Connect with us

Articles

എല്ലാവരുടേതുമാകണം പെരുന്നാള്‍

നാഥന്റെ പുരസ്‌കാരം ലഭിക്കുന്ന പെരുന്നാള്‍ ദിവസത്തെ ഏറെ ആഹ്ലാദത്തോടെയാണ് ലോകത്തെല്ലായിടങ്ങളിലുമുള്ള വിശ്വാസികള്‍ സ്വീകരിക്കാറുള്ളത്. എല്ലാ ഭവനങ്ങളിലും ഈ ദിവസം സന്തോഷമുണ്ടാകണം. കഷ്ടപ്പാടിന്റെ നെരിപ്പോടുകളില്‍ നീറുന്ന ആരും നമ്മുടെ അറിവില്‍ ഇല്ലെന്നുറപ്പ് വരുത്തണം.

Published

|

Last Updated

ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാള്‍. വ്രതനാളുകളുടെ പൂര്‍ത്തീകരണം കഴിഞ്ഞ് തെളിച്ചമുള്ള ഹൃദയവുമായാണ് പെരുന്നാളിലേക്ക് കടക്കുന്നത്. റമസാന്‍ ഉണ്ടാക്കിയെടുത്ത എല്ലാ ആധ്യാത്മിക വിശുദ്ധിയും പെരുന്നാളില്‍ പൊലിമയോടെ വിശ്വാസികളുടെ ഹൃദയങ്ങളില്‍ നിറയണം. അഥവാ അല്ലാഹു തൃപ്തിപ്പെടുന്ന വിധത്തിലാകണം പെരുന്നാള്‍ ആഘോഷം. അല്ലാതിരുന്നാല്‍, നിറംകെട്ട ആഘോഷമാകും അത്. റമസാന്‍ രൂപപ്പെടുത്തിയ ആത്മീയ ശേഷിപ്പുകള്‍ കൊഴിഞ്ഞുപോകാനും നിമിത്തമാകും.

ഒരു നബിവചനം ഇങ്ങനെയാണ്. ഈദുല്‍ ഫിത്വ്്ര് ആഗതമായാല്‍ വഴികളില്‍ മലക്കുകളുടെ സാന്നിധ്യം ഉണ്ടാകും. എന്നിട്ടവര്‍ വിളിച്ചുപറയും. മുസ്ലിം സമുദായമേ, നിങ്ങള്‍ അത്യുദാരനായ രക്ഷിതാവിലേക്ക് സഞ്ചരിക്കുക. അവന്‍ നന്മകളാല്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. വലിയ ഉപഹാരം നിങ്ങള്‍ക്ക് തരാനൊരുങ്ങുന്നു. നിങ്ങളോട് അവന്‍ രാത്രി നിസ്‌കരിക്കാന്‍ കല്‍പ്പിച്ചു. നിങ്ങള്‍ അത് പ്രവര്‍ത്തിച്ചു. പകല്‍ വ്രതമനുഷ്ഠിക്കാന്‍ പറഞ്ഞു. അതും നിങ്ങള്‍ നിര്‍വഹിച്ചു. രക്ഷിതാവിനെ നിങ്ങള്‍ അനുസരിച്ചു. അതുകൊണ്ട് നിങ്ങള്‍ക്കുള്ള പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ നിങ്ങള്‍ ഒരുങ്ങുക. നിങ്ങള്‍ക്കവന്‍ മഹത്തായ മാപ്പ് സമ്മാനിച്ചിരിക്കുന്നു. നിങ്ങള്‍ ആമോദത്തോടെ സ്വന്തം സത്രങ്ങളിലേക്ക് നീങ്ങുക. ഇത് സമ്മാന സുദിനമാകുന്നു. ആകാശലോകത്ത് ഈ ദിനത്തിന്റെ നാമം തന്നെ പുരസ്‌കാര ദിനം (യൗമുല്‍ ജാഇസ) എന്നാകുന്നു (ത്വബ്റാനി).

നാഥന്റെ പുരസ്‌കാരം ലഭിക്കുന്ന പെരുന്നാള്‍ ദിവസത്തെ ഏറെ ആഹ്ലാദത്തോടെയാണ് ലോകത്തെല്ലായിടങ്ങളിലുമുള്ള വിശ്വാസികള്‍ സ്വീകരിക്കാറുള്ളത്. എല്ലാ ഭവനങ്ങളിലും ഈ ദിവസം സന്തോഷമുണ്ടാകണം. കഷ്ടപ്പാടിന്റെ നെരിപ്പോടുകളില്‍ നീറുന്ന ആരും നമ്മുടെ അറിവില്‍ ഇല്ലെന്നുറപ്പ് വരുത്തണം. വിഷമമനുഭവിക്കുന്നവരെയെല്ലാം സഹായിക്കണം. എല്ലാവരുടേതുമാകണം പെരുന്നാള്‍. തിരുനബി(സ)യുടെ പെരുന്നാള്‍ അങ്ങനെയായിരുന്നു. ഒരു വിശ്വാസി പോലും ആ ദിവസം കഷ്ടപ്പെടരുത് എന്ന് തീര്‍ച്ചപ്പെടുത്തുമായിരുന്നു മുഹമ്മദ് നബി(സ).

വിശുദ്ധ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടര്‍ത്തുമെന്ന ഉറച്ച തീരുമാനമാകണം പെരുന്നാളിന്റെ സന്തോഷങ്ങളില്‍ പ്രധാനം. മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുന്ന പ്രവൃത്തികള്‍ എന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന്, അരുതായ്മകള്‍ക്കും തട്ടിപ്പുകള്‍ക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ലെന്ന് നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തില്‍ പാലിക്കുകയും വേണം. ആഡംബര ജീവിതം മുന്നില്‍ കണ്ട് നിയമം ലംഘിച്ചും അനുവദനീയമല്ലാത്ത മാര്‍ഗത്തിലൂടെയും ധനം സമ്പാദിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ ഏറി വരികയാണ്. സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത ജനങ്ങള്‍ ഏറി വരുന്നുണ്ടെന്നത് നാം ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. ജീവിത വിശുദ്ധി എന്നത് റമസാനില്‍ മാത്രം ഒതുങ്ങാതെ ജീവിതമാകെ ശീലിക്കാന്‍ നാം ഉത്സാഹിക്കണം. സമൂഹത്തില്‍ നാം ഇടപെടുന്ന എല്ലാ മേഖലയിലും ആരും നമ്മെ കുറിച്ച് മോശം പറയുന്ന അവസ്ഥ ഉണ്ടാകരുത്. അല്ലാഹുവിന് തൃപ്തികരമായ ജീവിതം നയിച്ചാല്‍ ജനങ്ങള്‍ക്കും നമ്മോട് തൃപ്തിയും മതിപ്പും വരും. ഹൃദയ വിശുദ്ധി പോലെ പ്രധാനമാണ് സാമ്പത്തിക ശുദ്ധിയും. നന്മകളെയും സ്വസ്ഥമായ സാമൂഹിക ജീവിതത്തെയും വിശ്വാസത്തെയും നശിപ്പിക്കുന്ന അധാര്‍മിക പ്രവണതകള്‍ വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ അത്തരം സാമൂഹിക വിപത്തുകളെ തടയിടാന്‍ ആഘോഷ വേളകള്‍ നാം ഉപയോഗപ്പെടുത്തണം.

അല്ലാഹു പറഞ്ഞ പ്രകാരം വ്രതമെടുത്ത വിശ്വാസികള്‍ക്ക് പെരുന്നാള്‍ പുരസ്‌കാര ദിനമാണ് എന്ന് പറഞ്ഞല്ലോ. പുരസ്‌കാര ദിനത്തില്‍ ഏറ്റവും ബഹുമാന്യമായ, വിനയാന്വിതമായ സമീപനമാണ് നമ്മില്‍ നിന്നുണ്ടാകേണ്ടത്. കുടുംബങ്ങളുമായും അയല്‍വാസികളുമായും ബന്ധം ദൃഢപ്പെടുത്താന്‍ പെരുന്നാള്‍ നിദാനമാകണം. ചുറ്റുമുള്ള എല്ലാ വീടുകളിലും പോകണം. പരസ്പര സ്നേഹാഭിവാദ്യങ്ങള്‍ നടത്തണം. പ്രായമായവരെ പ്രത്യേകം പരിഗണിച്ച് കുശലാന്വേഷണങ്ങള്‍ ഉണ്ടാകണം. രോഗികള്‍ക്ക് നമ്മുടെ സമീപനങ്ങള്‍ കൊണ്ട് ആശ്വാസം പകരാന്‍ കഴിയണം.

ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള നിര്‍ബന്ധ ബാധ്യതയായി നല്‍കേണ്ട ‘ഫിത്വ്്ര് സകാത്ത്’ എന്ന ദാനകര്‍മത്തിലേക്ക് ചേര്‍ത്തിയാണല്ലോ ഈദുല്‍ ഫിത്വ്്ര് എന്ന് ഈ ആഘോഷത്തെ നാം വിളിക്കുന്നത്. തനിക്കും തന്റെ ആശ്രിതര്‍ക്കും താമസം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയവക്കുള്ള ചെലവുകള്‍ കഴിഞ്ഞ് ബാക്കി ധനം കൈയിലുള്ള ആരെല്ലാം ഉണ്ടോ, അവരെല്ലാം നിശ്ചിത കണക്ക് പ്രകാരം നല്‍കുന്ന ദാനമാണിത്. ഫിത്വ്്ര് സകാത് നോമ്പുകാരന് പിഴവുകളില്‍ നിന്നുള്ള ശുദ്ധീകരണവും പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണവുമാണെന്ന് തിരുനബി പഠിപ്പിക്കുന്നതായി കാണാം. നമ്മുടെ സമ്പത്തില്‍ നിന്നുള്ള, നമ്മെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന നിര്‍ബന്ധ ദാനമെന്നാണ് ഖുര്‍ആനും ഇതേ കുറിച്ച് പറയുന്നത്. വലിയ ഒരു ആഘോഷത്തിന്റെ പേരിനു പിന്നില്‍ പോലുമുള്ള ഈ കര്‍മം നോക്കൂ, വിശക്കുന്നവന് ഭക്ഷണം കൊടുക്കാനുള്ള ആഹ്വനമാണത്. ഭക്ഷ്യവസ്തു തന്നെ ദാനമായി നല്‍കണമെന്ന നിബന്ധനയും ശ്രദ്ധേയമാണ്. ഒരു മാസക്കാലം വിശപ്പ് എന്താണെന്ന് അറിഞ്ഞവരാണ് നമ്മള്‍. ആ ബോധ്യത്തില്‍ നിന്ന് നാം ദാനം നല്‍കുമ്പോള്‍ ഈ ആരാധനകളുടെയെല്ലാം ബാഹ്യവും ആന്തരികവുമായ ലക്ഷ്യങ്ങള്‍ സഫലീകരിക്കപ്പെടുന്നു. അന്നേ ദിനം ആരും പട്ടിണി കിടക്കരുതെന്ന മതത്തിന്റെ പൊതു താത്പര്യം കൂടിയാണ് ഇതിനു പിന്നില്‍.

അതോടൊപ്പം മറ്റു ദാന ധര്‍മങ്ങളും ധാരാളം ചെയ്യണം. ‘സ്വദഖ’ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മങ്ങളില്‍ ഒന്നാണ്. ധനവും വസ്ത്രവും ഭക്ഷ്യ വസ്തുക്കളുമെല്ലാം സ്വദഖയായി നല്‍കാവുന്നതാണ്. നമുക്കുള്ളതില്‍ നിന്ന് ഒരു ഭാഗം അപരനും പകുത്തുനല്‍കി സഹജീവിയുടെ നൊമ്പരം കാണാന്‍ കഴിയുന്നവനാകണം വിശ്വാസി. ഏറ്റവും നല്ല ദാനധര്‍മം, മറ്റാരും അറിയാതെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കലാണ്. വലതുകൈ കൊടുക്കുന്നത് ഇടതുകൈ പോലും അറിയാത്ത വിധത്തില്‍ എന്ന സന്ദേശത്തിലൂടെ അതിന്റെ സ്വകാര്യതയെ സൂചിപ്പിക്കുന്ന തിരുനബി(സ), ഉന്നതമായ പ്രതിഫലമാണ് അത്തരം വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പരലോകത്ത് സ്വര്‍ഗീയ പ്രവേശം എളുപ്പമാക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ദാനധര്‍മം. പെരുന്നാളില്‍ ഈ കര്‍മം അധികരിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.

റമസാന്‍ മാസം ഏറ്റവും നന്നായി ജീവിതത്തില്‍ പ്രതിഫലിച്ച വിശ്വാസികളെ കുറിച്ച് പണ്ഡിതന്മാര്‍ നല്‍കുന്ന സൂചന റമസാനില്‍ കൈവരിച്ച ആത്മീയ വിശുദ്ധിയും നന്മയും പെരുന്നാളിന് ശേഷമുള്ള അവരുടെ ജീവിതത്തിലും സവിശേഷമായി പ്രകടമാകും എന്നാണ്. അതിനാല്‍, നോമ്പും പെരുന്നാളും ജീവിതത്തിന്റെ ഒരു പുതിയ ക്രമീകരണം നമ്മില്‍ സാധ്യമാക്കണം. ഈ ദിനത്തിലെ പ്രാര്‍ഥനക്ക് വലിയ പ്രാധാന്യമുണ്ട്. രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളിയിലെത്തുന്ന വിശ്വാസികള്‍ സ്നേ ഹാഭിവാദ്യങ്ങള്‍ക്കൊപ്പം പ്രാര്‍ഥനകള്‍ പങ്കുവെക്കണം. കഴിഞ്ഞ പെരുന്നാളുകളില്‍ നമ്മുടെ കൂടെ ഉണ്ടായിരുന്ന വിടപറഞ്ഞ പ്രിയപ്പെട്ടവരെയും ഗുരുനാഥരെയും അനുസ്മരിക്കണം.

പെരുന്നാള്‍ നല്‍കുന്ന സന്ദേശങ്ങളെല്ലാം മനുഷ്യരെ നവീകരിക്കാനുള്ളതാണ്. ഓരോരുത്തരും ആവുന്നിടത്തോളം മനസ്സ് നന്നാക്കി സമൂഹത്തില്‍ ഇടപെട്ടാല്‍ എത്ര സുന്ദരമായിരിക്കും നമ്മുടെ ഈ ഭൂമി. പരസ്പരം വിനയം കാണിക്കാനും ബഹുമാനിക്കാനും വിട്ടുവീഴ്ച ചെയ്യാനും ത്യജിക്കാനും മനസ്സുകാണിച്ചാല്‍ എത്രയെത്ര പ്രശ്നങ്ങള്‍ ഇല്ലാതാകും. കനപ്പിച്ച് തമ്മില്‍ തമ്മില്‍ നോക്കാതെ നടക്കുന്ന എത്ര മുഖങ്ങളില്‍ പുഞ്ചിരി വിടരും. അകറ്റി നിര്‍ത്തിയ എത്ര മനുഷ്യര്‍ ഒന്നിച്ചുപുണരും. കേവലം പുതുവസ്ത്രത്തിലും മികച്ച വിഭവങ്ങളിലും അലങ്കാരങ്ങളിലും മാത്രം ഒതുങ്ങാതെ മനസ്സുകളില്‍ പുതുമ സൃഷ്ടിച്ച്, മനസ്സുകളെ പ്രകാശിപ്പിച്ച് ചുറ്റുമുള്ളവര്‍ക്കെല്ലാം വെട്ടം വിതറാന്‍ പ്രശ്നങ്ങളൊരുപാടുള്ള ഈ ചുറ്റുപാടില്‍ നമുക്ക് സാധിക്കട്ടെ. നോമ്പുകാലത്ത് നാം നിര്‍വഹിച്ച സത്കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയും കൂടുതല്‍ ഹൃദയ വിശുദ്ധിയുള്ളവരായി ജീവിക്കാന്‍ നമുക്ക് സൗഭാഗ്യം നല്‍കുകയും ചെയ്യട്ടെ, ആമീന്‍.

 

Latest