National
പശ്ചിമ ബംഗാളില്‍ രണ്ട് നഴ്‌സുമാര്‍ക്ക് നിപ സ്ഥിരീകരിച്ചു; ഗുരുതരാവസ്ഥയില്‍
ഇരുവര്‍ക്കും എവിടെനിന്നാണ് വൈറസ് ബാധിച്ചത് എന്നതില്‍ വ്യക്തതയില്ലെന്നും ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണെന്നും എന്‍സിഡിസി
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള രണ്ട് നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരേയും ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കഴിഞ്ഞ പത്തുദിവസമായി ചികിത്സയില്‍ തുടരുന്ന നഴ്‌സുമാര്‍ നിലവില്‍ വെന്റിലേറ്ററിലാണ്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഡിസംബര്‍ പകുതിയോടെ നാദിയാ ജില്ലയിലുള്ള വീട്ടിലേക്ക് പോയിവന്നതിനുപിന്നാലെയാണ് നഴ്‌സായ യുവതിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. പിന്നാലെ സഹപ്രവര്‍ത്തകനായ പുരുഷ നഴ്‌സിനും രോഗലക്ഷണങ്ങള്‍ കണ്ടു. ഇരുവര്‍ക്കും എവിടെനിന്നാണ് വൈറസ് ബാധിച്ചത് എന്നതില്‍ വ്യക്തതയില്ലെന്നും ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണെന്നും എന്‍സിഡിസി അറിയിച്ചു.രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും കടുത്ത നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.



