‍ മുഹമ്മദ് പറവൂര്‍ തന്റെ ഫേസ്്ബുക്ക് പേജില്‍ കുറിച്ച “ഉപ്പയോര്‍മകള്‍’ അനേകരെ ആകര്‍ഷിച്ചു. ഒരു ഗ്രാമ്യ ജീവിതത്തില്‍ വിളക്കുമാടം പോലെ നിന്ന പ്രവാചക സ്‌നേഹിയുടെ ജീവിതമായിരുന്നു ആ കുറിപ്പുകള്‍. “മക്കളെ പൊതു സമൂഹത്തില്‍ സമര്‍പ്പിച്ചതിന്റെ ഫലം പറവൂര്‍ മഹല്ല് പള്ളിപ്പറമ്പിലെ മീസാങ്കല്ലുകള്‍ക്കു കീഴെ ഈറനുണങ്ങാത്ത ഖബറകത്ത് ഏകനായി ശയിച്ച് പൊന്നുപ്പ മതിവരുവോളം ആസ്വദിക്കുന്നുണ്ടാവണം’ എന്ന് ആ മകന്‍ കുറിക്കുമ്പോള്‍ ആരുടെയും കണ്ണുകള്‍ നനയും.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂര്‍, സമസ്ത: ഓഫീസ് സെക്രട്ടറി അബൂബക്കര്‍ സഖാഫി പറവൂര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റും ജാമിഅ മർകസ് മുദർരിസുമായ കുഞ്ഞുമുഹമ്മദ് സഖാഫി, പൊന്മുണ്ടം മുദര്‍രിസും കാരിമുക്ക് മഹല്ല് ഖാസിയുമായ അബ്ദുർറഹീം സഖാഫി, കുഴിമണ്ണ മേല്‍മുറി ഖത്വീബ് ഉമറലി സഖാഫി എന്നീ ആണ്‍മക്കളെല്ലാം ആത്മീയ ജ്ഞാനത്തിന്റെ വഴികളില്‍ തിളങ്ങുന്നവരായി. തനി നാടന്‍ കര്‍ഷകനായിരുന്ന ഒരു മനുഷ്യന്‍ വലിയ ആഗ്രഹങ്ങളുടെയും പ്രാര്‍ഥനയുടേയും സാക്ഷാത്കാരമായിരുന്നു മക്കളിലൂടെ കരഗതമാക്കിയത്.
പറവൂര്‍ മഹല്ല് ഭാരവാഹി, മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി, ഇലാഹിയ്യ മദ്‌റസ സെക്രട്ടറി, മസ്ജിദുത്തഖ്‌വ പ്രസിഡന്റ്, എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തില്‍ സാധ്യമായ തരത്തിലെല്ലാം അദ്ദേഹം ആത്മീയ പ്രവര്‍ത്തനങ്ങളുടെ വഴിയേ സഞ്ചരിക്കുകയും ചെയ്തു.
ആദര്‍ശ ധീരനായ ഒരു മഹല്ല് കാരണവരായി അദ്ദേഹം ദീര്‍ഘകാലം പരിലസിച്ചു. നവതിയോടടുക്കുമ്പോഴും വായനയിലൂടെ അദ്ദേഹം ജീവിതത്തെ കൂടുതല്‍ അടുത്തറിഞ്ഞു. ഖുര്‍ആന്‍ പാരായണവും പത്രവായനയും അദ്ദേഹം മുടക്കിയില്ല.
കൃത്യനിഷ്ഠയും ജാഗ്രതയും കൈമുതലായിരുന്ന ആ പിതാവ് ആര്‍ദ്രമായിരുന്ന ഹൃദയത്തിനുടമയായിരുന്നുവെങ്കിലും കരളുറപ്പ് ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം അത് പ്രകടിപ്പിക്കുകയും ചെയ്തു. വസൂരിക്കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും അപകട മുഖങ്ങളിലെ കൈമെയ് മറന്നുള്ള സേനവങ്ങളുടെയും മയ്യിത്ത് പരിപാലനത്തിന്റെയും ഓര്‍മയില്‍ ആ കരളുറപ്പ് തെളിയുന്നുണ്ട്.
ഏഴാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ട ഒരാള്‍ കൃഷിപ്പണിയും മണ്ണുപണിയും മരമില്ലിലെ കഠിനാധ്വാനവും കൊണ്ട് ജീവിതം കെട്ടിപ്പടുത്ത കഥ പറയുമ്പോള്‍ കണ്ണിലും മനസ്സിലും നനവ് പടരും. ഇല്ലായ്മ ആരെയും അറിയിക്കാതെ ഉള്ളതില്‍ നിന്ന് ദാനം ചെയ്തുകൊണ്ടുള്ള ജീവിതം. ചെറുപ്പത്തിലെ ചോര നീരാക്കി സമ്പാദ്യം ഉണ്ടാക്കിയതും അങ്ങനെ വാങ്ങിയ മണ്ണ് വിറ്റ് മക്കളെ കെട്ടിച്ചതും ബാക്കിയുള്ള ഭൂമി മക്കൾക്ക് നീക്കി വെച്ചതുമെല്ലാം അദ്ദേഹം എഴുതുന്നു. മക്കള്‍ക്കായി നാല് വീടുകള്‍ പടുക്കാന്‍ ഉപ്പ നിര്‍വഹിച്ച മേല്‍നോട്ടത്തിന്റെ കഥയിലും ആ കര്‍മ കുശലത വ്യക്തമാകുന്നു.
ഉപ്പ ഒരു ബഹുസ്വര സമൂഹത്തില്‍ ഇടപഴകി ജീവിച്ചതിന്റെ സ്നേഹമസൃണമായ അനുഭവങ്ങള്‍ ആ കുറിപ്പിനെ സമ്പുഷ്ടമാക്കുന്നു. കാമര വേലായുധന്‍ എന്ന പിതാവിന്റെ ചങ്ങാതി വീട്ടില്‍ വരുന്നതും അദ്ദേഹം കൈയില്‍ കരുതുന്ന ലോസഞ്ചര്‍ മിഠായി തിന്നുന്നതും കരിതേച്ച കോലായിൽ അദ്ദേഹം വര്‍ത്തമാനം പറഞ്ഞിരിക്കുന്നതും ഒരു കുഞ്ഞുമനസ്സിന്റെ ഓര്‍മയിലൂടെ ഇഴപിരിയുന്നു. ഉപ്പയുടെ കൂട്ടുകാരായിരുന്ന കുന്നത്ത് ബാലേട്ടനും ഓലശ്ശേരി ചോയിയും അപ്പുക്കുട്ടനും ആണ്ടിയും അപ്പുട്ടിയും ചായക്കച്ചവടക്കാരന്‍ കൃഷ്ണനുമെല്ലാം ചേര്‍ന്ന ആ ജീവിതത്തിന്റെ സൗഹൃദ വലയം ഇവിടെ ദൃശ്യമാകുന്നു.
മരമില്ലിലെ പണിയിലൂടെ ഉപ്പ ആര്‍ജിച്ച കണക്കുകൂട്ടല്‍ വിദ്യയുടെ അപാരമായ ശേഷിയെക്കുറിച്ചും മകന്‍ ഓര്‍ത്തെടുക്കുന്നു.
പഴഞ്ചൊല്ലും ഫലിതങ്ങളും ആപ്ത വാക്യങ്ങളും കുശലവും ചേര്‍ത്ത പിതാവിന്റെ സംസാരം എത്ര കേട്ടാലും മതിവരില്ല. സംഭവ ബഹുലമായ ആ ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങള്‍ മക്കളിൽ വലിയ പ്രചോദനമായി നിലകൊണ്ടു.
ഒരു സാധാരണ മനുഷ്യന്‍ ആത്മീയ ബലം കൊണ്ട് സൃഷ്ടിച്ചെടുത്ത വ്യക്തിത്വ വിശേഷം അനാവരണം ചെയ്യുന്ന മകന്റെ കുറിപ്പുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറി അനേകര്‍ വായിച്ചു.
അവര്‍ മകന്റെ കണ്ണിലൂടെ ഒരു പിതാവിന്റെ സഫലമായ ജീവിതം ദര്‍ശിച്ചു. എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ച് ഒടുക്കം പടച്ച തമ്പുരാന്റെ സവിധത്തിലേക്കുള്ള ആ യാത്രയുടെ നിമിഷങ്ങളും മകന്‍ കുറിക്കുന്നു. പേരക്കുട്ടികളുടെ വിവാഹങ്ങളില്‍ സംബന്ധിച്ച് കുടുംബബന്ധത്തിന്റെ സാധ്യമായ ചാരുത മുഴുവന്‍ അനുഭവിച്ച് അവസാന മിടിപ്പിലും സ്രഷ്ടാവിനെക്കുറിച്ചുള്ള സ്തുതികള്‍ ഉരുവിട്ടുകൊണ്ടുള്ള മിഴിപൂട്ടല്‍…അന്ത്യയാത്രയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദ് ഉൾപ്പെടെ പണ്ഡിതനിരയുടെയും വൻജനാവലിയുടെയും സാന്നിധ്യം ആ പിതാവിന്റെ ആത്മീയ ജീവിതം സഫലമായതിന്റെ ദൃഷ്ടാന്തമായിരുന്നു. ആ ഉപ്പയുടെ സ്വർഗീയ യാത്രയില്‍ ഖബര്‍ പൂന്തോപ്പിലെ മനോഹര പുഷ്പങ്ങളായി മകന്റെ അക്ഷരക്കൂട്ടങ്ങൾ വിടർന്ന് പരിലസിക്കുന്നു.

