Connect with us

From the print

നോട്ടീസ് ലഭിച്ച ഇ കെ വിഭാഗം നേതാവിന് ഉന്നത പദവി

ഇ കെ സമസ്തക്ക് കീഴിലുള്ള മദ്റസാ അധ്യാപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റായാണ് നോട്ടീസ് ലഭിച്ച ഡോ. ബഹാഉദ്ദീന്‍ നദ്വിയെ അവരോധിച്ചത്.

Published

|

Last Updated

കോഴിക്കോട് | നേതൃത്വത്തെ വെല്ലുവിളിച്ചതിന് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ച നേതാവിന് ഇ കെ വിഭാഗത്തില്‍ ഉന്നത പദവി. ഇ കെ സമസ്തക്ക് കീഴിലുള്ള മദ്റസാ അധ്യാപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റായാണ് നോട്ടീസ് ലഭിച്ച ഡോ. ബഹാഉദ്ദീന്‍ നദ്വിയെ അവരോധിച്ചത്.

കഴിഞ്ഞ ദിവസം ഇ കെ സമസ്തക്കും പ്രസിഡന്റ് ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുമെതിരെ അദ്ദേഹം പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇ കെ സമസ്തക്കും മുഖപത്രത്തിനും നയവ്യതിയാനമുണ്ടായെന്ന് പരസ്യമായി വിമര്‍ശിക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയോടെയെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് വിവാദമായതിന് പിന്നാലെ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചു. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ജൂണ്‍ അഞ്ചിന് ഇ കെ സമസ്ത മുശാവറ യോഗത്തില്‍ വിശദീകരണം നല്‍കുമെന്ന് പ്രതികരിക്കുകയായിരുന്നു.
വിശദീകരണം തൃപ്തികരമാണോ അല്ലയോ എന്ന് പോലും ഇ കെ വിഭാഗം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് സംഘടനയില്‍ വീണ്ടും ഉന്നത പദവി നല്‍കിയത്.

അതേസമയം, ഇ കെ വിഭാഗത്തിലെ ലീഗ് വിരുദ്ധരെ ലക്ഷ്യം വെക്കുന്നതായി ആരോപണമുയരുന്നുണ്ട്. ലീഗിന് അനഭിമതരായവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നതായാണ് പറയുന്നത്. കഴിഞ്ഞ ദിവസം സത്താര്‍ പന്തല്ലൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇത്തരത്തില്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിന് പുറമെ എസ് കെ എസ് എസ് എഫ് വയനാട് മുട്ടില്‍ യൂനിറ്റ് കമ്മിറ്റി പുറത്തുവിട്ട വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മുസ്്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖലി തങ്ങള്‍ ജിഫ്രി തങ്ങളെ സ്വീകരിക്കുമ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി അവഗണിക്കുന്ന വീഡിയോയാണിത്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest